Connect with us

ap muhammed musliyar kanthapuram

നിഴല്‍ പോലെ നടന്നൊരാള്‍

മങ്ങാട്ട് ദര്‍സില്‍ ചേര്‍ന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഞാന്‍ പോയിടത്തൊക്കെ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി. അവിടെയൊക്കെ മുഹമ്മദ് മുസ്‌ലിയാര്‍ വരികയും സേവനം ചെയ്യുകയും ചെയ്തു. കാന്തപുരത്ത്, ദര്‍സില്‍, മര്‍കസില്‍, സംവാദങ്ങളില്‍, സംഘടനയില്‍ അങ്ങനെ എല്ലായിടത്തും ഒരു അനുജ സഹോദരന്‍ എന്ന കണക്കെ അദ്ദേഹം എന്നോടൊപ്പം നടന്നു.

Published

|

Last Updated

വെല്ലൂര്‍ ബാഖിയാത്തിലെ പഠനത്തിനു ശേഷം ഞാന്‍ ആദ്യമായി ദര്‍സ് തുടങ്ങിയത് പൂനൂരിനടുത്ത മങ്ങാട് ആയിരുന്നു. 1964ല്‍ ആണത്. ആ ദര്‍സില്‍ ഓതാന്‍ സമ്മതവും ചോദിച്ചു വന്നപ്പോള്‍ ആണ് എ പി മുഹമ്മദ് മുസ്‌ലിയാരെ ആദ്യമായി കാണുന്നത്. കരുവന്‍പൊയിലില്‍ ദര്‍സ് നടത്തിയിരുന്ന എടവണ്ണപ്പാറ അബ്ദുല്ല മുസ്‌ലിയാരുടെ അടുത്തായിരുന്നു അപ്പോള്‍ അദ്ദേഹം ഓതിയിരുന്നത്. ഓതിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്ന മങ്ങാട്ടെ ദര്‍സിലേക്ക് ഒരാളെ കൂടി ചേര്‍ക്കാനുള്ള വക അന്നുണ്ടായിരുന്നില്ല. ഭക്ഷണം തരപ്പെടുത്താനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. അതുകൊണ്ട് തിരിച്ചയക്കേണ്ടിവന്നു. പിറ്റേ വര്‍ഷം റമസാനില്‍ എനിക്ക് കരുവന്‍പൊയിലിനടുത്ത് പുതിയോത്ത് പള്ളിയില്‍ വഅളുണ്ടായിരുന്നു. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാരായിരുന്നു അവിടെ മുദര്‍രിസ്. രാവിലെ ഞാന്‍ പത്രവും വായിച്ചിരിക്കുമ്പോഴുണ്ട് മുഹമ്മദ് മുസ്‌ലിയാര്‍ വീണ്ടും വരുന്നു. ഓതാന്‍ വന്നോട്ടെ എന്ന് ചോദിച്ചു. മങ്ങാട്ട് ആണെന്നും സ്ഥലം അറിയുമോ എന്നും ചോദിച്ചു. അറിയാം എന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ വന്ന് ദര്‍സില്‍ ചേരുകയും ചെയ്തു.

