Connect with us

National

മണിപ്പൂരില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു

വിറക് കയറ്റി വരികയായിരുന്ന ട്രക്ക് നദിയിലേക്ക് മറിഞ്ഞാണ് അപകടം

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്‌ലി പാലത്തില്‍ നിന്ന് ട്രക്ക് നദിയിലേക്ക് മറിഞ്ഞാണ് അപകടം. വാംഗോയ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.

വിറക് കയറ്റി വരികയായിരുന്ന ട്രക്കാണ് നദിയിലേക്ക് മറിഞ്ഞത്. ട്രക്ക് പാലത്തിലെത്തിയപ്പോള്‍ പാലം തകര്‍ന്നു വീഴുകയായിരുന്നു. ഇതോടെ ട്രക്ക് നദിയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാല് പേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. മൂന്നു പേര്‍ പുറത്തേക്ക് എടുത്തു ചാടി. എന്നാല്‍ ട്രക്കിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ മരിക്കുകയായിരുന്നു. ഇംഫാല്‍ വെസ്റ്റിലെ മയങ് ഇംഫാല്‍ ബെംഗൂണ്‍ യാങ്ബി സ്വദേശിയായ എംഡി ബോര്‍ജാവോ (45) ആണ് മരിച്ചത്.

നഗരവികസന മന്ത്രി വൈ ഖേംചന്ദ്, എംഎല്‍എ ഖുറൈജാം ലോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പാലം തകര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാകാം പാലം തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്റെ പുനര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും പാലം തകര്‍ന്നതില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാംഗോയ് പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂര്‍ അഗ്നിരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നദിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഈ പാലം ഇതിന് മുമ്പും രണ്ട് തവണ തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബിഹാറില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ അഞ്ച് പാലങ്ങള്‍ തകര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു.