cover story
നടന്നുവരുന്ന വായന
കഴിഞ്ഞ നാലര പതിറ്റാണ്ടായി സുകുമാരന്‍ നടന്നുകൊണ്ടിരിക്കുകയാണ്. കിഴക്ക് വെള്ളി കീറുമ്പോള്‍ അക്ഷര സഞ്ചിയുമായുള്ള ആ കാല്‍നട തുടങ്ങുന്നു. അക്ഷരസ്‌നേഹികളെ തേടിയുള്ള ആ നടത്തം വെയിലസ്തമിക്കുന്നതുവരെ തുടരും. വായന അസ്തമിക്കുന്നുവെന്ന വിലാപങ്ങള്‍ ഉയരുമ്പോള്‍, അക്ഷര വെളിച്ചം കെട്ടുപേകാതിരിക്കാനുള്ള ഉത്തരവാദിത്വമാണത്. സഞ്ചിയില്‍ പുസ്തകവുമായി സഞ്ചരിക്കുന്ന ഈ ഏകാംഗ ഗ്രന്ഥാലയത്തിന്റെ ഓര്‍മകളാണ് ഇവിടെ പങ്കുവെക്കുന്നത്. പിന്നിട്ട വഴികളിലും കാലത്തിലും പടര്‍ന്നു കിടക്കുന്ന വായനയുടെ അനുഭൂതിയാണ് ആ പുസ്തക ജീവിതം.
ഇരുകൈകളിലും തൂക്കിപ്പിടിച്ച തുകൽസഞ്ചിയുമായി അറുപത്തിനാലുകാരനായ ആ കുറിയ മനുഷ്യൻ നടക്കുകയാണ്… അവിടങ്ങളിലെ ഓരോ വീട്ടിലും കയറിയിറങ്ങുകയാണ്. അക്ഷരസ്നേഹികളെയും അന്വേഷിച്ചാണ് അദ്ദേഹത്തിന്റെ ഈ യാത്ര. ഇടവഴികളിലെ ഇടതൂർന്ന കല്ലുംമുള്ളും ഗ്രാമവീഥികളിലെ ചെമ്മൺപാതകളും താണ്ടി ദിവസേനയുള്ള പന്ത്രണ്ട് കി. മീറ്ററോളം വരുന്ന ചുവടുവെപ്പിൽ ചിലർ ബഹുമാനപുരസ്സരം നീട്ടിവിളിക്കും “സുകുമാരൻ ജി’ എന്നും അവരുടെതായ പ്രാദേശികരീതിയിൽ. ചിലർ കൈപൊക്കി അഭിവാദ്യം ചെയ്യും. പിന്നാലെ “പുസ്തകമാമാ’… എന്ന് വിദ്യാർഥികളും നീട്ടിവിളിക്കും. ഇവരെല്ലാം പുസ്തമെത്തിച്ചു നൽകുന്നതിലെ സൗഹൃദക്കൂട്ടായ്മയിലെ കണ്ണികളാണ്.ഇതു കേൾക്കാനും പുസ്തകവുമായുള്ള അദ്ദേഹത്തിന്റെ ഈ സഞ്ചാരവും ആരംഭിച്ചിട്ട് നാലര പതിറ്റാണ്ടായി. ഇന്നും അദ്ദേഹം പുസ്തകങ്ങൾ നിറച്ച ബാഗുമായി യാത്ര തുടരുകയാണ്; അക്ഷരസ്നേഹികളെ തേടി.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് താമല്ലാക്കൽ വടക്ക് പെരിങ്ങറാൽ പരേതരായ പരമേശ്വരന്റെയും പാർവതിയുടെയും ആറ് മക്കളിൽ മൂന്നാമനായ സുകുമാരൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ് ഈ വാർധക്യത്തിലും. വാർധക്യത്തിലേക്ക് കടക്കുകയാണെങ്കിലും വായിക്കാനും വായിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അദ്ദേഹം ഇതിനോടകം വായിച്ചുതീർത്ത പുസ്തകങ്ങൾ നിരവധിയാണ്. വായിപ്പിച്ചിട്ടുള്ളവരുടെ എണ്ണത്തിനും അതിരുകളില്ല. അതിൽ കുട്ടികളും മുതിർന്നവരും വീട്ടമ്മമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രമല്ല, രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളുമൊക്കെ ഉൾപ്പെടുമെന്നു പറയുമ്പോൾ അതിൽ തെളിഞ്ഞു നിൽക്കുന്നത് ആലപ്പുഴ കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനായ സുകുമാരന്റെ അക്ഷരസ്നേഹമൂട്ടുന്ന കഥയാണ്.
