Connect with us

Uae

ഒരു ദിര്‍ഹം=22.86 രൂപ; രൂപയുടെ വിനിമയ മൂല്യം സര്‍വകാല തകര്‍ച്ചയില്‍

ഒരു ദിര്‍ഹത്തിന് 22.86 രൂപ ലഭിക്കും. ഇത് 30 രൂപയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍.

Published

|

Last Updated

ദുബൈ | ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിനിമയ മൂല്യം സര്‍വകാല തകര്‍ച്ചയില്‍. ഒരു ദിര്‍ഹത്തിന് 22.86 രൂപ ലഭിക്കും. ഇത് 30 രൂപയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

എണ്ണവിലയിലെ സമീപകാല കുതിപ്പും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ആളുകള്‍ വിദേശ വിപണിയിലേക്ക് മാറുന്നതുമാണ് പ്രധാന കാരണം. ഡോളറിന് 84 രൂപയില്‍ കൂടുതലായിട്ടുണ്ട്. രൂപയുടെ മൂല്യം 84.07 ആയിരുന്നു ഇന്നലെ ഉച്ചക്ക്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഇടപെട്ടില്ലെങ്കില്‍ ഇടിവ് പ്രതിരോധിക്കാന്‍ പറ്റില്ല.

കഴിഞ്ഞ രണ്ട് മാസമായി ആര്‍ ബി ഐയുടെ ആവര്‍ത്തിച്ചുള്ള ഇടപെടലുകള്‍ രൂപയെ 84 ലെവലിന് മുകളില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. രൂപക്കെതിരായ കനത്ത വാതുവെപ്പ് ഒഴിവാക്കാന്‍ ആര്‍ ബി ഐ ബേങ്കുകള്‍ക്ക് അനൗപചാരിക നിര്‍ദേശം നല്‍കി.
രണ്ടാഴ്ച മുമ്പ് സമാന സ്ഥിതി ആയിരുന്നു. മധ്യ പൗരസ്ത്യ മേഖലയിലെ സംഘര്‍ഷം എണ്ണവില ഉയര്‍ത്തി. വിദേശികള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് പണം പിന്‍വലിക്കുന്ന പ്രവണതയുമുണ്ടായി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ കൈയൊഴിയുകയുമാണ്. അതേസമയം, അസംസ്‌കൃത എണ്ണ വില ഒക്ടോബറില്‍ പത്ത് ശതമാനത്തിലധികം ഉയര്‍ന്നു.

കയറ്റുമതി മാന്ദ്യത്തിനൊപ്പം ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായ വര്‍ധന, ആഗസ്റ്റില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി പത്ത് മാസത്തെ ഏറ്റവും ഉയര്‍ന്ന 2,300 കോടി ഡോളറിലെത്തിച്ചിട്ടുണ്ട്.

 

Latest