Connect with us

Travelogue

ഒന്നിന് ഇരുനൂറ് അഞ്ചിന് ആയിരം

ഇന്ത്യ,ഇന്തോനേഷ്യ പോലെ രൂപ, റുപിയ പേരുകളിലുമുണ്ട് സാദൃശ്യം. സംസ്കൃതത്തിൽ നിന്നാണ് റുപിയയുടെയും വരവ്. പക്ഷേ, മൂല്യത്തിന്റെ കാര്യത്തിൽ റുപിയ പിന്നിലാണ്. കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ നാണയങ്ങളോട് ചേർത്തുനോക്കുമ്പോൾ രൂപയുടെ മൂല്യം കുറവാണല്ലോ. അതുപോലെയാണ് രൂപ, റുപിയ താരതമ്യവും.

Published

|

Last Updated

ഞ്ച് ലക്ഷം റുപിയ വേണം ഇന്തോനേഷ്യൻ വിസ ലഭിക്കാൻ. ഓൺ അറൈവലാണ്. ലളിതമായ അപേക്ഷാ നടപടികൾ. ടിക്കറ്റും പാസ്സ്പോർട്ടും മാത്രം മതി, വേറെ രേഖകളൊന്നും ആവശ്യമില്ല. അന്വേഷണങ്ങളും കുറവാണ്. വിസ വാങ്ങി പുറത്തേക്ക് നടക്കവെയാണ് സിം കാർഡ് എടുക്കാനുള്ള കൗണ്ടർ കാണുന്നത്.ഏഴ് ലക്ഷമാണ് ചാർജ്. ഭക്ഷണത്തിനുമായി അഞ്ച് ലക്ഷം. എല്ലാം വലിയ ഇടപാടുകൾ. ഒരു മിഠായി വാങ്ങാൻ പോലും ഇരുനൂറും മുന്നൂറും റുപിയ വേണം. ഇവിടെ ഇങ്ങനെയാണ്. എല്ലാത്തിനും വലിയ സംഖ്യ കൊടുക്കണം.

ശരാശരി വിനിമയത്തിന് പത്ത് ലക്ഷമെങ്കിലും വേണം. ജൂത്ത എന്നാണതിന് പറയുക. മില്യൻ എന്നതിന്റെ പ്രാദേശിക മൊഴിമാറ്റം. വലിയ കാര്യങ്ങൾക്ക് ജൂത്ത കണക്കാണ്. നാല് ദിവസത്തേക്കുള്ള ഞങ്ങളുടെ ടാക്സി വാടക പത്ത് ജൂത്തയാണ്. അഥവാ ഒരു കോടി. സംസാരത്തിൽ അപൂർവമായി കടന്നുവരുന്ന പദമാണിവിടെ കോടി എന്നത്. ഇന്ത്യൻ ജനസംഖ്യ പോലും എത്ര മില്യൻ ഉണ്ടെന്നാണ് ആളുകൾക്ക് അറിയേണ്ടത്.

ഇന്ത്യ, ഇന്തോനേഷ്യ പോലെ രൂപ, റുപിയ പേരുകളിലുമുണ്ട് സാദൃശ്യം. സംസ്കൃതത്തിൽ നിന്നാണ് റുപിയയുടെയും വരവ്. പക്ഷേ, മൂല്യത്തിന്റെ കാര്യത്തിൽ റുപിയ പിന്നിലാണ്. കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ നാണയങ്ങളോട് ചേർത്തുനോക്കുമ്പോൾ രൂപയുടെ മൂല്യം കുറവാണല്ലോ. അതുപോലെയാണ് രൂപ, റുപിയ താരതമ്യവും. ഒരു രൂപക്ക് നിലവിൽ നൂറ്റി തൊണ്ണൂറ്റി അഞ്ച് റുപിയ കിട്ടും. നമ്മുടെ അഞ്ച് രൂപ ഇവിടുത്തെ ആയിരം രൂപക്ക് തുല്യമാണ്. അഞ്ഞൂറ് ഒരു ലക്ഷത്തിനും. ഏതാണ്ട് അമ്പതിനായിരം രൂപ മതി ഒരു കോടി റുപിയക്ക്. കോടിപതിയാകാൻ ഇന്തോനേഷ്യയിൽ പോയാൽ മതിയെന്ന സഞ്ചാരികൾക്കിടയിലെ തമാശ പ്രയോഗം ഓർമ വന്നു. അത് നേരിൽ അനുഭവിച്ചപ്പോൾ അതിയായ ആശ്ചര്യം തോന്നി. ഒരു ലക്ഷത്തിന്റെ നോട്ടാണ് ഇന്തോനേഷ്യൻ കറൻസികളിൽ ഏറ്റവും വലുത്. കോയിനുകൾ നൂറ് മുതൽ ആയിരം വരെയുണ്ട്.

