Connect with us

Wayanad

വയനാടിന് ജില്ലാ ആശുപത്രി ഇല്ലാതായിട്ട് ഒരു വര്‍ഷം

ഉപയോഗിക്കാന്‍ കഴിയാതെ ഒരു കോടിയിലധികം ഫണ്ട്

Published

|

Last Updated

കല്‍പ്പറ്റ | മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയതോടെ വയനാടിന് ജില്ലാ ആശുപത്രി ഇല്ലാതായി. അടുത്ത മാസം 15ന് മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം തികയുന്പോഴും പകരം ജില്ലാ ആശുപത്രിയില്ലാത്തതിനാൽ ജില്ലാ പഞ്ചായത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്നത് ഒരു കോടിയിലധികം ഫണ്ട്.

സാധാരണയായി പ്രതിവര്‍ഷം ആരോഗ്യമേഖലക്കായി ഒന്ന് മുതല്‍ ഒന്നരക്കോടി വരെയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിക്കാറുള്ളത്. ജില്ലാ ആശുപത്രിക്കാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. മാനന്തവാടിയിലെ ആശുപത്രി മെഡിക്കല്‍ കോളജും കല്‍പ്പറ്റയിലേത് ജനറല്‍ ആശുപത്രിയുമായതോടെ ഫണ്ട് ചെലവഴിക്കാന്‍ ഇടമില്ലാതായി. സുല്‍ത്താന്‍ ബത്തേരിയിലെയും വൈത്തിരിയിലേയും താലൂക്ക് ആശുപത്രികൾ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ്.

അതേസമയം, വിശാലമായ വികസന സാധ്യതകളാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്കുള്ളത്. ബത്തേരി നഗരത്തിലേയും സമീപ പ്രദേശമായ ഫെയര്‍ലാന്‍ഡിലേയും ഭൂമികള്‍ ഉപയോഗപ്പെടുത്തിയാല്‍ അതിവിശാലമായ വികസന സാധ്യതകളാണ് ഇവിടെ ജില്ലാ പഞ്ചായത്ത് മുന്നില്‍ കാണുന്നത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സുല്‍ത്താന്‍ ബത്തേരിയില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംസാദ് മരക്കാര്‍ സിറാജിനോട് പ്രതീക്ഷ പ്രകടിപ്പിച്ചത്.

വാര്‍ഡുകളുടെ നവീകരണം, അറ്റകുറ്റപ്പണി, മാലിന്യ സംസ്‌കരണം തുടങ്ങിയവക്കാണ് കൂടുതലായും ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാറുള്ളത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി ആക്കി ഉയര്‍ത്തിയാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റും നിയമിക്കാന്‍ സാധിക്കും. അതോടൊപ്പം, മികച്ച ചികിത്സാ സൗകര്യങ്ങള്‍, പുതിയ ഡിപ്പാർച്ചുമെന്റുകള്‍, ഹൈടെക്ക് ലാബുകള്‍, ഭൗതിക- ആരോഗ്യ വികസനം എന്നിവയും ഇവിടെ സാക്ഷാത്കരിക്കപ്പെടും. ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് നിര്‍ധനരും സാധാരണക്കാരുമായ രോഗികള്‍ക്ക് ഇത് സഹായകരമാകും.

ഇതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ചര്‍ച്ചയാക്കാനാണ് നീക്കമെന്ന് ശംസാദ് മരക്കാർ പറഞ്ഞു.

Siraj Live sub editor 9744663849

Latest