From the print
ഓണക്കിറ്റ് ഇന്ന് മുതൽ;14 ഇനങ്ങൾ
ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും
തിരുവനന്തപുരം | സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകൾ വഴി ഇന്ന് ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടിന് തിരുവനന്തപുരം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. ആറ് ലക്ഷത്തോളം വരുന്ന എ എ വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.
ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്.