അക്ഷരക്കൂട്ടിലെ വേറിട്ട കഥ
1980ൽ ആലപ്പുഴ എസ് ഡി കോളജിൽ ബി എ ഇക്കണോമിക്‌സിന് പഠിക്കുന്ന കാലം. അന്ന് സുകുമാരന് വയസ്സ് പത്തൊൻപത്. നാട്ടിലെ പ്രധാന വ്യക്തിത്വങ്ങൾ ചേർന്ന് 1950ൽ രൂപം നൽകിയ കേരളത്തിലെ ഏറെ പഴക്കംചെന്ന വായനശാലയായ ഹരിപ്പാട് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനാകുമ്പോൾ ചെറുപ്പം മുതൽ തന്നെ ധാരാളം വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മനസ്സ് ഏറെ സന്തോഷിച്ചു. ഏറെ വായിക്കാൻ അവസരം ലഭിക്കുമല്ലോ എന്ന ചിന്ത മാത്രമായിരുന്നു അതിനു കാരണം.
കോളജിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നതിനാൽ ലൈബ്രേറിയനായി പോകുന്നതിനും പ്രയാസമുണ്ടായിരുന്നില്ല. ജീവിക്കാൻ സാന്പത്തികമായി ബുദ്ധിമുട്ടുള്ള കാലം കൂടിയായിരുന്നു അത്. അക്കാലത്ത് ലൈബ്രറിയിൽ നിന്നും മാസംതോറും ലഭിക്കുന്ന അലവൻസായ ഇരുപത് രൂപ വലിയ തുകയായും അത് അൽപ്പം ആശ്വാസമാകുമെന്നും അദ്ദേഹം കരുതി. ആദ്യ കാലങ്ങളിൽ അങ്ങനെ മുന്നോട്ടുപോയെങ്കിലും വരിക്കാരുടെ കുറവും പുസ്തകങ്ങൾ എടുക്കാൻ കാര്യമായി ആരും ലൈബ്രറിയിൽ എത്താതെയുമായപ്പോൾ എന്തുചെയ്യുമെന്ന ചിന്ത അദ്ദേഹത്തെ വലച്ചു. അങ്ങനെയാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുക എന്ന മാർഗം സുകുമാരന്റെ മനസ്സിൽ ഉദിച്ചത്. അങ്ങനെയൊരു സന്പ്രദായമില്ലാത്ത അക്കാലത്ത് ഇതൊരു പുതിയ ആശയമായിരുന്നു.
എന്നാൽ സൈക്കിൾ ചവിട്ടാൻ പോലും അറിയാതെ എങ്ങനെ വീടുകളിൽ പുസ്തകം എത്തിക്കും എന്നതൊരു വിഷയമായി. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗമായിരുന്നു സഞ്ചിയിൽ പുസ്തകങ്ങൾ നിറച്ചു നടന്നു വീടുകളിൽ എത്തിക്കുക. അന്ന് പലരും സംശയം പ്രകടിപ്പിച്ചു , ഈ നടപ്പ് അധികകാലം മുന്നോട്ടുപോകില്ല എന്ന്. പക്ഷേ, സുകുമാരൻ പിൻമാറാൻ തയ്യാറല്ലായിരുന്നു. ആദ്യകാലങ്ങളിൽ കുറച്ചു പുസ്തകങ്ങളും വരിക്കാരും മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു നടന്നു പോകാനും അക്കാലത്തെ വരിസംഖ്യയായ രണ്ടര രൂപ വാങ്ങാനും വലിയ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ കാലം മാറിയതനുസരിച്ച് ഈ രീതിയോട് കൂടുതൽ ആളുകൾ സഹകരിക്കാൻ തുടങ്ങി.
