International
അമേരിക്ക പകരച്ചുങ്കം പൂര്‍ണമായി റദ്ദാക്കണമെന്ന ആവശ്യവുമായി ചൈന
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയെ പകരച്ചുങ്കത്തില്‍നിന്ന് അമേരിക്ക ഒഴിവാക്കിയതിന് പിന്നാലെയാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവന

ബീജിങ് | അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂര്‍ണമായി റദ്ദാക്കണമെന്ന ആവശ്യവുമായി ചൈന. യുഎസ് തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ ഒരു വലിയ ചുവടുവെപ്പ് നടത്തണമെന്നും പകരച്ചുങ്കം എന്ന തെറ്റായ രീതി പൂര്‍ണമായും റദ്ദാക്കണമെന്നും പരസ്പര ബഹുമാനത്തിന്റെ ശരിയായ പാതയിലേക്ക് മടങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയെ പകരച്ചുങ്കത്തില്‍നിന്ന് അമേരിക്ക ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ട്രംപിന്റെ താരിഫ് ഭീഷണികളെ വെറും തമാശ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചൈന നേരത്തെ ലോക വ്യാപാര സംഘടനയില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം തീരുവയാണ് അമേരിക്ക ശനിയാഴ്ച ഒഴിവാക്കിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ഇളവ് ബാധകമാണ്. ടെക് കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച ഈ നീക്കം ആപ്പിള്‍, സാംസങ് തുടങ്ങിയ ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ വന്‍ നഷ്ടമാണ് ഓഹരി വിപണിയില്‍ ഈ കമ്പനികള്‍ നേരിട്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സെമികണ്ടക്ടറുകള്‍, സോളാര്‍ സെല്ലുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവയും ഉള്‍പ്പെടും. ഗാഡ്ജെറ്റുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മിക്കുന്നതിനാല്‍ വില കുതിച്ച് ഉയരുമെന്ന ആശങ്കക്കിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
യുഎസ്-ചൈന വ്യാപാര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇളവിനുള്ള തീരുമാനം വരുന്നത്.അമേരിക്കന്‍ ഇറക്കുമതിക്ക് 125% പ്രതികാര തീരുവയാണ് ചൈന ഏര്‍പ്പെടുത്തിയത്. എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയത് 145% തീരുവയാണ്.