Editorial
ഓണ്‍ലൈന്‍ ഗെയിം: നിയന്ത്രണമല്ല, നിരോധനമാണ് വേണ്ടത്
കുട്ടികളെ വഴിതെറ്റിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള മാര്‍ഗരേഖയുടെ കരട് ഇലക്‌ട്രോണിക് ആന്‍ഡ് ഐ ടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇതനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരും. വാതുവെപ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്നും കരടില്‍ പറയുന്നു. ഉപയോക്താക്കളുടെ സുരക്ഷ, പരാതി പരിഹരിക്കാനുള്ള സംവിധാനം എന്നിവയും ഉള്‍ക്കൊള്ളുന്നുണ്ട് മാര്‍ഗനിര്‍ദേശത്തില്‍. ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ ഒരു സെല്‍ഫ് റഗുലേറ്ററി ബോഡിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധരുടെ ഒരു പാനലാണ് കരട് തയ്യാറാക്കിയത്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയുടെ കരടാണ് തയ്യാറാക്കിയത്. ഇതിന്മേല്‍ പൊതുജനങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ തേടും. ഫെബ്രുവരി അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജീവന്‍ എടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ് ഇന്ന് ഓണ്‍ലൈന്‍ ഗെയിമുകള്‍. സാഹസികതയും സംഘട്ടനങ്ങളും വെടിവെപ്പും നിറഞ്ഞ കളികള്‍ നഗര-ഗ്രാമ ഭേദമന്യേ പടര്‍ന്നു പിടിച്ചിരിക്കുന്നു. സ്മാര്‍ട്ട് ഫോണിന്റെ വരവും ഇന്റര്‍നെറ്റിന്റെ ലഭ്യതയുമാണ് സമൂഹത്തില്‍ ഇത് വ്യാപകമാകാനും ഇളം തലമുറ അഡിക്റ്റാകാനും ഇടയാക്കിയത്. പഠനത്തിനും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങള്‍ക്കും വിനിയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമാകുന്നത്. കുട്ടികള്‍ ശരാശരി ഏഴ് മണിക്കൂറില്‍ കൂടുതല്‍ ഓണ്‍ലൈന്‍ വിനോദങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങളുടെ വെളിപ്പെടുത്തല്‍. പലരും ഒരു നേരമ്പോക്കിനു തുടങ്ങുന്നതാണ് ഓണ്‍ലൈന്‍ ഗെയിം. താമസിയാതെ അതിന്റെ അടിമയായി തീരുകയും ഈ വിപത്തില്‍ നിന്ന് മോചിതമാകാന്‍ പറ്റാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ലഹരി വസ്തുക്കള്‍ക്ക് അടിപ്പെട്ടവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓണ്‍ലൈന്‍ ഗെയിമില്‍ കുടുങ്ങിയവരില്‍ കാണപ്പെടുന്നത്.
മരണക്കളിയെന്ന പേരിലും അറിയപ്പെടുന്നു ഓണ്‍ലൈന്‍ ഗെയിമുകള്‍. ഗെയിമുകളുടെ ചതിക്കുഴിയില്‍പ്പെട്ട് രാജ്യത്ത് ആയിരക്കണക്കിന് പേരാണ് ആത്മഹത്യ ചെയ്തത്. കണ്ണിന്റെ കാഴ്ചശക്തിക്ക് ക്ഷതം, വിഷാദ രോഗം, നിഷേധാത്മക ചിന്താഗതി, സാമൂഹിക ബന്ധങ്ങളുടെ നിരാസം തുടങ്ങി ഇത് സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഏറെയാണ്. ആരോഗ്യ-ചികിത്സാ രംഗങ്ങളില്‍ ഏറെ മുന്നേറിയ കേരളത്തില്‍ മുമ്പില്ലാത്ത തരം വിഷാദ രോഗങ്ങളും മാനസിക പ്രശ്നങ്ങളും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളുമൊക്കെയാണ് ഇതിനു കാരണമെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയതാണ്.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കരട് മാര്‍ഗരേഖയില്‍ പറയുന്നത് പോലെ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചത് കൊണ്ടോ, കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കിയത് കൊണ്ടോ മാത്രം ഇതിന്റെ വിപത്ത് തടയാനാകില്ല. ധാരാളം യുവാക്കളുമുണ്ട് ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടവരില്‍. സര്‍ക്കാര്‍ മേഖലയിലുള്‍പ്പെടെ നിരവധി തൊഴിലാളികളും ജീവനക്കാരുമുണ്ട് ഈ ഗണത്തില്‍. ഓഫീസുകളില്‍ ഇരുന്ന് പോലും ഓണ്‍ലൈന്‍ വിനോദങ്ങളില്‍ മുഴുകുന്നവര്‍ കുറവല്ല. കുട്ടികള്‍ സ്വാധീനം ചെലുത്തി ഓണ്‍ലൈന്‍ കളിക്ക് രക്ഷിതാക്കളുടെ സമ്മതം വാങ്ങാനുള്ള സാധ്യതയും കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ചൂതാട്ടങ്ങള്‍ക്കും നിയന്ത്രണമല്ല നിരോധനമാണ് ഏര്‍പ്പെടുത്തേണ്ടത്. സര്‍ക്കാറിന് സഹസ്ര കോടികള്‍ വരുമാനം നേടിക്കൊടുക്കുന്ന മേഖലയാണ് ഓണ്‍ലൈന്‍ ഗെയിം എന്നതാണ് നിരോധനം നടപ്പാക്കാതിരിക്കാന്‍ കാരണം. 2025-26ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെന്ന സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കൂടി ആവശ്യമാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുക എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് പ്രധാനമന്ത്രി പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. ഗെയിമുകള്‍ നിരോധിച്ചാല്‍ വരുമാനത്തില്‍ ഇടിവ് സംഭവിക്കും. അതേസമയം ഗെയിമുകള്‍ നിരോധിക്കുന്നത് മൂലം സംഭവിക്കുന്ന സാമ്പത്തിക നഷ്ടത്തേക്കാള്‍ വലുതാണ് ഗെയിമുകളിലൂടെ സംഭവിക്കുന്ന മാനവ വിഭവ ശേഷി നഷ്ടമെന്ന കാര്യം ബന്ധപ്പെട്ടവര്‍ കാണാതെ പോകരുത്. ഓണ്‍ലൈന്‍ അഡിക്ഷന്‍ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ വളര്‍ച്ചയെ മുരടിപ്പിക്കുന്നത് വഴി രാജ്യത്തിന് നഷ്ടമാകുന്നത് വന്‍തോതിലുള്ള മാനവ വിഭവശേഷിയാണ്.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, തെലങ്കാന, ഒഡീഷ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചിട്ടുണ്ട്. ഗെയിമുകളിലൂടെ വലിയൊരു വിഭാഗം ആളുകള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം, ആത്മഹത്യകള്‍, വര്‍ധിച്ചുവരുന്ന കടങ്ങള്‍, ആസക്തി തുടങ്ങി ഗുരുതര പ്രത്യാഘാതങ്ങളെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മൂന്ന് മാസം വരെ തടവോ 5,000 രൂപ പിഴയോ ആണ് നിരോധിത ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് തമിഴ്‌നാട്ടിലെ ശിക്ഷ. ഓണ്‍ലൈന്‍ ഗെയിം പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്താല്‍ ഒരു വര്‍ഷം തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ശിക്ഷയും ലഭിക്കും. ഇത്തരമൊരു കര്‍ശന നിയമമാണ് ഇന്ന് രാജ്യത്തിനാവശ്യം.