Kerala
ഓൺലൈൻ ടാക്സിയുടെ ആപ്പ് ഹാക്ക് ചെയ്തു; ഒരാളെ പിക്കപ്പ് ചെയ്യാൻ എത്തിയത് നൂറുക്കണക്കിന് ക്യാബുകൾ
നീണ്ട ട്രാഫിക് ജാം രൂപപ്പെട്ടപ്പോഴാണ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഡ്രൈവർമാർക്ക് മനസ്സിലായത്. അപ്പോഴേക്കും അഴിക്കാനാകാത്ത വിധം കുരുക്ക് മുറുകിയിരുന്നു.
മോസ്കോ |റഷ്യയിൽ ഹാക്കർമാർ വിചിത്രമായ സംഭവം നടത്തി. റഷ്യയിൽ ക്യാബ് സർവീസ് നടത്തുന്ന യാൻഡെക്‌സ് ടാക്സി എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയർ ഹാക്കർമാർ ഹാക്ക് ചെയ്തു. ആപ്പ് ഹാക്ക് ചെയ്തതിന് ശേഷം, ഡസൻ കണക്കിന് ടാക്സികൾ ഒരേ പിക്കപ്പ് പൊയിന്റിലേക്ക് എത്താൻ എത്താൻ ഹാക്കർമാർ കമാൻഡ് നൽകി. ഇതോടെ നൂറുക്കണക്കിന് ക്യാബുകൾ ഒരേ ലക്ഷ്യത്തിലേക്ക് ഇരച്ചെത്തി. അവിടെ നീണ്ട ട്രാഫിക് ജാം രൂപപ്പെട്ടപ്പോഴാണ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഡ്രൈവർമാർക്ക് മനസ്സിലായത്. അപ്പോഴേക്കും അഴിക്കാനാകാത്ത വിധം കുരുക്ക് മുറുകിയിരുന്നു.
മോസ്കോയിലെ യാൻഡെക്സ് ടാക്സിയിൽ ജോലി ചെയ്യുന്ന ഡസൻ കണക്കിന് ഡ്രൈവർമാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായിരുന്നില്ല. ജാമിന് ശേഷം, ഡ്രൈവർമാർ പരസ്പരം സംസാരിച്ചപ്പോളാണ് എല്ലാവരുടെയും പിക്കപ്പ് പോയിന്റ് ഒന്ന് തന്നെയാണെന്ന് മനസ്സിലായത്. ഹാക്കർമാർ യാൻഡെക്സിന്റെ സുരക്ഷാ സംവിധാനം ഹാക്ക് ചെയ്യുകയും നിരവധി വ്യാജ റൈഡ് അഭ്യർത്ഥനകൾ നൽകുകയും ചെയ്തുവെന്നാണ് സൈബർ വിദഗ്ധരുടെ അഭിപ്രായം.
യാൻഡെക്‌സ് ടാക്സി ഹാക്ക് ചെയ്തതിന് ഉത്തരവാദികൾ ആരാണെന്ന് വ്യക്തമല്ല. ‘ഓപ്പറേഷ്യ’ എന്നറിയപ്പെടുന്ന റഷ്യയ്‌ക്കെതിരായ വൻ ഹാക്കിംഗ് കാമ്പെയ്‌നിന്റെ ഭാഗമാണ് ഹാക്കിംഗ് എന്നാണ് സൂചന. റഷ്യയിലെ ഏറ്റവും വലിയ ഐടി കോർപ്പറേഷനാണ് യാൻഡെക്സ്. അവരുടെ ഓൺലൈൻ ടാക്സി സേവനമാണ് യാൻഡെക്സ് ടാക്സി. യാൻഡെക്സിനെ റഷ്യൻ ഗൂഗിൾ എന്നും വിളിക്കുന്നു.