sharjah book fair
പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാൻ യാത്ര ചെയ്യണം: പികോ അയ്യർ
യൂനിവേഴ്സിറ്റി പഠനകാലത്ത് പതിനേഴാം വയസ്സിലാണ് എഴുതിത്തുടങ്ങിയത്.
ഷാർജ | ഏത് പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാനും ജീവിതരീതികൾ മനസ്സിലാക്കാനും യാത്ര ചെയ്യണമെന്ന് ലോക പ്രശസ്ത സഞ്ചാര എഴുത്തുകാരൻ പികോ അയ്യർ. വർത്തമാന കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ലോക കാഴ്ചകൾ നമ്മൾ ആസ്വദിക്കുന്നു. അതിലെ പ്രധാനഭാഗങ്ങൾ നോക്കി ഓരോ സ്ഥലങ്ങളെയും നമ്മൾ വിലയിരുത്താറുണ്ട്. എന്നാൽ തെരുവിലൂടെ സഞ്ചരിച്ചുള്ള യാത്രാ അനുഭവം വേറിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ യാത്രകളിലും അപ്പോൾ കാണുന്ന കാര്യങ്ങൾ കുറിച്ചു വെക്കും. പിന്നീട് ഓരോ ചിന്തകളിലും വരുന്ന വിഷയങ്ങൾ എഴുതിച്ചേർക്കും. ചിലപ്പോൾ ഉറങ്ങാൻ കിടക്കുന്ന സമയത്തായിരിക്കും പുതിയ വിവരങ്ങൾ ഓർമവരിക. ഓരോ ദിവസവും എഴുതിച്ചേർക്കുന്ന കാര്യങ്ങളാണ് പിന്നീട് പുസ്തക രൂപത്തിലാക്കുന്നത്-പികോ അയ്യർ തന്റെ എഴുത്തിന്റെ രീതിയെക്കുറിച്ച് പറഞ്ഞു.
യൂനിവേഴ്സിറ്റി പഠനകാലത്ത് പതിനേഴാം വയസ്സിലാണ് എഴുതിത്തുടങ്ങിയത്. ഓരോ ദിവസവും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ എഴുതിവെക്കും. ഒരു യാത്രയുടെ സൗന്ദര്യം ആ പ്രദേശത്തുകാരുടെ മനോവികാരങ്ങൾ മനസ്സിലാക്കുന്നതാണ്. മനുഷ്യ യാഥാർഥ്യങ്ങൾ നിരീക്ഷിക്കണം. ക്യൂബ പോലുള്ള രാജ്യങ്ങൾ ഏറെ ആകർഷിച്ചതായും അറബ് രാജ്യങ്ങളിൽ വംശീയത ഇല്ലെന്നും വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി പികോ അയ്യർ പറഞ്ഞു.
പിക്കോ അയ്യർ എന്നറിയപ്പെടുന്ന സിദ്ധാർഥ് പിക്കോ രാഘവൻ അയ്യർ ബ്രിട്ടനിൽ ജനിച്ച ലോകമറിയുന്ന ഉപന്യാസകാരനും നോവലിസ്റ്റുമാണ്. കാഠ്മണ്ഡുവിലെ വീഡിയോ നൈറ്റ്, ദി ലേഡി ആൻഡ് ദി മോങ്ക്, ദി ഗ്ലോബൽ സോൾ തുടങ്ങി സംസ്‌കാരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. മാതാപിതാക്കൾ ഇന്ത്യക്കാരാണ്. ജപ്പാനിലാണ് താമസം.