National
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക് സഭയില്‍ അവതരിപ്പിക്കും
ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത.
ന്യൂഡല്‍ഹി | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച നിയമമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിക്കും.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. 2023 സെപ്തംബറിലാണ് സമിതി രൂപീകരിച്ചത്. തുടര്‍ന്ന് ആറുമാസം കൊണ്ട് സമതി റിപോര്‍ട്ട് സമര്‍പ്പിച്ചു.
ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍.ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത.
ബില്ലുകള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.നിയമ നിര്‍മ്മാണ അസംബ്ലികളുള്ള മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന ബില്ല് ഉള്‍പ്പെടെ രണ്ട് കരട് നിയമ നിര്‍മാണങ്ങള്‍ക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചെലവ് കുറയ്ക്കാനാകും എന്നാണ് ഈ ആശയത്തിന്റെ നേട്ടമായി മോദി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ല് ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്നും ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്നും കോണ്‍ഗ്രസ് എംപി ജയറാം രമേശ് ആവശ്യപ്പെട്ടു.