Connect with us

Articles

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: വ്യാജ ആശ്വാസങ്ങള്‍ ജനാധിപത്യത്തെ രക്ഷിക്കില്ല

നിലവിലുള്ള നിയമങ്ങളെ മാനിച്ചുകൊണ്ട് തന്നെ നടപ്പാക്കാവുന്ന അഡ്ജസ്റ്റ്മെന്റുകളെ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവഗണിക്കുന്ന ഒരു ഭരണകൂടമാണിപ്പോള്‍ തിരഞ്ഞെടുപ്പുകളെ ഒറ്റ ഘട്ടമായി ചുരുക്കാനൊരുങ്ങുന്നത്. അതിന് പറയുന്ന ന്യായം രാജ്യത്തിന്റെ പുരോഗതിയും. സത്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് അജന്‍ഡകളുടെ അട്ടിമറിയാണ്.

Published

|

Last Updated

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് 2014 മുതല്‍ മോദിയും ബി ജെ പിയും നിരന്തരമായി പറഞ്ഞ് കൊണ്ടിരിക്കുന്ന അജന്‍ഡയാണ്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കുകയും, ആ റിപോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നു. ഇത് നടപ്പാക്കുന്നതിനുള്ള ന്യായമായി പറയപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുമ്പോള്‍ ചെലവ് കുറയും. രണ്ട്, ഇടക്കിടെ തിരഞ്ഞെടുപ്പ് വരികയും അപ്പോഴൊക്കെ പെരുമാറ്റച്ചട്ടം നടപ്പാകുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല.

ഇതില്‍ ഒന്നാമത്തെ ചെലവ് ചുരുക്കല്‍ വാദം പരിശോധിക്കാം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥരും വോട്ടിംഗ് മെഷീനുകളും വേണ്ടിവരും. അവ സജ്ജീകരിക്കാനായി പതിനായിരം കോടിയോളം രൂപ വേണ്ടിവരുമെന്ന് ഇതിനകം വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇനി പെരുമാറ്റച്ചട്ടവും അതുമൂലമുണ്ടാകുന്ന ഭരണ പ്രതിസന്ധിയും മറികടക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്ന്, തിരഞ്ഞെടുപ്പ് പരമാവധി ഒറ്റഘട്ടമായി നടത്തുക. അത് സാധ്യമല്ലാത്തിടത്ത് ഘട്ടങ്ങളുടെ എണ്ണം കഴിയുന്നത്ര കുറക്കുക. ഓരോ ഘട്ടങ്ങള്‍ക്കും ഇടയിലുള്ള ഇടവേളകള്‍ ചുരുക്കുക. ഇതുവഴി പെരുമാറ്റച്ചട്ടം ബാധകമാകുന്ന കാലയളവ് ചുരുക്കാനും അതുമൂലമുണ്ടാകുന്ന ഭരണസ്തംഭനം ഒഴിവാക്കാനും പറ്റും. വികസിത രാജ്യങ്ങളിലെല്ലാം ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ അതിന്റെ ഫലവും വരും. രണ്ട്, നിയമസഭയുടെ കാലാവധി കഴിയുന്നതിന് ആറ് മാസം മുമ്പേ തന്നെ തിരഞ്ഞെടുപ്പ് നടത്താനും കാലാവധി കഴിഞ്ഞ സഭകള്‍ക്ക് ആറ് മാസം വരെ അത് നീട്ടി നല്‍കാനും നിലവിലുള്ള നിയമം തന്നെ അനുവദിക്കുന്നതിനാല്‍ ഒരു വര്‍ഷം നടക്കേണ്ട മുഴുവന്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാകും. അതുവഴി ഒരു വര്‍ഷം തന്നെ രണ്ടും മൂന്നും തവണ പെരുമാറ്റച്ചട്ടം നടപ്പാകുന്നത് ഒഴിവാക്കാനാകും.

