Kerala
പത്തനംതിട്ട ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളിലൊരാള്‍ അറസ്റ്റില്‍
പെരുനാട് സ്വദേശി സുരേഷിനെയാണ് പോലീസ് പിടികൂടിയത്.
പത്തനംതിട്ട| പത്തനംതിട്ട ഇലന്തൂരില്‍ ഭഗവതികുന്ന് ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. പെരുനാട് സ്വദേശി സുരേഷിനെയാണ് പോലീസ് പിടികൂടിയത്. മോഷണ സംഘത്തിലുള്ള രണ്ട് പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
ക്ഷേത്രത്തില്‍ മോഷണം നടത്തുകയും ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സംഘം തച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ സുരേഷിനെയും കൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ പ്രതിക്ക് നേരെ പാഞ്ഞടുത്തിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി മുങ്ങിയ സംഘമാണ് ഇവരെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് ചെറിയ തുക മാത്രമാണ് മോഷ്ടാക്കള്‍ക്ക് ലഭിച്ചതെന്നും എന്നാല്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ക്ഷേത്രത്തിന് ഉണ്ടാക്കിയെന്നും ഭഗവതികുന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മോഷ്ടാക്കള്‍ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കാറിന് കേടുപാട് വരുത്തിയതായും ആരോപണമുണ്ട്. തൊട്ടടുത്തുള്ള പള്ളിയിലും മോഷണത്തിന് ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.