National
ഒരു കോടി രൂപ നല്‍കണം; നടി തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലി ഖാന്‍
താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഹരജിയിലെ ആരോപണം.

ചെന്നൈ| സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതികരണത്തില്‍ നടി തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ചെന്നൈ കോടതിയിലാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തത്. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മൂന്ന് പേരും തന്നെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് മന്‍സൂര്‍ അലിഖാന്റെ ആവശ്യം. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഹരജിയിലെ ആരോപണം.
ലിയോ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്‍ നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്നുമാണ് തൃഷ എക്സില്‍ കുറിച്ചത്. സംഭവം വിവാദമാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതോടെ വിഷയത്തില്‍ നടന്‍ മാപ്പ് പറഞ്ഞിരുന്നു. നടന്റെ വിവാദ പ്രസ്താവനയില്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചു.