National
ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, പാചകവാതക സിലിണ്ടറുകള്‍ക്ക് 500 രൂപയാക്കും; പ്രകടനപത്രിക പുറത്തിറക്കി ആര്‍.ജെ.ഡി
ഇരുപത്തിനാല് വാഗ്ദാനങ്ങളാണ് ആര്‍.ജെ.ഡിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പട്‌ന|ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ആര്‍.ജെ.ഡി. ഇരുപത്തിനാല് വാഗ്ദാനങ്ങളാണ് ആര്‍.ജെ.ഡിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ തേജസ്വി യാദവാണ് പ്രകടനപത്രികയായ പരിവര്‍ത്തന്‍ പത്ര പുറത്തിറക്കിയത്.
ബിഹാറിന് പ്രത്യേക പദവി നല്‍കും, തൊഴിലില്ലായ്മ ഇല്ലാതാക്കി ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സംസ്ഥാനത്ത് പഴയ പെന്‍ഷന്‍ പദ്ധതി തിരിച്ച് കൊണ്ടുവരും, പാചകവാതക സിലിണ്ടറുകള്‍ക്ക് 500 രൂപയാക്കും, രക്ഷാബന്ധന് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ കൊടുക്കും, അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കും എന്നിവയാണ് ആര്‍.ജെ.ഡിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ ബിഹാറിലെ പൂര്‍ണിയ, ഭഗല്‍പൂര്‍, മുസാഫര്‍പൂര്‍, ഗോപാല്‍ഗഞ്ച്, റക്സൗള്‍ എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഏഴ് ഘട്ടങ്ങളിലായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയാണ് ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക.