Kerala
പമ്പാനദിയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
റാന്നി ഇട്ടിയപ്പാറ ടൗണില്‍ ബൈപ്പാസ് ജങ്ഷനില്‍ സൈക്കിള്‍ വണ്ടി ചായക്കടയില്‍ ജോലിചെയ്യുന്ന തെങ്കാശി സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്.

പത്തനംതിട്ട | റാന്നിയില്‍ പമ്പാനദിയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി ഇട്ടിയപ്പാറ ടൗണില്‍ ബൈപ്പാസ് ജങ്ഷനില്‍ സൈക്കിള്‍ വണ്ടി ചായക്കടയില്‍ ജോലിചെയ്യുന്ന തെങ്കാശി സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ ടീ നടത്തിയ തിരച്ചിലിലാണ് അങ്ങാടി പുല്ലൂപ്രം വരൂര്‍ മാരാ തോട്ടത്തില്‍ കടവില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമാണ് കാര്‍ത്തിക്കും മറ്റ് രണ്ട് കൂട്ടുകാരും കൂടി ഭഗവതിക്കുന്ന് ക്ഷേത്ര കടവിനു മുകള്‍ ഭാഗത്തായുള്ള തോമ്പില്‍ക്കടവിലെത്തിയത്. എല്ലാംവരും ചേര്‍ന്ന് കുളിക്കുന്നതിനിടയില്‍ കാര്‍ത്തിക്കിനെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തിരികെ ലോഡ്ജിലെത്തി വിവരം പറയുകയും ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിക്കുകയുമായിരുന്നു.
പിന്നീട് റാന്നി പോലീസും ഫയര്‍ ഫോഴ്‌സും പത്തനംതിട്ടയില്‍ നിന്ന് എത്തിയ സ്‌കൂബാ സംഘവും ചേര്‍ന്ന് വൈകിട്ട് ഏഴുവരെ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് നാലോടെ മൃതദേഹം കണ്ടെത്തി. റാന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. റാന്നി ഇട്ടിയപ്പാറ-ഐത്തല റോഡില്‍ ഭഗവതികുന്ന് ക്ഷേത്ര പടിയിലെ ലോഡ്ജിലാണ് കാര്‍ത്തിക്, കടയിലെ മറ്റ് തൊഴിലാളികളോടൊപ്പം താമസിച്ചിരുന്നത്.