Connect with us

National

ഓൺലൈൻ വായ്പ തട്ടിപ്പ്: പേടിഎം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് തുടരുന്നു

ചൈനീസ് വ്യക്തികൾ നിയന്ത്രിക്കുന്ന നിയമവിരുദ്ധ തൽക്ഷണ സ്മാർട്ട്ഫോൺ അധിഷ്ഠിത വായ്പകൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിലെ ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ദിവസവും റെയ്ഡ് തുടർന്നു.

Published

|

Last Updated

ബംഗളൂരു | ചൈനീസ് വ്യക്തികൾ നിയന്ത്രിക്കുന്ന നിയമവിരുദ്ധ തൽക്ഷണ സ്മാർട്ട്ഫോൺ അധിഷ്ഠിത വായ്പകൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിലെ ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ദിവസവും റെയ്ഡ് തുടർന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം റേസർപേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേകളുടെ ബംഗളൂരുവിലെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത ആളുകളെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കൊള്ളയടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് 18 എഫ് ഐ ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള വിവാദ സ്ഥാപനങ്ങളുടെ മർച്ചന്റ് ഐഡികളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമായി 17 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര ഏജൻസി അറിയിച്ചു. ഇന്ത്യക്കാരുടെ വ്യാജരേഖകൾ ഉപയോഗിച്ച് ഡമ്മി ഡയറക്ടരമാരെ സൃഷ്ടിച്ചാണ് വായ്പാ തട്ടിപ്പ് കമ്പനികളുടെ പ്രവർത്തനമെന്നും ഏജൻസി വ്യക്തമാക്കി. കോർപറേറ്റ് മന്ത്രാലയത്തിന് ഇവർ നൽകുന്ന വിലാസങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

റേസർപേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്‌ഫ്രീ പേയ്‌മെന്റ്, പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് എന്നിവക്ക് പുറമെ ചൈനക്കാർ നിയന്ത്രിക്കുന്ന ഓൺലൈൻ ഇടപാട് സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.