ഏറെയും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മാത്രം ഉണ്ടായിരുന്ന മങ്ങാട്ടെ ദര്‍സിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു. ബാഖിയാത്തിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ദര്‍സുകളില്‍ നിന്ന് ഓതാന്‍ വന്നവരായിരുന്നു അവരിലധികപേരും. എന്നെ സംബന്ധിച്ചിടത്തോളമാകട്ടെ, അധ്യാപന ജീവിതത്തിന്റെ തുടക്കവും. അണ്ടോണ മൊയ്തീന്‍ മുസ്‌ലിയാര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ കരുവന്‍പൊയില്‍, സി പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരവിടെ വിദ്യാര്‍ഥികള്‍ ആയിരുന്നു. പ്രായത്തില്‍ ഏകദേശം എന്നോട് അടുത്തു നില്‍ക്കുന്നവരായിരുന്നു അവരിലധികവും. അധ്യാപന രംഗത്തേക്കുള്ള എന്റെയീ തുടക്കത്തെ കുറിച്ച് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികളെ മുന്നില്‍ കിട്ടുന്നതിനേക്കാളും മികച്ച സന്തോഷം ഒരധ്യാപകന് വേറെയുണ്ടോ. അവരുടെ കൂര്‍മയുള്ള ചോദ്യങ്ങള്‍, സംശയങ്ങള്‍, ആലോചനകള്‍, അഭിപ്രായങ്ങള്‍. അവ കൊണ്ട് സമൃദ്ധമായിരുന്നു ആ ദര്‍സ്. അതുകൊണ്ട് തന്നെ ഓരോ ക്ലാസ്സിനു പോകുമ്പോഴും പോയി തിരിച്ചുവന്നാലും നല്ലതുപോലെ മുത്വാലഅ ചെയ്യും. നല്ല തയ്യാറെടുപ്പോടെ മാത്രമേ ആ ക്ലാസ്സുകളിലേക്ക് പോകാനൊക്കൂ. വിദ്യാര്‍ഥികളും അങ്ങനെ തന്നെ. അധ്യാപന ജീവിതത്തിന്റെ ആ തുടക്കത്തെ കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. ആ തുടക്കത്തെ മികച്ചതാക്കി മാറ്റിയ പ്രധാനപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു. പിന്നീട് ഞങ്ങള്‍ സഹപ്രവര്‍ത്തകരായപ്പോഴും പഴയ ആ വിദ്യാര്‍ഥിയെ പോലെ അദ്ദേഹം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. അതൊക്കെ നമ്മെ വലിയ തോതില്‍ സഹായിക്കും. ഒരു മുദര്‍രിസ് എന്ന നിലയില്‍ എന്റെ അധ്യാപന രീതികളെയും ശൈലികളെയും ചിട്ടപ്പെടുത്തുന്നതില്‍ അറിവിനോടുള്ള ഈ ശിഷ്യന്മാരുടെ സ്‌നേഹവും ആദരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

നല്ല തെളിമയുള്ള ബുദ്ധിയും വര്‍ത്തമാനവുമായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ പ്രത്യേകത. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഒരു ഹദീസിനെ, അല്ലെങ്കില്‍ ഒരു ഉദ്ധരണിയെ മറ്റനേകം വിഷയങ്ങളും വിജ്ഞാന മേഖലകളുമായി പരസ്പരം ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും വിശദീകരിക്കാനുമുള്ള കഴിവ് അദ്ദേഹത്തിന് നല്ലതു പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ കഴിവുകള്‍ ഏറ്റവും പ്രകടമായ സന്ദര്‍ഭങ്ങള്‍ ആശയ സംവാദ വേദികള്‍ ആയിരുന്നു. ഒട്ടനേകം സംവാദ വേദികളില്‍ എന്റെ കൂടെ മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയില്‍ ഒരു വിഷയം, അല്ലെങ്കില്‍ ഒരു ആശയം പറഞ്ഞ് പിന്നിലിരിക്കുന്ന മുഹമ്മദ് മുസ്‌ലിയാരെ ഒന്നു തിരിഞ്ഞുനോക്കിയാല്‍ മതി. ഉപോദ്്ബലകമായ ഉദ്ധരണികളുള്‍ക്കൊള്ളുന്ന കിതാബ് അടയാളപ്പെടുത്തിത്തരും. എല്ലാ കിതാബുകളിലൂടെയും ശ്രദ്ധയോടെ കടന്നുപോയ ഒരാള്‍ക്കേ ഇതൊക്കെ തുടര്‍ച്ചയായി ഇത്രയും വേഗത്തില്‍ ചെയ്യാന്‍ കഴിയൂ. എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകരില്‍ ഒരാളും മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു. ഒരേ സമയം പണ്ഡിതോചിതവും അതേസമയം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തിലുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണങ്ങള്‍. ആര്‍ക്കും സംശയങ്ങള്‍ ബാക്കിയാകാത്ത വിധത്തില്‍ തെളിമ ഉള്ളതായിരിക്കും ഓരോ പ്രഭാഷണങ്ങളും.

