National
രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉള്ളി വില കുത്തനെ വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കിലോയ്ക്ക് 150 രൂപ വരെയായിരുന്നു വില.
ന്യൂഡല്‍ഹി| രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിപണി വിദഗ്ധരുടെ നീരിക്ഷണം. കനത്ത മഴകാരണം കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹിയിലെ ചില്ലറ വിപണിയില്‍ നിലവില്‍ 40 രൂപയാണ് ഉള്ളി വില. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉള്ളി വില കുത്തനെ കൂടിയിരുന്നു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കിലോയ്ക്ക് 150 രൂപ വരെ എത്തിയിരുന്നു. സമാന സാഹചര്യം ഈ വര്‍ഷവുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിപണിയിലെ വില നിലവാരത്തെ കുറിച്ച് പഠിക്കുന്ന ഏജന്‍സിയായ ക്രിസിലും വ്യക്തമാക്കുന്നു.