Connect with us

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് ; വീട്ടമ്മയില്‍ നിന്നും 5ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍

പാങ്ങോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നിന്നാണ് പ്രതികളെ പിടികൂടിയത്.

Published

|

Last Updated

തിരുവനന്തപുരം |  ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്നും  പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ഇന്‍സ്റ്റഗ്രാം ചാറ്റിങ് വഴിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യം വീട്ടമ്മയുടെ പക്കലില്‍ നിന്നും 1000 രൂപയാണ് ഇവര്‍ വാങ്ങിയത്. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് വീട്ടമ്മ 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് വീട്ടമ്മ 80,000 രൂപ നല്‍കി. എന്നാല്‍ പണം തിരികെ ലഭിച്ചില്ല.

ഇതേ തുറന്ന് ഇവരെ ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ട് ബ്ലോക്കായെന്നും പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും അറിയിച്ചു. ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും പ്രതികള്‍ പറഞ്ഞു .
തുടര്‍ന്ന് സമാനരീതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നല്‍കി. അക്കൗണ്ട് ബ്ലോക്ക് മാറിയാല്‍ പലിശ ഉള്‍പ്പെടെ പണം തിരികെ നല്‍കാമെന്നായിരുന്നു തട്ടിപ്പു സംഘത്തിന്റെ വാഗ്ദാനം.ഈ വിശ്വാസത്തില്‍ സ്വര്‍ണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യുപിഐ അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു നല്‍കിയത്.

തുടര്‍ന്ന് തട്ടിപ്പിനിരയായെന്ന് മനസിലായതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ പണം തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റാണെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നുവെന്നും പോലീസ് പറഞ്ഞു. ജൂലൈയിലാണ് വീട്ടമ്മ പരാതി നല്‍കുന്നത്. പാങ്ങോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നിന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

Latest