From the print
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ; അത്ര നിഷ്കളങ്കമല്ല ഈ ആവശ്യം
ജമ്മു കാശ്മീർ വിഭജനവും ആർട്ടിക്കിൾ 35 (എ) എടുത്തുകളയലും പൗരത്വ നിയമവും ശ്രീരാമക്ഷേത്ര നിർമാണവുമെല്ലാം ഇതിനകം യാഥാർഥ്യമായിരിക്കുന്നു. അതിന്റെ തുടർച്ചയെന്ന നിലക്ക് സംഘപരിവാർ അജൻഡയിലെ മുഖ്യപരിപാടി തന്നെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നുള്ളത്. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളാകെ ഈ ജനവിരുദ്ധനയത്തിനെതിരായി ശക്തമായി രംഗത്തുവരേണ്ട സമയമാണിത്.
പോരായ്മകളുണ്ടെങ്കിലും ലോകത്ത് പാർലിമെന്ററി ജനാധിപത്യം ഗുരുതര പരുക്കുകളില്ലാതെ തുടരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാർലിമെന്ററി ജനാധിപത്യ രാഷ്ട്രങ്ങൾക്ക് കാലങ്ങളായി ഇന്ത്യ മാതൃകയുമാണ്. ഇന്ത്യൻ പാർലിമെന്റിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഭരണഘടനാപരമായി തന്നെ കൃത്യസമയത്ത് വ്യവസ്ഥാപിതമായി തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഓരോ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത രീതിയിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ചർച്ചയാകുക. പാർലിമെന്റും നിയമസഭയും പഞ്ചായത്ത്- മുനിസിപൽ കൗൺസിലുകളുമെല്ലാം വ്യത്യസ്ത സ്വഭാവത്തോടെയായതിനാലാണ് ഈ സ്ഥിതിവിശേഷം. മൂന്ന് തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുക ഇന്ത്യൻ സാഹചര്യത്തിൽ അചിന്ത്യമാണ്. മാത്രമല്ല, അത് ഇന്ത്യൻ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെക്കലുമാകും. ഭരണഘടന തുടങ്ങുന്നതുതന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്താണ്: “ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കായി സംഘടിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ അവധാനപൂർവം തീരുമാനിച്ചിരിക്കുന്നു’. ഈ ആശയം ഭരണഘടനയിൽ പല സ്ഥലത്തും ആവർത്തിക്കുന്നു, വിശിഷ്യാ , തിരഞ്ഞെടുപ്പുകളെ പ്രതിപാദിക്കുന്ന അധ്യായങ്ങളിൽ.
ഇന്ത്യൻ ഭരണഘടനയിൽ തിരഞ്ഞെടുപ്പുകളെപ്പറ്റി ഒരു പ്രത്യേക അധ്യായം ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഭരണഘടനയിൽ നിന്ന് ഇന്ത്യൻ ഭരണഘടനക്കുള്ള ഒരു പ്രത്യേകതയാണിത്. മിക്ക ഭരണഘടനകളും തിരഞ്ഞെടുപ്പിനെ നിയമനിർമാണ സഭക്ക് തീരുമാനമെടുക്കാൻ വിടുന്ന, താരതമ്യേന അപ്രധാന വിഷയമായി കരുതുന്നു. നമ്മുടെ ഭരണഘടനാ നിർമാണസഭയാകട്ടെ, ഭരണഘടനയുടെ ഒരു അഭിവാജ്യഘടകമെന്ന നിലയിലാണ് അതിനെ കണ്ടത്. മൗലിക അവകാശങ്ങൾക്കായി രൂപവകത്കരിച്ച കമ്മിറ്റിയെ തന്നെ ഇതുസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുമതലപ്പെടുത്തി. മൗലിക അവകാശങ്ങളിലൊന്നായി തിരഞ്ഞെടുപ്പിനെ കരുതണമെന്നും സർക്കാറിന്റെ കൈകടത്തലിൽ നിന്നും രക്ഷിക്കണമെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം നൽകണമെന്നും അതിനുതകുന്ന വ്യക്തമായ വ്യവസ്ഥകൾ ചെയ്യണമെന്നും ഈ കമ്മിറ്റിയോട് ഭരണഘടനാ നിർമാണസഭ നിർദേശിക്കുകയും ചെയ്തു.
