Kerala
തൃണമൂല്‍ ഭീഷണി; കെ പി സി സി നിഷ്‌ക്രിയരായ പ്രാദേശിക നേതാക്കളുടെ വിവരം ശേഖരിക്കുന്നു
282 ബ്ലോക്ക് കമ്മിറ്റികള്‍ക്ക് അയച്ച ഒമ്പത് പേജുള്ള കത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം | നിഷ്‌ക്രിയരായ പ്രാദേശിക നേതാക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാന്‍ കോണ്‍ഗ്രസില്‍ അടിയന്തിര ജാഗ്രത. ബ്ലോക്ക് കമ്മിറ്റികള്‍ക്കായി തയ്യാറാക്കിയ ഒമ്പതു പേജുള്ള മാര്‍ഗ രേഖയില്‍ നിഷ്‌ക്രിയരായ പ്രാദേശിക നേതാക്കളുടെ വിവരം കെ പി സി സിക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത്.
പി വി അന്‍വര്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ അടിവേര് തോണ്ടുന്നതില്‍ മമതയുടെ തൃണമൂല്‍ വലിയ പങ്കു വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ തൃണമൂലിന്റെ വരവില്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ നിര്‍ദ്ദേശം. കോണ്‍ഗ്രസ്സില്‍ ഉടക്കി നില്‍ക്കുന്ന പ്രാദേശിക നേതാക്കള്‍ കൊഴിഞ്ഞുപോകാതിരിക്കാനാണ് മാര്‍ഗ നിര്‍ദ്ദേശം. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കെ പി സി സിക്കു കൈമാറാന്‍ മാര്‍ഗ രേഖ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികള്‍ക്ക് അയച്ച ഒമ്പത് പേജുള്ള കത്തില്‍ സംഘടന എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അക്കമിട്ടുനിരത്തുന്നു.
മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അന്‍വര്‍ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രത്യേക ശ്രമം നടത്തണമെന്നും കെ പി സി സി തീരുമാനിച്ചു. പാര്‍ട്ടിയില്‍ പുനസംഘടന അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുറപ്പെടുവിച്ച മാര്‍ഗ രേഖയില്‍ ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനും കെ പി സി സി തീരുമാനിച്ചു.
ഇനിമുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ക്ക് ചുമതലകള്‍ വിഭജിച്ചുനല്‍കും. താഴെ തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഭാരവാഹികളുടെ ബാഹുല്യമുണ്ടെങ്കിലും ആര്‍ക്കും ഉത്തരവാദിത്തമില്ല. ചിലര്‍ പദവികളിലെത്തിയാല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ല. ഈ നിലയില്‍ സംഘടനാസംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു കണ്ടെത്തിയാണ് പുതിയ മാര്‍ഗരേഖ തയ്യാറാക്കിയത്.
പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാത്തവരുടെ പട്ടിക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറണം. കൃത്യമായി യോഗങ്ങള്‍ ചേരണം. പാര്‍ട്ടി ഓഫീസില്‍ ടിവിയും കമ്പ്യൂട്ടറും വേണം. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നേതാക്കള്‍ സജീവമാകണമെന്നും നിര്‍ദ്ദേശിക്കുന്നു.