Connect with us

From the print

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: സമവായ ശ്രമവുമായി കേന്ദ്രം

ചര്‍ച്ചകള്‍ക്ക് മൂന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല.

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതില്‍ സമവായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷവുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി മൂന്ന് കേന്ദ്ര മന്ത്രിമാരെ നിയോഗിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.

വിഷയത്തില്‍ പ്രതിപക്ഷം വഴങ്ങില്ലെന്നു കണ്ടാലും ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും തുടര്‍ന്ന് ആവശ്യമെങ്കില്‍ സമവായം രൂപവത്കരിക്കുന്നതിനായി സംയുക്ത പാര്‍ലിമെന്ററി സമിതിക്ക് വിടുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ചുരുങ്ങിയത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും ആവശ്യമായതിനാല്‍ എന്‍ ഡി എ കക്ഷികള്‍ മാത്രം വിചാരിച്ചാല്‍ ബില്ല് പാര്‍ലിമെന്റ് കടക്കില്ല. എന്നിട്ടും ബില്ലുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാനുള്ള ആലോചനകള്‍ കോണ്‍ഗ്രസ്സും ആരംഭിച്ചു. ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ഇന്ത്യ സഖ്യം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ നീക്കം പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. വിഷയത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ വിയോജിപ്പുമായി എത്തുമെന്നാണ് ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നത്.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെ നേരത്തേ അനുകൂലിച്ച ബിജു ജനതാദള്‍ ഇപ്പോള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്‍ ഡി എ സഖ്യത്തില്‍ നിന്നുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ അനുകൂല സമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയാല്‍ ജെ ഡി യു, ടി ഡി പി കക്ഷികള്‍ വിയോജിപ്പുമായി രംഗത്തെത്തുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതി ആവശ്യമായതിനാല്‍ പാര്‍ലിമെന്റിന്റെ രണ്ട് സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടണം.

പിന്തുണച്ച് മുന്‍ ചീഫ് ജസ്റ്റിസുമാര്‍
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന് അനുകൂലമായ നിലപാടുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി കൂടിയാലോചിച്ച നാല് മുന്‍ ചീഫ് ജസ്റ്റിസുമാരാണ് പദ്ധതി നടപ്പാക്കുന്നതിനെ പിന്തുണച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, രഞ്ജന്‍ ഗൊഗോയ്, എസ് എ ബോബ്ഡെ, യു യു ലളിത് എന്നിവരാണ് സമിതിയുമായി കൂടിയാലോചന നടത്തുകയും രേഖാമൂലമുള്ള പ്രതികരണങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തത്. എല്ലാവരും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിനുള്ള പിന്തുണ അറിയിച്ചു.