അംഗങ്ങൾ ഏറി. വരിക്കാരായി നിരവധി ആളുകളുണ്ടായി. ഇതിൽ പലരും ലൈബ്രറിയുമായി ഏറെ ദൂരത്തായിരുന്നു താമസം. അവിടെയെല്ലാം പുസ്തകം എത്തിക്കുക ഒരു വെല്ലുവിളിയായെങ്കിലും തന്റെ ഉദ്യമത്തിൽ നിന്നും പിന്മാറാതെ അദ്ദേഹം യാത്ര തുടർന്നു. ഏത് കഷ്ടപ്പാട് സഹിച്ചും അവിടെയെല്ലാം പുസ്തകം എത്തിക്കും എന്ന ദൃഢപ്രതിജ്ഞയുമായിട്ടാണ് സുകുമാരൻ യാത്ര തുടർന്നത്. അക്കാലത്ത് തുടങ്ങിയ നടപ്പ് 46 വർഷമായി തുടരുമ്പോഴും പ്രായത്തിന്റെ നരകൾ പിടിമുറുക്കിയെങ്കിലും ഊർജസ്വലതയോടെ ഇപ്പോഴും ഈ ഉദ്യമത്തിൽ ആഹ്ലാദം കണ്ടെത്തുന്നു. രാവിലെ ഏഴരയോടെ ലൈബ്രറിയിൽ എത്തിയാൽ പത്രവായന മുടക്കാറില്ല. പത്ത് മണിയോടെയാകും പുസ്തക സഞ്ചിയുമായി വീടുകളിലേക്കുള്ള യാത്ര.
ഒരോ ദിവസവും വ്യത്യസ്ത ദിശകളലേക്കുള്ള യാത്ര. വ്യത്യസ്ത അനുഭവങ്ങൾ. അപൂർവം ചില ദിവസങ്ങളിൽ ഉച്ചകഴിഞ്ഞാലും പുസ്തകങ്ങൾ എത്തിക്കും. വീടുകളിൽ നിന്നും പുസ്തകങ്ങൾ തിരികെ വാങ്ങുമ്പോൾ ആ പുസ്തകം വായിച്ചെന്ന് ഉറപ്പ് വരുത്താൻ അതിലെ ചില ചോദ്യങ്ങൾ വരിക്കാരനോട് ചോദിച്ച് വായിച്ചിട്ടുണ്ടെന്ന് തന്റെതായ രീതിയിൽ ഉറപ്പാക്കും. നോവലാണെങ്കിൽ അതിലെ കഥാപാത്രങ്ങളെക്കുറിച്ചാകും ചോദ്യം.
വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങളും ബാലസാഹിത്യങ്ങളും എടുക്കുന്നവരോട് പ്രത്യേകിച്ച് വിദ്യാർഥികളോട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും ചോദിക്കുക. ഉത്തരം തൃപ്തികരമല്ലെങ്കിൽ വീണ്ടും വായിപ്പിച്ച ശേഷമേ പുസ്തകം തിരികെ വാങ്ങൂ. ഈ രീതി വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകാറുണ്ടെന്നും അവരുടെ രക്ഷിതാക്കൾക്ക് ഈ രീതിയോട് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. വായന ഏവർക്കും ഗുണം ചെയ്യുമെന്നും ചെറുപ്പം മുതൽതന്നെ ഈ രീതിയിൽ വായനയിലേക്ക് കുട്ടികളെ ക്ഷണിക്കണമെന്നും അദ്ദേഹം ഉണർത്തുന്നു.
ഈ പുസ്തക യാത്രയിൽ രസകരമായ അനുഭവങ്ങളും നിരവധിയാണ്. ഈ നടപ്പും പുസ്തക പ്രേമവും എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഒരു താത്വികനെപ്പോലെയുള്ള മറുപടിയാകും സുകുമാരനിൽ നിന്നുണ്ടാകുക. “വായിച്ചു വളരുകയും ചിന്തിച്ചു വിവേകം നേടുകയും വേണം. ഇല്ലെങ്കിൽ നല്ല മനുഷ്യനാകുക അസാധ്യമാണ്. എല്ലാ മതങ്ങളും പ്രവാചകന്മാരും പറഞ്ഞിട്ടുള്ളതും വായിക്കാനും പഠിക്കാനുമാണ.് അത് ഞാൻ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. തന്നെയുമല്ല നവരാഷ്ട്ര പുനർനിർമാണം വായനയിലൂടെ മാത്രമേ സാധ്യമാകൂവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ജനത്തെ വായിക്കാൻ പ്രേരിപ്പിക്കുക എന്റെ ദൗത്യമായി ഞാൻ കരുതുന്നു എന്നും പറയുന്നു. ആയിരക്കണക്കിന് ആളുകളെ വായിപ്പിക്കുകയും സ്വയം വായിക്കുകയും ചെയ്തിട്ടുള്ള ആളെന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനും പുസ്തകം ഏതെന്നു ചോദിച്ചാൽ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ’ , കെ രാധാകൃഷ്ണന്റെ “ശമനതാളം’ എന്നീ പുസ്തകങ്ങൾക്കാണ് അദ്ദേഹം മാർക്കിടുക.