പക്ഷേ, തിരഞ്ഞെടുപ്പിന്റെ ദൈര്‍ഘ്യം കുറക്കുന്ന കാര്യത്തില്‍ വിപരീത ദിശയിലാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി 49 ദിവസം നീണ്ടുനിന്ന പ്രക്രിയയായിരുന്നു. രാജ്യം സ്വതന്ത്രമായതിന് ശേഷം ആദ്യമായി നടന്ന 1952ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. 1957 മുതലുള്ള മുഴുവന്‍ തിരഞ്ഞെടുപ്പുകളും ഇതിനേക്കാള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ദൈര്‍ഘ്യത്തിന് കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്, സുരക്ഷാ പ്രശ്നങ്ങളും ഉദ്യോഗസ്ഥ ക്രമീകരണത്തിനു വേണ്ട സമയവുമൊക്കെ ആയിരുന്നു. അത് ഒരു കാരണമായി അംഗീകരിക്കുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ 1957ലേതിനേക്കാള്‍ പിറകിലാണ് നാമിന്നുള്ളത് എന്ന് സമ്മതിക്കേണ്ടി വരും. അപ്പോള്‍ യഥാര്‍ഥ കാരണം അതല്ല.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം മഹാരാഷ്ട്രയിലെയും ഝാര്‍ഖണ്ഡിലെയും തിരഞ്ഞെടുപ്പുകള്‍ കൂടി നടത്താമായിരുന്നു. കഴിഞ്ഞ തവണ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നതുമാണ്. പക്ഷേ നിലവില്‍ ഈ നാല് സംസ്ഥാനങ്ങളിലും ബി ജെ പി വലിയ തോതില്‍ രാഷ്ട്രീയ വെല്ലുവിളി നേരിടുന്നതിനാലും ഇവിടങ്ങളിലെ ഫലത്തിന് ദേശീയ പ്രാധാന്യമുള്ളതിനാലും ബി ജെ പി നേതൃത്വത്തിന് ഓരോയിടത്തും പ്രത്യേകം ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് അതിന് തടസ്സമാണ്. അതുകൊണ്ട് നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലാക്കി.

നിലവിലുള്ള നിയമങ്ങളെ മാനിച്ചുകൊണ്ട് തന്നെ നടപ്പാക്കാവുന്ന അഡ്ജസ്റ്റ്മെന്റുകളെ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവഗണിക്കുന്ന ഒരു ഭരണകൂടമാണിപ്പോള്‍ തിരഞ്ഞെടുപ്പുകളെ ഒറ്റ ഘട്ടമായി ചുരുക്കാനൊരുങ്ങുന്നത്. അതിന് പറയുന്ന ന്യായം രാജ്യത്തിന്റെ പുരോഗതിയും. സത്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് അജന്‍ഡകളുടെ അട്ടിമറിയാണ്. രാജ്യത്തൊരിടത്തും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്സഭാ തിരഞ്ഞെടുപ്പിലോ ചര്‍ച്ച ചെയ്ത കാര്യങ്ങളല്ല തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. മാസങ്ങളുടെ ഇടവേളയില്‍ നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരസ്പര വിരുദ്ധമായ ഫലങ്ങള്‍ നല്‍കിയ സംസ്ഥാനങ്ങള്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലുമുണ്ടായിട്ടുണ്ട്. ചര്‍ച്ചാ വിഷയങ്ങളുടെ വൈവിധ്യമാണ് ഇത്തരം വിരുദ്ധ ഫലങ്ങളുണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ തിരഞ്ഞെടുപ്പുകളെ ഒരുമിച്ചാക്കുമ്പോള്‍ ഇത്തരം വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് അവസരം നഷ്ടപ്പെടുന്നു. കേന്ദ്രീകൃതമായി നിശ്ചയിക്കപ്പെട്ട അജന്‍ഡകളില്‍ ചര്‍ച്ചകള്‍ ഒതുക്കപ്പെടുന്നു. നിലവില്‍ തന്നെ ഭക്ഷ്യ സുരക്ഷ, തൊഴില്‍, ദാരിദ്ര്യം, വിദ്യാഭ്യാസം പോലുള്ള മര്‍മപ്രധാന പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് പുറത്താണ്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുമ്പോള്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ നിന്ന് കൂടി ഇത്തരം അജന്‍ഡകള്‍ ഒഴിവാക്കപ്പെടും. അതിനു പുറമേ, ഓരോ സംസ്ഥാനത്തിന്റെയും പ്രാദേശിക പ്രശ്നങ്ങള്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കാതെ പോകും. പകരം ‘ദേശീയ’ വിഷയങ്ങളില്‍ ചര്‍ച്ച കേന്ദ്രീകരിക്കും. അതാണെങ്കില്‍ ഹിന്ദുത്വ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയതയിലൂന്നിയാകും മുന്നോട്ട് പോകുന്നത്.

