Kerala
ഓണ്‍ലൈന്‍ റമ്മി; അത്യാര്‍ത്തിയുടെ മരണക്കെണി വീണ്ടും
ഓണ്‍ലൈന്‍ റമ്മികളിയെന്ന ചൂതാട്ടം അപകടകരമായ രീതിയില്‍ വീണ്ടും സമൂഹത്തില്‍ പിടിമുറുക്കുന്നു. കുടുംബങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ ഈ ചൂതുകളി വലിയ പ്രലോഭനങ്ങളുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പണംവച്ചുള്ള ഡിജിറ്റല്‍ ചീട്ടുകളി അപകടകരമാം വിധം തിരിച്ചുവന്നത്. നിരോധനം നീങ്ങി ഒരുമാസം കൊണ്ട് 10 പുതിയ കമ്പനികളാണ് മലയാളികളെ ലക്ഷ്യമിട്ട് വലവിരിച്ചത്. തമിഴ്നാട്ടിലെ റമ്മി നിരോധനവും പുതിയ നിയമ നിര്‍മാണവും കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലുള്ള വിലക്കുമാണ് ഇവരെ കേരളത്തിലേക്ക് അടുപ്പിക്കുന്നത്.
പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി കനത്ത സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും നിരവധിപേരെ തള്ളിവിട്ട സാഹചര്യത്തിലാണ് കേരളം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചത്. 1960ലെ കേരള ഗെയിമിങ് ആക്ട്് സെക്ഷന്‍ 14 എ ഭേദഗതി ചെയ്തായിരുന്നു നിരോധനം. ഇത് സ്റ്റാര്‍ട്ടപ്പ്് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗെയിം കമ്പനികള്‍ ഹൈക്കോടതിയില്‍ വാദിച്ചു. റമ്മി നൈപുണ്യമുള്ളവരുടെ കളിയാണെന്ന് കൂട്ടിച്ചേര്‍ത്താണ് സെപ്തംബര്‍ 27ന് കോടതി സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയത്. ഇതോടെ നവമാധ്യമങ്ങളില്‍ വരെ വന്‍ പരസ്യങ്ങളുമായി റമ്മി ടീമുകള്‍ ആളെപ്പിടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ സമ്മാനത്തുക 10 കോടി രൂപ വരെ ഉയര്‍ത്തിയും ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്.
പുതിയ കളിക്കാരെ കൊണ്ടുവരുന്നവര്‍ക്കും സമ്മാനം നല്‍കുന്നുണ്ട്. കൊവിഡ് അടച്ചുപൂട്ടല്‍ കാലത്ത് ഇത്തരം കമ്പനികള്‍ 18 ശതമാനം സാമ്പത്തിക വളര്‍ച്ചയും കളിക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയും ഉണ്ടാക്കി. അടുത്ത വര്‍ഷം കേരളത്തില്‍ നിന്നുള്ള വരുമാനവും കളിക്കാരുടെ എണ്ണവും ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തരം ഓണ്‍ലൈന്‍ ചൂതുകളി പുതിയ തലമുറയെ നശിപ്പിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ഓണ്‍ലൈന്‍ റമ്മികളിയിലൂടെ സംസ്ഥാനത്ത് പണം നഷ്ടമാകുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും കുട്ടികള്‍ മാതാപിതാക്കളുടെ എ ടി എം കാര്‍ഡുകള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്ത സാഹചര്യങ്ങളാണ് ഈ ചൂതാട്ടത്തിന്റെ നിരോധനത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ യുവാവ് ഈ വര്‍ഷമാദ്യം ആത്മഹത്യ ചെയ്തത് ഇതിലൂടെ കടം കയറിയതിനെ തുടര്‍ന്നാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇക്കാര്യം ഗൗരവമായെടുത്തു.
കൊവിഡ് അടച്ചിടല്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി കളിക്ക് പ്രചാരം കൂടിയതോടൊപ്പം വായ്പ നല്‍കുന്ന മൊബൈല്‍ ആപ്പുകളും വന്നു. ചെറിയ തുകയ്ക്കുള്ള കളി തുടങ്ങിയവര്‍ പിന്നീട് വന്‍ തുകയിലേക്കു പോയി. പണം നഷ്ടപ്പെട്ടവര്‍ വായ്പയെടുത്ത് കളിച്ചു. മണിലെന്‍ഡിങ് ആപ്പുകള്‍ വഴി പണമെടുത്തവരില്‍ പലര്‍ക്കും ഭീഷണികളും ബ്ലാക്ക്മെയിലിങും നേരിടേണ്ടിവന്നു.
വീട്ടുകാരറിയാതെ കളിച്ച് പണം നഷ്ടപ്പെട്ടവര്‍ പരാതികളുമായി എത്തിയതുമില്ല. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വീനിതിന് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി. ഇയാളെ ആദ്യം കാണാതാവുകയും പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് ഓണ്‍ലൈന്‍ റമ്മിയുടെ ചതിക്കുഴി പലരും അറിഞ്ഞത്. തിരുവനന്തപുരം ജില്ലാ ട്രഷറി തട്ടിപ്പു കേസില്‍ പ്രതിയായ ബിജുലാലിനും ഓണ്‍ലൈന്‍ റമ്മിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് പോലീസിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള ഒട്ടേറെ ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്. കമ്പനി പറയുന്ന നിബന്ധനകള്‍ പോലും വായിച്ചുനോക്കാന്‍ ആരും മെനക്കെടുന്നില്ല.
തമിഴ്നാട്ടില്‍ ഇത് തടയപ്പെട്ടിട്ടുണ്ടെങ്കിലും റമ്മിയിലൂടെ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇരുപതോളം വരും. ഓണ്‍ലൈന്‍ റമ്മി ആപ്പുകളിലൂടെ തന്നെ ഓണ്‍ലൈന്‍ വായ്പാ പരസ്യങ്ങളുമുണ്ട്. 36 ശതമാനം വരെ പലിശക്ക് നല്‍കുന്ന പണം സമയത്ത് തിരികെ നല്‍കിയില്ലെങ്കില്‍ ഭീഷണിയുണ്ടാവും. വായ്പയെടുക്കുന്നയാളുടെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് വാട്‌സാപ്പ് സന്ദേശങ്ങളും ഭീഷണിയും പ്രചരിക്കുന്നത്. ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പലപ്പോഴും മനുഷ്യരല്ല എതിര്‍ഭാഗത്ത് കളിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടത്തിലെ കളിയുടെ രീതി കണ്ടെത്തിക്കഴിഞ്ഞാലുടന്‍ എതിര്‍ഭാഗത്ത് നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കും കളി നിയന്ത്രിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി കളിയുടെ നിരോധനം നീങ്ങിയ പശ്ചാത്തലത്തില്‍ ഇതിന് അടിമപ്പെട്ടുപോകുന്നവരെ ബോധവത്ക്കരണത്തിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.