തകഴി, എം ടി , താരാശങ്കർ ബാനർജി, പെരുമ്പടവം, ഉറൂബ്, കേശവദേവ്, ഖലീൽ ജിബ്രാൻ തുടങ്ങി പഴയതും പുതിയതുമായ മിക്കവരുടെയും രചനകൾ വായിച്ചിട്ടുള്ള സുകുമാരനോട് സ്ത്രീകൾ കൂടുതൽ വായിക്കാൻ ഇഷ്ടപ്പെടുന്നത് ഏതുതരം പുസ്തകമാണെന്ന് ചോദിച്ചാൽ അത് നോവലാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, ഒരു ഭാഗത്തുകൂടി വായനാശീലം കുറയുമ്പോൾ ആഴത്തിലുള്ള വായനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഇതിനോടകം ഒട്ടേറെ പുരസ്്കാരങ്ങളും സുകുമാരനെ തേടിയെത്തിയിട്ടുണ്ട്. ഐ വി ദാസ് പുരസ്്കാരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ പുരസ്കാരം, ജില്ലാ ലൈബ്രറി കൗൺസിൽ പുരസ്കാരം ഉൾപ്പെടെ നിരവധി സാംസ്കാരിക സംഘടനകളുടെയും ത്രിതല പഞ്ചായത്തുകളുടെയും ആദരവ് ഏറ്റുവാങ്ങാനും അദ്ദേഹത്തിനായി. സുകുമാരനും ഭാര്യ സുമതിയും സെറിബ്രൽ പാഴ്‌സി രോഗിയായ ഏകമകൻ അനന്തകൃഷ്ണനും വർഷങ്ങളായി വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നവും പേറിയാണ് ദിവസേനയുള്ള അദ്ദേഹത്തിന്റെ നടത്തം.
1950ൽ സ്ഥലത്തെ പ്രധാന വ്യക്തിത്വങ്ങൾ രൂപം നൽകിയ വായനശാല പുനർ നിർമിക്കാനുള്ള തടസ്സങ്ങൾ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നടക്കുന്ന ചില വ്യവഹാരങ്ങളാണ് അതിനു കാരണമായി പറയപ്പെടുന്നത്. ചോർന്നൊലിച്ചു തകർന്നു വീഴാറായ മേൽക്കൂരക്കുള്ളിലെ ഏതാനും അലമാരകളിൽ കുത്തിനിറച്ചു വെച്ചിരിക്കുന്ന പുസ്തകങ്ങൾ. പൊട്ടിപ്പൊളിഞ്ഞ തറ. അവിടെ പൊടിയിൽ മുങ്ങിയ പേപ്പറുകൾ ഇതാണ് ലൈബ്രറിയുടെ ഇപ്പോഴത്തെ അവസ്ഥ. ഇരിക്കാൻ ഇടമില്ലാത്തതുകാരണം ദിവസേന പത്രം വായിക്കാൻ എത്തുന്നവരുടെ എണ്ണവും കുറവാണ്. എങ്കിലും ഉള്ള സ്ഥലത്ത് ഒതുങ്ങി ഇരുന്നാണെങ്കിലും പുസ്തകങ്ങൾ വിതരണം ചെയ്യാൻ ഒരു ജീവിതതാളംപോലെ ബന്ധപ്പെട്ടവർ ഏറെ ശ്രദ്ധിക്കുന്നു. അപ്പോഴും കേരളത്തിലെ ഏറെ പഴക്കം ചെന്ന ഈ വായനശാല ഒരിക്കൽ പോലും തുറക്കാതിരുന്നിട്ടില്ല. മഹത്തായ ഈ വായനശാല നിലനിൽക്കണം. അതിനായി നിലവിലെ തടസ്സങ്ങൾ അവസാനിക്കണം. ഒപ്പം അവിടെയൊരു പുതിയ ലൈബ്രറി മന്ദിരം ഉയരണം… ഈ ആഗ്രഹം മാത്രമാണ് ഈ പ്രദേശത്തെ വിജ്ഞാനദാഹികൾക്കും ഇതിനു രൂപം നൽകിയവർക്കുമുള്ളത്.