National
ടെണ്ടറിന് ഒരു ശതമാനം കമ്മീഷന്‍; അഴിമതിക്കാരനായ മന്ത്രിയെ പുറത്താക്കി പഞ്ചാബിലെ എഎപി സര്‍ക്കാര്‍
മൊഹാലിയിലെ എസ് ഇ രജീന്ദര്‍ സിംഗ് ആണ് ഡോ. വിജയ് സിംഗ്ലയ്ക്കെതിരെ പരാതി നല്‍കിയത്. 58 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതിന് പ്രത്യുപകാരമായി 1.16 കോടി രൂപ സിംഗ്ല ആവശ്യപ്പെടുകയായിരുന്നു
ചണ്ഡീഗഡ് | അഴിമതിക്കാരനായ മന്ത്രിയെ പുറത്താക്കി പഞ്ചാബിലെ എഎപി സര്‍ക്കാര്‍. ആരോഗ്യമന്ത്രി ഡോ. വിജയ് സിംഗ്ലക്കാണ് അഴിമതിക്കേസില്‍ മന്ത്രിക്കസേര നഷ്ടമായത്. ആരോഗ്യവകുപ്പിലെ ഓരോ ജോലിക്കും ടെന്‍ഡറിനും സിംഗ്ല ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതാണ് പരാതിക്കിടയാക്കിയത്.
സംഭവത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്നെ നേരിട്ട് അന്വേഷണം നടത്തി. ഉദ്യോഗസ്ഥരുമായി രഹസ്യമായി സംസാരിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ മന്ത്രിയെ പുറത്താക്കി. ഇതിനു പിന്നാലെ തന്നെ പഞ്ചാബ് പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൊഹാലിയിലെ എട്ടാം ഫേസ് പോലീസ് സ്റ്റേഷനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിംഗ്ലയെ ചോദ്യം ചെയ്തുവരികയാണ്.
മൊഹാലിയിലെ എസ് ഇ രജീന്ദര്‍ സിംഗ് ആണ് ഡോ. വിജയ് സിംഗ്ലയ്ക്കെതിരെ പരാതി നല്‍കിയത്. 58 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതിന് പ്രത്യുപകാരമായി 1.16 കോടി രൂപ സിംഗ്ല ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പ്രദീപ്കുമാറുമാണ് കമ്മീഷന്‍ കാര്യം രജീന്ദര്‍ സിംഗിനോട് ആവശ്യപ്പെട്ടത്. പ്രദീപ് കുമാര്‍ പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ നീക്കണമെന്നായിരുന്നു സിംഗ്ലയുടെ നിര്‍ദേശം. ഇതിനുപിന്നാലെ പ്രദീപ്കുമാര്‍ രജീന്ദര്‍ സിംഗിനെ പലവുരു വിളിച്ച് കമ്മീഷന്‍ ചോദിച്ചുകൊണ്ടിരുന്നുവത്രെ.
മെയ് എട്ട് മുതല്‍ പ്രദീപ് കുമാര്‍ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ട് നിരന്തരം ശല്യം ചെയ്തുവെന്നും മെയ് 20ന് രജീന്ദര്‍ സിങ്ങില്‍ നിന്ന് 10 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടുവെന്നും എഫ് ഐ ആറില്‍ പറയുന്നു. നവംബര്‍ 30ന് വിരമിക്കാനിരിക്കുന്നയാളാണ് രജീന്ദര്‍ സിംഗ്. അതുകൊണ്ട് തന്നെ കൈക്കൂലി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും മുഖ്യമന്ത്രി ഭഗവന്ത് മാനിന് പരാതിനല്‍കുകയുമായിരുന്നു. മേയ് 14നാണ് ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിയ മാന്‍ സിംഗ്ലയെ വിളിപ്പിച്ചു. തെളിവുകള്‍ നിരത്തിയതോടെ അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്തു.
സിംഗ്ലയുടെ ബന്ധുക്കള്‍ക്കും കമ്മീഷന്‍ ഇടപാടില്‍ ബന്ധമുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പഴുതടച്ച അന്വേഷണമാണ് വിജിലന്‍സ് വിഭാഗം നടത്തുന്നത്. സിംഗ്ലയുടെ രണ്ടര മാസത്തെ കാലയളവിലെ എല്ലാ പദ്ധതികളുടെയും പട്ടിക വിജിലന്‍സ് തയ്യാറാക്കിവരികയാണ്.
അഴിമതിക്കാരനായ മന്ത്രിയെ ഞൊടിയിടയില്‍ പുറത്താക്കിയ ഭഗവന്ദ് മാന്റെ നടപടിയെ അഭിനന്ദിച്ച് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളും രംഗത്ത് വന്നു. രാജ്യം മുഴുവന്‍ ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്.