Kerala
ഇറച്ചിയെന്ന് പറഞ്ഞ് പ്രവാസി വശം കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ഓമാനൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ ഫിനു ഫാസിലിനെ (23) ആണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം|അവധി കഴിഞ്ഞ് ഗള്‍ഫിലേക്കു തിരിച്ചുപോവുന്ന പ്രവാസി വശം ഇറച്ചിയെന്നു പറഞ്ഞു കഞ്ചാവു കൊടുത്തുവിടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓമാനൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ ഫിനു ഫാസിലിനെ (23) ആണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി കെ ഷമീം (23) പോലീസ് പിടിയിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടന്നാണ് പ്രാഥമിക വിവരമെന്ന് വാഴക്കാട് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.
ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും ഗള്‍ഫിലെ മറ്റൊരു സുഹൃത്തിനു കൊടുത്തയക്കാന്‍ എത്തിയത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നു പറഞ്ഞു ഷമീം നല്‍കിയ കുപ്പി ലഗേജ് ഒരുക്കുന്നതിനിടെ അഴിച്ചപ്പോഴാണ് ഫൈസലിനു ചതി മനസ്സിലായത്.
തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടന്‍ ഫൈസല്‍ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. മുഴുവന്‍ പ്രതികളും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസല്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം.