Connect with us

Kuwait

ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ വേര്‍പാടിന് ഒരാണ്ട്

2020 സെപ്തംബര്‍ 29 നായിരുന്നു അമേരിക്കയിലെ മാഞ്ചചസ്റ്റര്‍ മയോ ക്ലിനിക്കില്‍ വെച്ച് ചികിത്സയിലായിരിക്കെ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിന്റെ അഞ്ചാമത്തെ അമീര്‍ ആയിരുന്ന ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ വേര്‍പാടിനു ഒരു വര്‍ഷം തികഞ്ഞു. 2020 സെപ്തംബര്‍ 29 നായിരുന്നു അമേരിക്കയിലെ മാഞ്ചചസ്റ്റര്‍ മയോ ക്ലിനിക്കില്‍ വെച്ച് ചികിത്സയിലായിരിക്കെ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വേര്‍പാടിന്റെ നൊമ്പരം സമ്മാനിച്ച് കൊണ്ടായിരുന്നു അദ്ദേഹം കടന്നു പോയത്.

മികച്ച ഒരു ഭരണാധികാരി എന്നതിനു പുറമേ, ഏറ്റവും നല്ല നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ കൂടി അദ്ധേഹം അറബ് ലോകത്ത് അറിയപ്പെട്ടു. ഇത് കൊണ്ട് തന്നെ സഹോദര രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഏവരും സമീപിച്ചതും ആദേഹത്തെയായിരുന്നു. ഐക്യരാഷ്ട്ര സഭ പോലും അദ്ദേഹത്തിന്റെ നയതന്ത്ര ചാരുത പ്രയോജനപ്പെടുത്തിയ നിരവധി സന്ദര്‍ഭങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ലോകത്തിന്റെ നനാ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനും അദ്ദേഹം നേതൃ പരമായ പങ്ക് വഹിക്കുകയും ചെയ്തു. ഇതിനു പുറമേ സ്വന്തം നിലയിലും കുവൈത്തിന്റെ പൊതു ഖജനാവില്‍ നിന്നുമായി ദശ കോടിക്കണക്കിനു ദിനാറിന്റെ സഹായങ്ങളാണു അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത്.ഇതിനുള്ള അംഗീകാരമായി 2014 ല്‍ ഐക്യ രാഷ്ട്ര സഭ അദ്ദേഹത്തെ ആഗോള മാനവിക നേതാവ് എന്ന പദവി നല്‍കി ആദരിച്ചു.

ഇന്ത്യയുമായും മികച്ച സൗഹൃദ ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. 2006 ല്‍ അമീര്‍ ആയി സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യമായി സന്ദര്‍ശ്ശിച്ച വിദേശ രാജ്യങ്ങളളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. പിന്നീട് 2 തവണ സ്വകാര്യ സന്ദര്‍ശ്ശനത്തിനായും അദ്ദേഹം ഇന്ത്യയില്‍ എത്തി.ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെയും ഏറെ സ്‌നേഹിച്ച നേതാവായിരുന്നു ഷൈഖ് സബാഹ് അഹമ്‌നദ് അല്‍ സബാഹ്. വിദേശികള്‍ക്ക് പ്രതികൂലമായി ബാധിക്കുന്ന പല നിയമങ്ങള്‍ക്കും പാര്‍ലമെന്റില്‍ അംഗീകാരം ലഭിച്ചിട്ടു പോലും പലതും ഇപ്പോഴും നടപ്പിലാക്കാതിരിക്കുന്നത് അദ്ദേഹത്തിന്റെ താല്‍പര്യ പ്രകാരമായിരുന്നു.

രാജ്യ ചരിത്രത്തില്‍ ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ സ്ഥാപിച്ചു കൊണ്ടാണു അദ്ദേഹം കടന്നു പോയത്. കിരീടാവകാശി പദവി വഹിക്കാതെ ആദ്യമായി പ്രധാന മന്ത്രി, അമീര്‍ മുതലായ പദവികളില്‍ നേരിട്ട് എത്തുന്നതും അദ്ദേഹമായിരുന്നു. രാജ്യ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘ കാലം (40 വര്‍ഷം ) വിദേശ കാര്യ മന്ത്രി പദവി അലങ്കരിച്ചതും ഷൈഖ് സബാഹ് ആണു. കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 1963 മെയ് 11 നു ആദ്യമായി കുവൈത്തിന്റെ ചതുര്‍ വര്‍ണ്ണ പതാക ഐക്യ രാഷ്ട്ര സഭയുടെ കെട്ടിടത്തിനു മുകളില്‍ ഉയര്‍ത്താനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു.ഇത്തരത്തില്‍ കുവൈത്ത് ചരിത്രത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ രേഖപ്പെടുത്തി കൊണ്ടാണു 92 ആമത്തെ വയസ്സില്‍ അദ്ദേഹം കടന്നു പോയത്.

 

Latest