online cheating
ഓണ്‍ലൈന് തൊഴില്‍ തട്ടിപ്പ്; നിരവധി പേരെ പിടികൂടി
നിരവധി പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും വന്‍തുക കണ്ടെടുക്കാനും കഴിഞ്ഞുവെന്ന് ഷാര്‍ജ ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അഹമ്മദ് അബു അല്‍ സൂദ്
ഷാര്‍ജ | ഷാര്‍ജയില്‍ പുതിയ തൊഴില്‍ തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും വ്യാപകമാവുന്നു. ഈ വര്‍ഷം 260 തൊഴില്‍ തട്ടിപ്പുകളാണ് ഷാര്‍ജ പോലീസ് മാത്രം രജിസ്റ്റര്‍ ചെയ്തത്.
നിരവധി പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും വന്‍തുക കണ്ടെടുക്കാനും കഴിഞ്ഞുവെന്ന് ഷാര്‍ജ ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അഹമ്മദ് അബു അല്‍ സൂദ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 70 ശതമാനം വര്‍ധനയുണ്ടായി. 18 നും 50നും ഇടയില്‍ ഉള്ളവരാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെ. കുറ്റവാളികള്‍ യു എ ഇക്ക് പുറത്ത് നിന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നതിനാല്‍ അന്വേഷകര്‍ക്ക് പ്രതികളെ കണ്ടെത്താനും പിടികൂടാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുറ്റവാളി സംഘങ്ങള്‍ പുതിയ രീതികളാണ് അവലംബിക്കുന്നത്. അതും പോലീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ എല്ലാത്തരം ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബു അല്‍ സൂദ് പറഞ്ഞു.
പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്
അന്താരാഷ്ട്ര സൈബര്‍ ക്രൈം സിന്‍ഡിക്കേറ്റുകള്‍ ഉള്‍പ്പെട്ട വലിയ കണ്ണികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്. ഗൂഗിള്‍ റിവ്യൂകള്‍ പോസ്റ്റുചെയ്യുക, യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക പോലുള്ള ലളിതമായ ജോലികള്‍ ചെയ്താല്‍ അധിക വരുമാനം ലഭിക്കുമെന്ന് മോഹിപ്പിച്ചാണ് ആളുകളെ തട്ടിപ്പിലേക്ക് നയിക്കുന്നത്. വാട്‌സാപ്പ് വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെ നടക്കുന്നത്.
വിശ്വാസം നേടുകയും പങ്കാളിത്തം ആഴത്തിലാവുകയും ചെയ്യുന്നതോടെ ടെലിഗ്രാം ഗ്രൂപ്പ് പോലുള്ള മറ്റു വലിയ ഇടങ്ങളിലെത്തിക്കും. തട്ടിപ്പുകാര്‍ ഇരയുടെ വിശ്വാസം നേടിയെടുക്കാന്‍ ‘വെല്‍ക്കം ബോണസ്’ ആയി ചെറിയ തുക നല്‍കും. ഇതില്‍ വിശ്വസിച്ച് കൂടുതല്‍ വരുമാനവും മികച്ച പ്രതിഫലവും നേടുന്നതിനായി തട്ടിപ്പുകാര്‍ നല്‍കുന്ന ചില പ്രീ-പെയ്ഡ് ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആളുകള്‍ സന്നദ്ധമാവും. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അറിയാതെ സ്വകാര്യ ബാങ്കിങ് വിവരങ്ങളും ഒ ടി പി അടക്കമുള്ളവ ഇതിനകം സംഘത്തിന് കൈമാറിയിരുക്കും.
അവസാനം സമ്പാദ്യം നഷ്ടപ്പെടുമ്പോഴാണ് പലര്‍ക്കും തട്ടിപ്പ് ബോധ്യമാവുന്നത്.
ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു.