Connect with us

siraj editorial

നിയന്ത്രണങ്ങളില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ

ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടതു പോലെ യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിൽ കയറി ആർക്കും എന്തും പറയുകയും ആരെയും വ്യക്തിഹത്യ നടത്തുകയും ചെയ്യാമെന്നതാണ് ഇന്നത്തെ അവസ്ഥ. പലരും വ്യക്തിവിരോധവും പ്രാസ്ഥാനിക വിരോധവും പ്രകടിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്.

Published

|

Last Updated

അദ്വിതീയമാണ് ഓൺലൈൻ, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനശക്തി. സാമൂഹിക കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ മറ്റെന്തിനേക്കാളും കഴിവുണ്ട് ഈ മേഖലക്ക്. ഇന്റർനെറ്റ് കണക്്ഷനോടെയുള്ള സ്മാർട് ഫോണുകൾ കൈവശമില്ലാത്തവർ നന്നേ ചുരുക്കമാണിന്ന്. സന്ദേശങ്ങൾ ലോകത്തെങ്ങും അതിവേഗത്തിൽ എത്തിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഓരോ നിമിഷവും വാർത്തകൾ കൈമാറാനുമുളള സൗകര്യം സ്മാർട് ഫോണിനെയും സാമൂഹിക മാധ്യമങ്ങളെയും ആളുകളുടെ ഇഷ്ടവസ്തുവാക്കി മാറ്റിക്കഴിഞ്ഞു. 500 വർഷം കൊണ്ടാണ് അച്ചടി വ്യവസായത്തിന് ലോകമെങ്ങും സ്വാധീനം സ്ഥാപിക്കാനായത്. 100 വർഷമാണ് ടെലിഫോൺ ലോകമെങ്ങുമെത്താനെടുത്ത സമയം. ടെലിവിഷൻ ആഗോള സമൂഹത്തിൽ സാന്നിധ്യം ഉറപ്പിച്ചത് 50 വർഷങ്ങൾ കൊണ്ടാണ്. കേവലം പത്ത് വർഷം കൊണ്ടാണ് സ്മാർട് ഫോൺ ലോകത്തെ കീഴടക്കിയതെന്നത് അതിന്റെ സ്വാധീന ശക്തി വ്യക്തമാക്കുന്നു.

എന്നാൽ ഇരുതലമൂർച്ചയുളള ആയുധമാണ് ഓൺലൈൻ മാധ്യമങ്ങൾ. ആധികാരികവും വിശ്വസ്തവുമായ വിവരങ്ങളും നിർദേശങ്ങളും കൈമാറാനുള്ള വേദിയായി ഉപയോഗപ്പെടുത്തുന്നതോടൊപ്പം വ്യാജവാർത്തകളും ജനങ്ങളെ വഴി തെറ്റിക്കുന്ന സന്ദേശങ്ങളും വിദ്വേഷജനകമായ കാര്യങ്ങളും പ്രചരിപ്പിക്കാനും വ്യക്തിഹത്യകൾ നടത്താനും ആസൂത്രണമില്ലാതെ വളർന്നുവരുന്ന സാമൂഹിക മാധ്യമങ്ങൾക്ക് സാധിക്കും. വെബ്‌പോർട്ടലുകളുടെയും യൂട്യൂബ് ചാനലുകളുടെയും നിയന്ത്രണമില്ലാത്ത പ്രവർത്തനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ആശങ്ക രേഖപ്പെടത്തിയത് ഈ പശ്ചാത്തലത്തിലാണ്. നല്ലൊരു പങ്ക് വാർത്തകളും സന്ദേശങ്ങളും വർഗീയ ചുവയോടെയാണ് നവമാധ്യമങ്ങൾ നൽകുന്നതെന്നും ഇത് രാജ്യത്തിന് തന്നെ ദുഷ്‌പേര് സൃഷ്ടിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. വെബ്‌പോർട്ടലുകളും യൂട്യൂബ് ചാനലുകളും ഇന്നാർക്കും തുടങ്ങാമെന്ന അവസ്ഥയാണ.് ആരോടും ഉത്തരവാദിത്വമില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. വമ്പന്മാരെ മാത്രമേ സാമൂഹിക മാധ്യമങ്ങൾ കേൾക്കുകയുള്ളൂ. പൊതുസമൂഹത്തെയോ ഭരണസ്ഥാപനങ്ങളെയോ മാനിക്കുന്നില്ല. ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും കോടതിക്ക് മറുപടി നൽകാൻ പോലും സന്നദ്ധമായില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ മാധ്യമ വാർത്തകൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.