ലോകത്തെ ഏറ്റവും മൂല്യം കുറവുള്ള കറൻസികളിലൊന്നാണ് റുപിയ. ഇറാൻ റിയാൽ, വിയറ്റ്നാം ഡോങ് എന്നിവയാണ് റുപിയക്ക് പിന്നിലുള്ളവ. നാനൂറ്റി തൊണ്ണൂറ്റി രണ്ട് ഇറാനിയൻ റിയാൽ മൂല്യമുണ്ട് ഒരു ഇന്ത്യൻ രൂപക്ക്. അഞ്ച് ലക്ഷം വരെ നോട്ടുകളുള്ള രാജ്യമാണ് വിയറ്റ്നാം. പണപ്പെരുപ്പമാണ് ഇത്രയും വലിയ നോട്ടുകൾ അടിച്ചിറക്കുന്നതിന് പിന്നിലെ കാരണമായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടാറുള്ളത്. എന്നാൽ, കേവലം അക്കങ്ങളുടെ കളികൾ മാത്രമായാണ് ഇവയെല്ലാം നമുക്ക് അനുഭവപ്പെടുക. മൂല്യം കൂടുതലും കുറവുമുള്ള രാജ്യങ്ങളിലെ വസ്തുക്കളുടെ വില രൂപയുമായി താരതമ്യം ചെയ്താൽ ഏതാണ്ട് ഒരുപോലെയാണ് ലഭിക്കാറുള്ളത്. പ്രാദേശികമായി ചില ഉത്പന്നങ്ങൾക്ക് വിലയിൽ ഏറ്റക്കുറവുകൾ ഉണ്ടാവുക സ്വാഭാവികം. പ്രതിശീർഷ വരുമാനവും വികസന റാങ്കിംഗുകളും പരിശോധിച്ചാൽ ഇക്കാര്യം ഒന്നുകൂടി വ്യക്തമാകും.

ജാവയിലെ ഒമ്പത് വിശുദ്ധരിൽ പ്രധാനിയായ സുനൻ ആമ്പലിന്റെ സന്നിധിയിലാണ് ഇന്നത്തെ ആദ്യ സിയാറത്ത്. ഔലിയാഉത്തിസ്അ, വലി സോംഗോ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഒമ്പത് പേരുടെ ദർഗകളും രാജ്യത്തെ തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളാണ്. വേഗം ഹോട്ടലിൽ നിന്നിറങ്ങി. അപ്പോഴേക്കും പോകാനുള്ള കാർ എത്തിയിട്ടുണ്ട്. സുരബായയിലെ പ്രഗത്ഭ യുവപണ്ഡിതനും പ്രഭാഷകനുമായ ഹബീബ് സൈൻ ബ്ൻ അബ്ദുല്ലാഹ് ബാഅ്ബൂദ് തങ്ങളാണ് ഗൈഡ്. ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിവരം അറിയിച്ചപ്പോൾ സ്വീകരിക്കാൻ എത്തിയതാണ്. തിരക്കില്ലാത്ത ദിവസങ്ങളിൽ കൂടെ വരാമെന്നാണ് പറഞ്ഞിട്ടുള്ളത്. സൗമ്യൻ. എപ്പോഴും നിറപുഞ്ചിരിയോടെ വിനയാന്വിതനായി സംസാരിക്കുന്ന വ്യക്തിത്വത്തിനുടമ. എൺപത് കിലോമീറ്റർ അകലെയുള്ള ലാവാങ്ങിൽ നിന്നാണ് അദ്ദേഹത്തിന്റെ ആഗമനം. അവിടെ അദ്ദേഹത്തിന് സ്വന്തമായ സ്ഥാപനവും മജ്്ലിസുകളുമുണ്ട്.

കേരളത്തോട് വലിയ മതിപ്പാണ് ബാഅ്ബൂദ് തങ്ങൾക്ക്. അൽപ്പസ്വൽപ്പം മലയാളം അറിയാം. മമ്പുറപ്പൂ മഖാമിലെ, മൗലദ്ദവീല വാസ്വിലെ പാട്ടൊക്കെ പാടിത്തന്നു.മുമ്പ് മക്കയിൽ വെച്ച്, തിരുനബി(സ്വ)യുടെ ജന്മസ്ഥലം സന്ദർശിച്ച വേളയിൽ കണ്ടിരുന്നു.അന്ന് എടുത്ത ഫോട്ടോ കാണിച്ചുതന്ന് പരിചയം പുതുക്കിയാണ് സംസാരം തുടർന്നത്.ഇടക്കിടെ മലേഷ്യ സന്ദർശിക്കുന്ന അദ്ദേഹത്തിന് അവിടെ താമസിക്കുന്ന പയ്യന്നൂരിലെ ഒരു കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അവരുടെ ക്ഷണമനുസരിച്ച് അദ്ദേഹം നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്. മൂന്ന് തവണ. മഅ്ദിനും മമ്പുറം മഖാമും സന്ദർശിച്ചിട്ടുണ്ട്. ഇക്കാക്ക ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ബുഖാരി തങ്ങളെ കേരളത്തിൽ വെച്ചും അല്ലാതെയും കണ്ട പരിചയമുണ്ട്.

Latest