ഭരണഘടനയിലെ 327ാം അനുഛേദമനുസരിച്ച് പാർലിമെന്റിൽ സംസ്ഥാന നിയമസഭികളിലേതുൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളെയും സംബന്ധിക്കുന്ന നിയമം നിർമിക്കാനുള്ള പരമാധികാരം നിക്ഷിപ്തമായിരിക്കുന്നു. 328ാം വകുപ്പനുസരിച്ച് തിരഞ്ഞെടുപ്പ് സംബന്ധമായ ചില നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കും കൊടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ആവശ്യമായ വിശദനിയമങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് പ്രധാന വ്യവസ്ഥകൾ പാർലിമെന്റ്പാസ്സാക്കിയിട്ടുണ്ട്. ആദ്യത്തേത് 1950ലെ “റെപ്രസെന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട്’ ആണ്. അതിൽ സമ്മതിദായകരുടെ യോഗ്യതകളും സമ്മതിദായക പട്ടികകൾ തയ്യാറാക്കുന്നതിനെ സംബന്ധിച്ച വ്യവസ്ഥകളുമാണുള്ളത്. രണ്ടാമത്തെ തിരഞ്ഞെടുപ്പ് നിയമമായ 1951ലെ “റെപ്രസെന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ടി’ൽ തിരഞ്ഞെടുപ്പ് നടത്തുന്ന രീതി, പോളിംഗ് സംബന്ധിച്ച കാര്യങ്ങൾ, തർക്കങ്ങൾ, ഉപതിരഞ്ഞെടുപ്പുകൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിരവധി ഉപനിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
നിയമസഭകളിലേക്കും പാർലിമെന്റിലേക്കും ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ പറ്റിയവിധം സ്വതന്ത്രവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് നടത്തുക യഥാർഥ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്തതാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, തിരഞ്ഞെടുപ്പുകൾ പൂർണമായും നിഷ്പക്ഷബുദ്ധിയോടെ നടത്തേണ്ടതാണ്. തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനും അതിന് വേണ്ട നിർദേശങ്ങൾ നൽകാനും മേൽനോട്ടം വഹിക്കാനുമുള്ള അധികാരത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനവുമുണ്ട്.
11 വർഷം മുമ്പാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആവശ്യം ബി ജെ പി നേതാവ് എൽ കെ അഡ്വാനി ഉയർത്തിയത്. തുടർന്ന് അഞ്ച് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ഏറ്റുപിടിച്ചു. എന്നാൽ, മതിയായ പിന്തുണ ലഭിക്കാത്തതിനാൽ അദ്ദേഹം പിന്നോട്ടടിച്ചെങ്കിലും ഇന്നിപ്പോൾ അദ്ദേഹം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. അന്ന് ഇതിനുവേണ്ടി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ ആദ്യ യോഗത്തിൽ ബിജു ജനതാദൾ (ജെ ഡി യു) ഒഴികെ ആരും അനുകൂലിച്ചില്ല. അതുകൊണ്ടാണ് തത്കാലം അന്ന് ഭരണകക്ഷി പുറകോട്ട് പോയത്. അതിന് മുന്നോടിയായി രാജ്യത്ത് അഞ്ചാറ് വർഷമായി ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി.
ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് വെവ്വേറെ വോട്ടർ പട്ടികയുടെ ആവശ്യമില്ല, ഒറ്റപ്പട്ടിക തയ്യാറാക്കിയാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാം, ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്നത് വെറും ആശയം മാത്രമല്ല ഇന്ത്യക്ക് അത് അത്യാവശ്യമാണ്, മാസംതോറും എന്ന മട്ടിലുള്ള തിരഞ്ഞെടുപ്പുകൾ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു, നിയമസഭകളുടെ ഭരണസംവിധാനവും നീതിപീഠവും കൂടുതൽ ഏകോപിതമായി പ്രവർത്തിക്കണം, ദേശതാത്പര്യമാകണം ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം, ജനവും രാജ്യവുമാണ് പ്രധാനം, അതിനേക്കാൾ പ്രധാനമായി കക്ഷിരാഷ്ട്രീയം കടന്നുവരുന്നത് ദോഷം ചെയ്യും, എല്ലാം ഡിജിറ്റലാകുന്ന കാലത്ത് ഒറ്റ വോട്ടർപട്ടികക്ക് എന്താണ് തടസ്സം; തുടങ്ങിയ “നിഷ്കളങ്ക’ വാദങ്ങളാണ് മോദി മുന്നോട്ടുവെക്കുന്നത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രയോഗികമാക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ പ്രവേശിച്ചിട്ടുണ്ട്. 2029ൽ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശം നിയമ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുകയാണ്. ഇതിനായി ഭരണഘടനയിൽ പുതിയ അധ്യായം എഴുതിച്ചേർക്കുന്നതടക്കമുള്ള ഭേദഗതി നിർദേശങ്ങൾക്ക് 22ാം നിയമ കമ്മീഷൻ രൂപം നൽകി. മൂന്ന് ഭരണഘടനാ ഭേദഗതികളാണ് നിയമ കമ്മീഷൻ നിർദേശിക്കുന്നത്. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതിനായി ഭരണഘടനയിൽ പുതിയ ഒരു ഭാഗം കൂടി ചേർക്കണം. കാലാവധി പൂർത്തിയാകും മുമ്പ് സർക്കാർ വീണാൽ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ഐക്യ സർക്കാറിന് സാധ്യത ആരായുന്നതാണ് രണ്ടാം ഭേദഗതി. ഐക്യ സർക്കാർ സാധ്യമായില്ലെങ്കിൽ സർക്കാറിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് തിരഞ്ഞെടുപ്പുകൾക്കുമായി പൊതു വോട്ടർ പട്ടികക്ക് രൂപം നൽകുന്നതാണ് മൂന്നാം ഭേദഗതി. നിയമ കമ്മീഷൻ കേന്ദ്ര സർക്കാറിന് ശിപാർശകൾ കൈമാറിയില്ലെങ്കിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്കായി രൂപവത്കരിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി മുമ്പാകെ തങ്ങളുടെ ആശയങ്ങൾ വിവരിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യം വിവിധ ദേശീയതകളെ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളുടെ നാടാണ്. അതുകൊണ്ടാണ് ഭരണഘടന ഫെഡറിലസത്തിന് മുൻതൂക്കം നൽകിയത്. വിവിധ സംസ്ഥാനങ്ങളിലേയും പ്രദേശങ്ങളിലേയും ജനങ്ങൾക്ക് അവരുടെതായ പ്രത്യേകം പ്രശ്‌നങ്ങളാണുള്ളത്. വളരെ സങ്കീർണവും സജീവവുമായ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇവയെല്ലാം. ദേശീയ തിരഞ്ഞെടുപ്പുകളിലെ കാഴ്ചപ്പാടല്ല സംസ്ഥാന- പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്കുള്ളത്. ദേശീയ, സംസ്ഥാ, പഞ്ചായത്ത്- തദ്ദേശ രാഷ്ട്രീയങ്ങളും ജനകീയ ആവശ്യങ്ങളുമെല്ലാം തികച്ചും ഭിന്നമാണ്. അതുകൊണ്ടുതന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തിന് യാതൊരു നീതീകരണവുമില്ല. ഒറ്റത്തിരഞ്ഞെടുപ്പ് പ്രഖ്യാപനം ബോധപൂർവം നടത്തിയ ഒന്നാണ്. തീവ്രദേശീയതയാണ് ബി ജെ പിയെ നയിക്കുന്ന ആർ എസ് എസ് ഉയർത്തിക്കാട്ടുന്നത്. ജമ്മു കാശ്മീർ വിഭജനവും ആർട്ടിക്കിൾ 35 (എ) എടുത്തുകളയലും പൗരത്വ നിയമവും ശ്രീരാമക്ഷേത്ര നിർമാണവുമെല്ലാം യാഥാർഥ്യമായിരിക്കുന്നു. അതിന്റെ തുടർച്ചയെന്ന നിലക്ക് സംഘപരിവാർ അജൻഡയിലെ മുഖ്യപരിപാടി തന്നെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളാകെ ഈ ജനവിരുദ്ധനയത്തിനെതിരായി ശക്തമായി രംഗത്തുവരേണ്ട സമയമാണിത്.