Connect with us

Uae

ഓണ്‍ലൈന്‍ പഠന കാലാവധി നീട്ടി; 21 വരെയെങ്കിലും തുടരും

Published

|

Last Updated

അബൂദബി | സ്‌കൂള്‍ ടേമിലെ ആദ്യ രണ്ടാഴ്ചക്കാലം കുട്ടികള്‍ക്ക് വീടുകളിലിരുന്നു പഠനം തുടരുന്നതിനു നല്‍കിയ അനുമതി വീണ്ടും നീട്ടി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓണ്‍ലൈന്‍ പഠന കാലാവധി ജനുവരി 17ന് അവസാനിക്കാനിരിക്കെയാണ് തത്സ്ഥിതി തുടരാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. കുറഞ്ഞത് ജനുവരി 21 വരെയെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പകര്‍ച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ തീരുമാനമുണ്ടാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജരായി വിദ്യാര്‍ഥികള്‍ എഴുതേണ്ട മുഴുവന്‍ പരീക്ഷകളും ജനുവരി 28 വരെ മാറ്റിവച്ചതായും നാഷണല്‍ എമര്‍ജന്‍സി ക്രൈ സിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയും സംയുക്തമായാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാനുള്ള അനുമതി നല്‍കിയത്. ഇമാറാത്തിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും പരിശീലന സ്ഥാപനങ്ങളിലെയും കോളജുകളിലെയും യൂനിവേഴ്സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്കും തീരുമാനം ബാധകമാണ്. വിദ്യാര്‍ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് സുരക്ഷിതമായ തിരിച്ചുവരവിനായി എല്ലാ സൗകര്യങ്ങളും പൂര്‍ണമായി ഒരുക്കാനുള്ള നടപടികളാണു കൈക്കൊണ്ടുവരുന്നത്.

 

Latest