Connect with us

International

യുക്രൈൻ അധിനിവേശത്തിന് ഒരാണ്ട്; മാഞ്ഞില്ല ഭീതിയുടെ രാത്രികൾ

റഷ്യയെ ചൊടിപ്പിച്ച് നാറ്റോ സഖ്യത്തിൽ അംഗമാകുമെന്ന യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ പ്രഖ്യാപനമാണ് പതിനായിരങ്ങളുടെ രക്തപ്പുഴ ഒഴുകാൻ കാരണമായത്. പ്രകോപനവുമായി സെലൻസ്‌കിയും യുദ്ധ ഭീതി മുഴക്കി പുടിനും വാക് പോര് നടത്തിയപ്പോൾ എരിത്തീയിൽ എണ്ണ ഒഴിക്കുകയായിരുന്നു അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും.

Published

|

Last Updated

യുക്രൈൻ മണ്ണിൽ യുദ്ധക്കൊതിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സൈന്യം ആക്രമണം അഴിച്ചുവിടാൻ ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ലോകത്തിന്റെ സാമ്പത്തിക ക്രമം താറുമാറാക്കി റഷ്യൻ പട യുക്രൈനിലെ അധിനിവേശവുമായി മുന്നോട്ടുപോകുമ്പോൾ പിന്നോട്ടുപോകുന്നത് മനുഷ്യത്വവും മാനവികതയുമാണ്. ഈ അത്യാധുനിക യുഗത്തിൽ പോലും ആയുധം കൊണ്ട് മനസ്സ് മാറ്റിക്കളയാമെന്ന് വിശ്വസിച്ച മുഢന്മാരുടെ സ്വർഗത്തിലെ പടത്തലവനായി പുടിൻ ഒരുഭാഗത്തും നയതന്ത്രത്തിന്റെ പാഠം മറന്ന് തീകൊള്ളിക്കൊണ്ട് തല ചൊറിഞ്ഞ് യുക്രൈൻ ജനതയെ വഞ്ചിച്ച വൊളാദിമിർ സെലൻസ്‌കി മറുഭാഗത്തും നിലയുറപ്പിക്കുമ്പോൾ സമാധാനം അകന്നുകൊണ്ടിരിക്കുകയാണ്.

പ്രകോപിപ്പിച്ച് തുടങ്ങി
റഷ്യയെ ചൊടിപ്പിച്ച് നാറ്റോ സഖ്യത്തിൽ അംഗമാകുമെന്ന യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ പ്രഖ്യാപനമാണ് പതിനായിരങ്ങളുടെ രക്തപ്പുഴ ഒഴുകാൻ കാരണമായത്. പ്രകോപനവുമായി സെലൻസ്‌കിയും യുദ്ധ ഭീതി മുഴക്കി പുടിനും വാക് പോര് നടത്തിയപ്പോൾ എരിത്തീയിൽ എണ്ണ ഒഴിക്കുകയായിരുന്നു അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും.

സാമ്പത്തിക പ്രതിസന്ധിയും യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധവും ഭയന്ന് റഷ്യ യുദ്ധമെന്ന അയുക്തമായ തീരുമാനം എടുക്കില്ലെന്ന അനുമാനങ്ങൾ കാറ്റിൽ പറത്തി വീറ് കാണിക്കാൻ റഷ്യ തീരുമാനിച്ചു. അങ്ങനെ 2022 ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രൈനിൽ കൈയ്യേറ്റം ആരംഭിച്ചു. ഫെബ്രുവരി 21ന് റഷ്യൻ അനുകൂലികൾക്ക് സ്വാധീനമുള്ള യുക്രൈൻ നഗരങ്ങളായ ഡൊണെറ്റ്‌സ്‌കിനെയും ലുഹാൻസ്‌കിനെയും സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചായിരുന്നു പുടിന്റെ തുടക്കം. മൂന്നാം നാൾ യുക്രൈനിലേക്ക് പ്രത്യേക സൈനിക ഓപറേഷൻ നടത്തുമെന്ന പ്രഖ്യാപനവുമായി പുടിൻ രംഗത്തെത്തി. തങ്ങൾ പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരിലായിരുന്നു പുടിന്റെ പ്രഖ്യാപനം. തൊട്ടുപിന്നാലെ റഷ്യൻ സൈനിക ടാങ്കറുകൾ യുക്രൈൻ നഗരങ്ങളിൽ തീ തുപ്പി പാഞ്ഞു. ജനങ്ങൾ വീട് വിട്ടോടി. കെട്ടിടങ്ങളും അധികാര കേന്ദ്രങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തു.