ഇന്ത്യയിൽ ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് വർഗീയതയും സാമൂഹിക സംഘർഷങ്ങളും സൃഷ്ടിക്കാനാണ്. ഓൺലൈൻ മാധ്യമങ്ങളിലെ വർഗീയ ചുവ ചീഫ് ജസ്റ്റിസ് പ്രത്യേകം എടുത്തു പറയുകയുമുണ്ടായി. സംഘ്പരിവാർ കേന്ദ്രങ്ങളാണ് സൈബർ വർഗീയതയുടെ കാര്യത്തിൽ മുൻപന്തിയിൽ. ഈ ലക്ഷ്യത്തിൽ മാത്രം പ്രവർത്തിക്കുന്ന നിരവധി പോർട്ടലുകളും ഗ്രൂപ്പുകളുമുണ്ട് അവർക്ക്. ഏറെ വിവാദം സൃഷ്ടിച്ച “ലൗ ജിഹാദ്’ കെട്ടുകഥയുടെ ആസൂത്രകർ സംഘ്പരിവാർ സൈബർ സെല്ലായിരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഐ ടി സെല്ലുകളിൽ നിന്ന് വർഗീയ ചുവയുള്ള നുണക്കഥകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു, നിസാമുദ്ദീൻ സമ്മേളനമാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം. ഇതിന് പിന്നാലെ വിദേശികൾ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്തു. കോടതി ഈ ആരോപണങ്ങൾ അപ്പാടെ നിരാകരിക്കുകയായിരുന്നു. മഹാമാരി പടരുമ്പോൾ സർക്കാർ രാഷ്ട്രീയ ലാഭത്തിനായി വിദേശികളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് 29 വിദേശികൾക്കെതിരായ കേസുകൾ തളളിക്കൊണ്ട് ഡൽഹി കോടതി പറഞ്ഞത്.

സംഘ്പരിവാർ ഓൺലൈൻ മാധ്യമമായ നമോ ടി വിയുടെ വർഗീയതയും പച്ചത്തെറിയും കണ്ട് ഹൈക്കോടതി ന്യായാധിപന്മാർ പകച്ചു പോയതാണല്ലോ. ഗൾഫ് ഭരണാധികാരികളുടെ സന്മനസ്സ് മൂലം ലഭിച്ച അറബ് പ്രവാസത്തിന്റെ സൗകര്യമുപയോഗപ്പെടുത്തി പോലും കടുത്ത മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളാണ് സംഘ്പരിവാർ സൈബർ പോരാളികൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഗൾഫ് രാജ്യങ്ങളിലെ സാംസ്‌കാരിക പ്രവർത്തകരും ബുദ്ധിജീവികളും ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയും അറബ് ഭരണാധികാരികൾ ഇന്ത്യയിൽ മുസ്്ലിം സഹോദരങ്ങൾ നേരിടുന്ന പീഡനങ്ങളും വർഗീയ, വംശീയ വിദ്വേഷങ്ങളും അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയുമുണ്ടായി. മുസഫർ കലാപമുൾപ്പെടെ രാജ്യത്തെ പല വർഗീയ സംഘർഷങ്ങൾക്കും കൂട്ടക്കൊലകൾക്കും വഴിമരുന്നിട്ടതും സാമൂഹിക മാധ്യമങ്ങളാണ്.

ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടതു പോലെ യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിൽ കയറി ആർക്കും എന്തും പറയുകയും ആരെയും വ്യക്തിഹത്യ നടത്തുകയും ചെയ്യാമെന്നതാണ് ഇന്നത്തെ അവസ്ഥ. പലരും വ്യക്തിവിരോധവും പ്രാസ്ഥാനിക വിരോധവും പ്രകടിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. ലൈംഗിക ആഭാസത്തിന്റെ കൂത്തരങ്ങായി മാറിയിട്ടുമുണ്ട് സാമൂഹിക മാധ്യമങ്ങളിന്ന്. ഇതിന് തടയിടാൻ നിയമനിർമാണം നടത്തണമെന്ന് വ്യാഴാഴ്ച സുപ്രീം കോടതിയും കഴിഞ്ഞ വർഷം നമോ ടി വി കേസിൽ ഹൈക്കോടതിയും നിർദേശിക്കുകയുണ്ടായി. കേന്ദ്രത്തിന്റെ പുതിയ ഐ ടി മാർഗനിർദേശങ്ങൾ ഇതിനു സഹായകമാണെന്നാണ് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചത്. വെബ്‌സൈറ്റുകളിലെ നിയമവിരുദ്ധമായ ഉള്ളടക്കം നിരീക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നതും അവ കണ്ടെത്തിയാൽ ആട്ടോമാറ്റഡ് സംവിധാനത്തിലൂടെ നീക്കം ചെയ്യുന്നതും നിർബന്ധിത ഫിൽട്ടറിംഗ് സംവിധാനമടങ്ങുന്നതുമാണ് പുതിയ ഐ ടി നിയമം. എന്നാൽ ഐ ടി നിയമം 66 റദ്ദാക്കിയ 2015 മാർച്ച് 24ലെ സുപ്രീം കോടതി ഉത്തരവിനെ അട്ടിമറിക്കുന്നതാണ് ഈ നിയമ ഭേദഗതിയെന്നും ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇത് കത്തിവെക്കുമെന്നും വിമർശമുയർന്നിട്ടുണ്ട്. സർക്കാർവിരുദ്ധ വിമർശങ്ങളെ തമസ്‌കരിക്കാൻ ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതിപക്ഷവും ആശങ്കപ്പെടുന്നു. ഇത്തരം ആശങ്കകൾ ദുരീകരിച്ചു കൊണ്ടുള്ള, ആരോഗ്യകരമായ വിമർശങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന നിയമ നിർമാണമാണ് ഇക്കാര്യത്തിൽ ഉരുത്തിരിയേണ്ടത്.