Connect with us

National

വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു; ജെ ഡി യുവിലും ആര്‍ എല്‍ ഡിയിലും നേതാക്കളുടെ കൂട്ടരാജി

ജെ ഡി യു യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസനും രാജിവച്ചവരില്‍ ഉള്‍പ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന്റെ പേരില്‍ മതേതര പാര്‍ട്ടികളായ ജെ ഡി യുവിലും ആര്‍ എല്‍ ഡിയിലും നേതാക്കളുടെ കൂട്ടരാജി.  ബില്ലിനെ അനുകൂലിച്ച നിലപാടില്‍ പ്രതിഷേധിച്ച് അഞ്ച് മുതിര്‍ന്ന നേതാക്കളാണ് ജെ ഡി യു വിട്ടത്. പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസനും രാജിവച്ചവരില്‍ ഉള്‍പ്പെടും. ജെ ഡി യു മൈനോറിറ്റി സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂര്‍ മേഖലയില്‍ നിന്നുള്ള നേതാവായ മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുഹമ്മദ് ഖാസിം അന്‍സാരി എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു.

വെള്ളിയാഴ്ചയാണ് തബ്രീസ് അന്‍സാരി പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിന് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്ന മുസ്ലിംകളുടെ വിശ്വാസം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ ഇല്ലാതായെന്ന് രാജിക്കത്തില്‍ അന്‍സാരി പറഞ്ഞു. താങ്കള്‍ സ്വന്തം മതേതര പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി മുസ്ലിംകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അന്‍സാരി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്, മുത്വലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുസ്ലിം വിരുദ്ധമായ നീക്കങ്ങളുടെ തുടര്‍ച്ചയാണ് വഖഫ് ഭേദഗതി ബില്‍. ബില്ലിനെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉറുദുവിലും ഹിന്ദിയിലും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ അവര്‍ അവഗണിച്ചു. വളരെയധികം ചിന്തിച്ച ശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ അവസാനമല്ല, ഇതൊരു പുതിയ തുടക്കമാണെന്നും അന്‍സാരി പറഞ്ഞു.

ആര്‍ എല്‍ ഡിയില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹ്സൈബ് റിസ്വിയാണ് രാജിവച്ച പ്രധാന നേതാവ്. പാര്‍ട്ടി അധ്യക്ഷന്‍ ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചെന്നും മുസ്ലിംകളെ പിന്തുണക്കുന്നതില്‍ പരാജയപ്പെട്ടെന്നും രാജിക്കത്തില്‍ റിസ്വി ആരോപിച്ചു. മുസ്ലിംകള്‍ ഒറ്റക്കെട്ടായി ചൗധരിയെ പിന്തുണച്ചിരുന്നു. പക്ഷേ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം സമുദായത്തിന് ഒപ്പം നിന്നില്ലെന്ന് റിസ്വി ആരോപിച്ചു.

ആര്‍ എല്‍ ഡിയിലെ നിരവധി ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഹാപൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാക്കി ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്. മുസ്ലിം പ്രശ്നങ്ങളില്‍ പാര്‍ട്ടി മൗനം പുലര്‍ത്തുകയാണെന്നും അധികാരത്തിനായി പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിട്ടെന്നും സാക്കി ആരോപിച്ചു.

ജനങ്ങളുടെ താത്പര്യങ്ങളെക്കാള്‍ സ്വന്തം അധികാര താത്പര്യത്തിനാണ് പാര്‍ട്ടി നേതൃത്വം പ്രാധാന്യം നല്‍കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത 232 പ്രതിപക്ഷ എംപിമാര്‍ക്ക് സാക്കി നന്ദി പ്രകടിപ്പിച്ചു. സര്‍ക്കാരിന് ബില്ല് പാസാക്കാന്‍ കൂടുതല്‍ ആളുകളെ പിന്തുണ ലഭിച്ചെങ്കിലും ഭരണഘടനക്കൊപ്പം നിന്നവര്‍ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.