യൂറോപിന്റെ പിന്തുണ
യുക്രൈന് പിന്തുണയുമായി യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സൈനികമായും സാമ്പത്തികയുമായും യുക്രൈനെ പിന്തുണക്കാതിരിക്കാൻ അമേരിക്കക്കും കഴിഞ്ഞില്ല. പാശ്ചാത്യ പിന്തുണ ലഭിച്ചതോടെ റഷ്യൻ ആക്രമണം കൂടുതൽ രൂക്ഷമായി.
ഒന്നിന് പിറകെ ഒന്നായി കിഴക്കൻ യുക്രൈനിലെ ഒാരോ നഗരങ്ങളിലും റഷ്യൻ പതാക ഉയരാൻ തുടങ്ങി. യുക്രൈൻ അധിനിവേശം റഷ്യക്ക് പാശ്ചാത്യൻ ശത്രുക്കൾക്കെതിരായ പോരാട്ടമായി മാറി. കൂടുതൽ യുവാക്കൾ ഇതോടെ നിർബന്ധിതരായും അല്ലാതെയും റഷ്യൻ പടക്കൊപ്പം ചേർന്നു. റഷ്യൻ പിന്തുണയുള്ള ബലറൂസ് അടക്കമുള്ള മുൻ സോവിയറ്റ് രാജ്യങ്ങൾ അധിനിവേശ ആക്രമണങ്ങൾക്ക് കൂട്ടുനിന്നു.

കീവിനായി കൂട്ടയാക്രമണം
യുക്രൈന്റെ തലസ്ഥാനമായ കീവ് കീഴടക്കുകയെന്നതായിരുന്നു റഷ്യയുടെ പ്രധാന ലക്ഷ്യം. ബലറൂസിൽ നിന്ന് വടക്കൻ യുക്രൈൻ വഴിയും റഷ്യൻ അതിർത്തി വഴി വടക്കുപടിഞ്ഞാറൻ മേഖലയിലൂടെയും കീവ് ലക്ഷ്യമാക്കി ശക്തമായി സൈനിക സന്നാഹം നിലയുറപ്പിച്ചപ്പോൾ യുക്രൈന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നും കീവ് ലക്ഷ്യമാക്കി റഷ്യൻ സേന കുതിച്ചു. റഷ്യയുടെ കൂട്ടയാക്രമണത്തിൽ പകച്ചു നിന്ന യുക്രൈൻ പ്രസിഡന്റ് കൊട്ടാരം വിട്ട് ഒളിവിൽ പോയി. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും ആഴ്ചകൾക്കുള്ളിൽ തലസ്ഥാനം സംരക്ഷിക്കാൻ ശക്തമായ തിരിച്ചടിയുമായി യുക്രൈൻ സൈന്യം നഗരാതിർത്തികളിൽ നിലയുറപ്പിച്ചു. അപ്പോഴേക്കും യൂറോപിൽ നിന്നുള്ള ആയുധങ്ങൾ യുക്രൈൻ മണ്ണിലെത്തിയിരുന്നു. ഏറ്റുമുട്ടൽ രൂക്ഷമായതോടെ കീവ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് റഷ്യ പിന്നോട്ടടിച്ചെങ്കിലും അതിർത്തി പ്രദേശങ്ങളിൽ അധിനിവേശം ഉറപ്പിക്കാൻ മോസ്കോ തീരുമാനിച്ചു.

കീഴടക്കലല്ല; ഇല്ലാതാക്കൽ
തുർക്കിയുടെയും യു എന്നിന്റെയും നേതൃത്വത്തിൽ നിരന്തരമായ സമാധാന ഇടപെടൽ നടന്നെങ്കിലും ഫലമുണ്ടായില്ല. ചർച്ച കൊണ്ട് റഷ്യയെ തുരത്താനാകില്ലെന്ന് പ്രഖ്യാപിച്ച സെലൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് സൈനിക സഹായം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് ഓരോ നഗരങ്ങളും തിരിച്ചുപിടിക്കാൻ യുക്രൈന് സാധിച്ചു. അപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ യുക്രൈൻ മണ്ണിൽ ചേതനയറ്റ ശരീരങ്ങളായി മാറിയിരുന്നു.
നിലവിൽ കിഴക്കൻ പ്രവിശ്യകളായ ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക് മരിയൂപൊൾ, മിലിറ്റൊപൊൾ, കേഴ്‌സൺ എന്നിവ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് യുക്രൈൻ നിയന്ത്രണത്തിലുള്ള നഗരങ്ങളിലേക്ക് വ്യോമാക്രമണങ്ങളടക്കമുള്ള യുദ്ധ തന്ത്രവുമായി റഷ്യൻ സേന മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. കീഴ്‌പ്പെടുത്തുകയെന്നതിലുപരി യുക്രൈനെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് റഷ്യക്കുള്ളത്. അതുകൊണ്ട് തന്നെ കെട്ടിടങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുന്നതിലാണ് റഷ്യൻ സൈന്യത്തിന്റെ ഉന്നം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ശക്തമായ ഏറ്റുമുട്ടലിന് യൂറോപ്പ് സാക്ഷിയാകുകയാണ്.