house collapses
പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് ഒരു മരണം
വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന 13കാരനാണ് മരിച്ചത്

എറണാകുളം | പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ 13കാരന്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. വീട്ടില്‍ ഉറങ്ങുകയായിരുന്ന കാവില്‍തോട്ടം മനയില്‍ ഹരിനാരായണന്‍ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ചനെയാണ് പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂര്‍ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയില്‍ വീട് ഇടിഞ്ഞ് താഴന്നത്. അപകട സമയത്തു ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ഒരാള്‍ മുകളിലെ നിലയിലും ബാക്കിയുള്ളവര്‍ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു.
അപകടമുണ്ടായതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു അഗ്‌നിരക്ഷാസേന എത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരും പോലീസുമെല്ലാം ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു ദിവസമായി മഴയുണ്ടായിരുന്നതിനാല്‍ ഭിത്തി ഇരുന്നതാണെന്നു കരുതുന്നു.
വീട് ഇടിഞ്ഞ് താഴ്ന്ന സംഭവത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ പെരുമ്പാവൂര്‍ തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടി. തകര്‍ന്ന കെട്ടിടത്തിന്റെ അടിത്തറ താഴേക്ക് പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിശദ പരിശോധനക്ക് റവന്യൂവകുപ്പിലെ പ്രത്യേക സംഘമെത്തും. വീട് നിര്‍മാണത്തിലെ അപാകതയാണോ തകര്‍ച്ചക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്.