Kudumbasree
കുടുംബശ്രീ കണക്കുകള്‍ ഇനി മൊബൈല്‍ ആപ്പില്‍
സംസ്ഥാനത്ത് 2,53,000 അയല്‍ക്കൂട്ടങ്ങളുണ്ട്.
തിരുവനന്തപുരം | കേരളത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലാവുന്നു. കണക്കുകള്‍ അടക്കം എല്ലാ വിവരങ്ങളും ലോക്കോസ് എന്ന മൊബൈല്‍ ആപ്പ് വഴിയാണു കൈകാര്യം ചെയ്യുക. സെപ്റ്റംബറിനുള്ളില്‍ ഇതിനുള്ള പ്രവര്‍ത്തനം പൂര്‍ണമാവും.
സംസ്ഥാനത്ത് 2,53,000 അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവയുടെ വായ്പ, നിക്ഷേപം തുടങ്ങിയ പൂര്‍ണ വിവരങ്ങളാണു ഡിജിറ്റലൈസ് ചെയ്യുന്നത്. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയല്‍കൂട്ടങ്ങള്‍ രജിസ്റ്ററില്‍ എഴുതി മേല്‍ കമ്മിറ്റിക്ക് കൈമാറുന്ന രീതി ഇതോടെ ഇല്ലാതാവും.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതാണു ലോക്കോസ് എന്ന മൊബൈല്‍ ആപ്പ്. ഈ ആപ്പ് കൈകാര്യം ചെയ്യാനായി റിസോഴ്‌സ് പേഴ്‌സണ്‍മാരെ പരിശീലിപ്പിച്ചു. എല്ലാ ആഴ്ചയിലും ഈ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അയല്‍കൂട്ടങ്ങളുടെ വിവരങ്ങള്‍ ആപ്പിലേക്ക് രേഖപ്പെടുത്തും. ജൂലൈ 31ന് മുമ്പ് അയല്‍കൂട്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. ഇതിനു ശേഷം മേല്‍ഘടകങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതോടെ സാമ്പത്തിക ക്രമക്കേടുകള്‍ പൂര്‍ണമായി തടയാന്‍ കഴിയുമെന്നാണു കരുതുന്നത്.