ഒറ്റ തിരഞ്ഞെടുപ്പിലൂടെ ബി ജെ പി ലക്ഷ്യം വെക്കുന്ന മറ്റൊരു അട്ടിമറി, പ്രതിപക്ഷ ഐക്യം തകര്‍ക്കുക എന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മത്സരിച്ച എ എ പി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. ഇനി ഡല്‍ഹിയിലോ പഞ്ചാബിലോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇതു തന്നെയാകും അവസ്ഥ. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടേണ്ട ഈ പ്രതിസന്ധി എ എ പിക്ക് മാത്രമല്ല, സി പി എം അടക്കമുള്ള പല പാര്‍ട്ടികള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുകള്‍ വീഴും.

ഇതിനെല്ലാമിടയിലും പലരും ചൂണ്ടിക്കാണിക്കുന്ന ആശ്വാസ ഘടകം പാര്‍ലിമെന്റിലെ ബലാബലമാണ്. ഒറ്റ തിരഞ്ഞെടുപ്പ് സാധ്യമാകണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും വേണം. രാംനാഥ് കോവിന്ദ് കമ്മിറ്റി നിര്‍ദേശിച്ചത് പതിനെട്ട് ഭേദഗതികളാണ്. എന്നാല്‍ ഭരണഘടനാ ഭേദഗതിക്ക് ലോക്സഭയില്‍ 360 അംഗങ്ങളുടെയും രാജ്യസഭയില്‍ 160 അംഗങ്ങളുടെയും പിന്തുണ വേണം. പക്ഷേ, എന്‍ ഡി എയുടെ മൊത്തം അംഗസംഖ്യ എടുത്താലും യഥാക്രമം 292ഉം 112ഉം മാത്രമേ എത്തുന്നുള്ളൂ എന്നതാണ് അവരുയര്‍ത്തുന്ന ആശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്‍ സ്വന്തം അജന്‍ഡ നടപ്പാക്കാന്‍ എത്ര ജനാധിപത്യ വിരുദ്ധമായ മാര്‍ഗവും സ്വീകരിക്കാനൊരുക്കമാണെന്ന് ബി ജെ പി ഇതിനകം തെളിയിച്ചിട്ടുള്ള കാര്യം അവര്‍ മറന്ന് പോകുന്നു. ഐ പി സിക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ലോക്സഭയില്‍ വോട്ടിനിടുമ്പോള്‍ പ്രതിപക്ഷ നിരയിലെ 144 എം പിമാര്‍ സസ്പെന്‍ഷന്‍ കാരണം പുറത്തായിരുന്നു. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് 2014 മുതല്‍ ബി ജെ പിയും മോദിയും നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന സ്വപ്ന പദ്ധതിയാണ് എന്നതും മുമ്പ് കൂട്ട സസ്പെന്‍ഷന്‍ നടപ്പാക്കിയ ഓം ബിര്‍ല തന്നെയാണ് ഇപ്പോഴും സ്പീക്കര്‍ കസേരയിലുള്ളത് എന്നതും മറക്കരുത്. അതിനാല്‍ വ്യാജ ആശ്വാസങ്ങളില്‍ അഭിരമിക്കാതെ പൊരുതേണ്ടതുണ്ട്. അതിന് ആദ്യം വേണ്ടത് ഇതിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങളൊന്നും നിലവില്‍ കാണുന്നില്ല.

 

 

 

---- facebook comment plugin here -----

Latest