മങ്ങാട്ട് ദര്‍സില്‍ ചേര്‍ന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഞാന്‍ പോയിടത്തൊക്കെ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി. അവിടെയൊക്കെ മുഹമ്മദ് മുസ്‌ലിയാര്‍ വരികയും സേവനം ചെയ്യുകയും ചെയ്തു. കാന്തപുരത്ത്, ദര്‍സില്‍, മര്‍കസില്‍, സംവാദങ്ങളില്‍, സംഘടനയില്‍ അങ്ങനെ എല്ലായിടത്തും. ദര്‍സ് ഒഴിവുകാലത്ത് എല്ലാവരും പോയാലും മുഹമ്മദ് മുസ്‌ലിയാര്‍ പോകില്ല. എന്റെ വീട്ടില്‍ വന്ന് ഓതും. കാന്തപുരം ദര്‍സില്‍ അദ്ദേഹം മുദര്‍രിസായി നിന്ന സമയത്ത് എന്റെ വീട്ടിലായിരുന്നു രാത്രി ഭക്ഷണം. ബാഖിയാത്തില്‍ പഠിച്ച രണ്ട് വര്‍ഷമായിരുന്നു അകന്നു നിന്നത്. ബാഖിയാത്തിലേക്ക് പോകുന്ന ദിവസം ഞാന്‍ കരുവന്‍പൊയിലിലെ വീട്ടില്‍ പോയിരുന്നു. അന്നവിടെ താമസിച്ചു. അന്ന് രാത്രിയും അവിടെ നിന്ന് അല്‍പ്പം കിതാബോതി. പിറ്റേ ദിവസം രാവിലെ ദുആ ചെയ്ത്, യാത്രയാക്കിയാണ് പോന്നത്. ബാഖിയാത്തില്‍ വിദ്യാര്‍ഥിയായിരുന്ന അക്കാലത്ത് മുഹമ്മദ് മുസ്‌ലിയാര്‍ മാസത്തില്‍ ഒന്നും രണ്ടും എന്ന കണക്കെ ദീര്‍ഘമായ കത്തുകളെഴുതും. ഞാനും മറുപടികളെഴുതും. ഒരുപക്ഷേ, ഞാന്‍ ഏറ്റവും കൂടുതല്‍ കത്തുകളെഴുതിയത് മുഹമ്മദ് മുസ്‌ലിയാര്‍ക്ക് ആയിരിക്കും.

ഞാന്‍ ഏറ്റെടുത്ത പല ഉത്തരവാദിത്വങ്ങളും സുഗമമായി നിര്‍വഹിക്കാന്‍ എന്നെ സഹായിച്ചത് മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു. എന്റെ ദര്‍സുകള്‍, പ്രത്യേകിച്ചും ബുഖാരി ദര്‍സ്, എന്നെ ക്ഷണിക്കുന്ന നികാഹ് കാര്‍മികത്വങ്ങള്‍, ഖാസി, മുഫ്തി എന്ന നിലക്ക് ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍. യാത്രകൊണ്ടോ മറ്റോ അതൊക്കെ മുടങ്ങും എന്ന് വന്നാല്‍ അതെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യാന്‍ അദ്ദേഹം കാണിച്ച ആത്മാര്‍ഥത മറക്കാന്‍ കഴിയില്ല. ആ ഉത്തരവാദിത്വങ്ങളൊക്കെ ഞാന്‍ എങ്ങനെ ചെയ്യണം എന്നാഗ്രഹിക്കുന്നോ, അതിലേറെ ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ടാകും. മുഹമ്മദ് മുസ്‌ലിയാര്‍ ഏറ്റെടുത്ത ഒരു കാര്യത്തെ കുറിച്ച് ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഉണ്ടാകില്ല. പേരിലെയും രൂപത്തിലെയും ശബ്ദത്തിലെയുമെല്ലാം സാമ്യത കൊണ്ട് മുഹമ്മദ് മുസ്‌ലിയാര്‍ എന്റെ അനുജന്‍ ആണെന്ന് ധരിച്ച പലരും ഉണ്ടായിരുന്നു. എന്നാല്‍ എനിക്കദ്ദേഹത്തെ കുറിച്ച് അങ്ങനെ തന്നെ കരുതുന്നതായിരുന്നു ഇഷ്ടം. ഒരു അനുജ സഹോദരന്‍ എന്ന കണക്കെ അദ്ദേഹം എപ്പോഴും എന്നോടൊപ്പം നടന്നു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി