National
ഒരു സൂര്യന്‍, ഒരേ ലോകം, ഒരു ഗ്രിഡ്; അന്താരാഷ്ട്ര സോളാര്‍ പവര്‍ ഗ്രിഡിനായുള്ള നിര്‍ദേശം മുന്നോട്ട് വച്ച് ഇന്ത്യ
ന്യൂഡല്‍ഹി | അന്താരാഷ്ട്ര സോളാര്‍ പവര്‍ ഗ്രിഡിനായുള്ള നിര്‍ദേശം ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പാകെ വച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു സൂര്യന്‍, ഒരേ ലോകം, ഒരു ഗ്രിഡ് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കി ശുദ്ധ ഊര്‍ജം ലഭ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് മോദി നിര്‍ദേശിച്ചു. ഗ്ലാസ്‌കോയില്‍ നടന്ന കോപ് കാലാവസ്ഥാ ഉച്ചകോടിയിലാണ് പ്രധാന മന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ശുദ്ധ ഊര്‍ജം കണ്ടെത്തലും വിതരണം ചെയ്യലും എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാന മന്ത്രി രാജ്യത്തേക്ക് മടങ്ങി.
അന്താരാഷ്ട്ര സോളാര്‍ പവര്‍ ഗിഡ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള കര്‍മ പരിപാടിയും ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. സൗരോര്‍ജ സംഭരണത്തിന് ഐ എസ് ആര്‍ ഒ ലോകത്തിന് ഒരു സോളാര്‍ കാല്‍ക്കുലേറ്റര്‍ നല്‍കും. ഈ കാല്‍ക്കുലേറ്റര്‍ ലോകത്തെ എല്ലായിടത്തും സൗരോര്‍ജ സംഭരണത്തെ എളുപ്പമാക്കും. സൗരോര്‍ജം ലഭ്യമാകുന്ന മേഖല തിരിച്ചറിയുന്നത് മുതല്‍ എത്രവരെ സംഭരണം സാധ്യമാകും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് മനസിലാക്കാം.