Connect with us

Kerala

വിരമിക്കാന്‍ ഒരു ദിവസം ബാക്കി; ഐ എം വിജയന് പോലീസില്‍ സ്ഥാനക്കയറ്റം

മലപ്പുറം എം എസ് പിയില്‍ അസ്സിസ്റ്റൻ്റ് കമാന്‍ഡൻ്റായ ഐ എം വിജയനെ ഡെപ്യൂട്ടി കമാന്‍ഡൻ്റൻ്റായാണ് നിയമിച്ചത്

Published

|

Last Updated

മലപ്പുറം | വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് പോലീസ് സേനയില്‍ സ്ഥാനക്കയറ്റം. മലപ്പുറം എം എസ് പിയില്‍ അസ്സിസ്റ്റന്റ് കമാന്‍ഡന്റായ ഐ എം വിജയനെ ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് നിയമിച്ചത്. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചത്. . സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു.

ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെങ്കിലും ഉയര്‍ന്ന തസ്തികയിലെ ആനുകൂല്യങ്ങള്‍ ലഭിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ദിനത്തിലാണ് പോലീസ് ഐ എം വിജയന്റെ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

1987ലാണ് ഐ എം വിജയന്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പോലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയെങ്കിലും 1992ല്‍ പോലീസില്‍ തിരിച്ചെത്തി. 1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്‌സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും ചുമതലയേറ്റ വിജയന്‍ 2006ലാണ് പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങി എ എസ് ഐ ആയി തിരികെ പോലീസില്‍ പ്രവേശിച്ചത്. 2021ല്‍ എം എസ് പി അസ്സിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും നല്‍കി ഐ എം വിജയനെ രാജ്യം ആദരിച്ചിരുന്നു.

 

Latest