Kerala
സവാളക്ക് ഹോർട്ടികോർപിൽ ഇരട്ടി വില
ചില്ലറ വിണിയിൽ ഉള്ളതിനേക്കാൾ കൂടുതൽ വിലയാണ് ഹോർട്ടികോർപ് ഈടാക്കുന്നത്
കോട്ടയം | സവാളയുടെ വില വർധിച്ചതിന് പിന്നാലെ വിപണി വിലയേക്കാൾ ഇരട്ടിവില ഈടാക്കി സർക്കാർ നിയന്ത്രണത്തിലുള്ള ഹോർട്ടികോർപ്. ഹോർട്ടികോർപിൽ സവാള ഒരു കിലോക്ക് 48 രൂപയാണ് വില. അതേസമയം, മൊത്തവിപണിയിൽ സവാളക്ക് 30 രൂപയും ചില്ലറവിപണിയിൽ 40 മുതൽ 45 രൂപ വരെയാണ് ഈടാക്കുന്നത്.
ചില്ലറ വിണിയിൽ ഉള്ളതിനേക്കാൾ കൂടുതൽ വിലയാണ് ഹോർട്ടികോർപ് ഈടാക്കുന്നത്. പൊതുവിപണിയിൽ വില വർധന ഉണ്ടാകുമ്പോൾ വില നിയന്ത്രിക്കാൻ നടപടി എടുക്കേണ്ട സർക്കാർ നിയന്ത്രണത്തിലുള്ള ഹോർട്ടികോർപിലും അമിത വില ഈടാക്കുന്നുവെന്ന ആക്ഷേപം ഉയരുന്നു. ഉപഭോക്താക്കളെ സഹായിക്കാത്ത നടപടിയാണ് ഹോർട്ടികോർപ് സ്വീകരിക്കുന്നത്.
അതേസമയം, നഗര പ്രദേശങ്ങളിൽ സവാളക്ക് 45 രൂപ മുതൽ ഈടാക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ 35 രൂപയാണ് വില. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലുണ്ടായ പ്രളയമാണ് സവാള വിലവർധനവിന് കാരണമായി പറയുന്നത്. പ്രധാനമായും പുണെ മാർക്കറ്റിൽ നിന്നുള്ള സവാളയാണ് സംസ്ഥാനത്തേക്കെത്തുന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ സവാള നട്ട് ഒക്ടോബറിൽ വിളവെടുക്കുന്നതാണ് രീതി. എന്നാൽ അടുത്തിടെയുണ്ടായ പ്രളയത്തിൽ ഗോഡൗണുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി സവാള വിളകൾ നശിച്ചു. സ്‌റ്റോക്ക് കുറഞ്ഞതും ആവശ്യക്കാർ ഏറിയതും വിലവർധനവിന് കാരണമായി. മുന്പ് കിലോക്ക് 25 രൂപ മുതൽ 33 രൂപയായിരുന്നു സവാള വില. കഴിഞ്ഞവർഷം സവാള വില നൂറുരൂപ പിന്നിട്ടിരുന്നു. വില നിയന്ത്രിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.