National
ഒരാള്‍ കള്ളന്‍, മറ്റേയാള്‍ കൊള്ളക്കാരന്‍; ബിജെപി ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയെ പരിഹസിച്ച് ഉദയനിധി
രണ്ട് പാര്‍ട്ടികളും ഇനിയും ഒരുമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം.
ചെന്നൈ| ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാല്‍ രണ്ട് പാര്‍ട്ടികളും ഇനിയും ഒരുമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം. ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഉദയനിധി എഐഎഡിഎംകെയെ പരിഹസിച്ചത്.
എഐഎഡിഎംകെ ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങള്‍ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതു തെരഞ്ഞെടുപ്പില്‍ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാര്‍ട്ടി അണികള്‍ പോലും ഈ തീരുമാനം വിശ്വസിക്കില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ ബന്ധമില്ലെന്ന് അഭിനയിച്ചേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ വീണ്ടും ഒന്നിക്കും. എന്നാല്‍ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് ഉദയനിധി കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് എഐഎഡിഎംകെ – ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്.