Connect with us

International

ലോകത്ത്‌ യുഎസ്‌ എഐഡി ജീവനക്കാരായി 300 പേർ മാത്രം മതി; 9700 പേരെ ഒഴിവാക്കാൻ ട്രംപ്‌

ട്രംപിന്‍റെ അടുത്ത അനുയായിയായ ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സർക്കാർ പുനസംഘടനാ പരിപാടിയുടെ ഭാഗമായാണ്‌ യുഎസ്‌എഐഡി ജീവനക്കാരെയും വെട്ടിക്കുറക്കുന്നത്‌.

Published

|

Last Updated

വാഷിങ്‌ടൺ|ലോകമെമ്പാടുമുള്ള യുഎസ്‌ എഐഡി ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ച്‌ പ്രസിഡന്‍റ്‌ ഡൊണാൾഡ് ട്രംപിന്‍റെ ഭരണകൂടം. യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റിന്‍റെ (US AID) ഭാഗമായി ലോകത്താകമാനം ഉള്ള പതിനായിരത്തിലധികം ജീവനക്കാരിൽ 300 പേരെ മാത്രം നിലനിർത്താനാണ്‌ ട്രംപ്‌ ഭരണകൂടത്തിന്‍റെ പദ്ധതി. ആഗോളതലത്തിൽ നേരിട്ട് നിയമിച്ച യുഎസ്എഐഡി ജീവനക്കാരെയെല്ലാം അവധിയിൽ പ്രവേശിപ്പിക്കുമെന്നും വിദേശത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്‍റെ അടുത്ത അനുയായിയായ ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സർക്കാർ പുനസംഘടനാ പരിപാടിയുടെ ഭാഗമായാണ്‌ യുഎസ്‌എഐഡി ജീവനക്കാരെയും വെട്ടിക്കുറക്കുന്നത്‌. മറ്റ് രാജ്യങ്ങൾക്ക് വിദേശ സഹായവും വികസന സഹായവും നൽകുന്ന ഒരു യുഎസ് സർക്കാർ ഏജൻസിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ്. ആഗോള വികസനം, മാനുഷിക വികസനം, ജനാധിപത്യം പ്രോത്സാഹിപ്പിക്കൽ എന്നിവയെ സഹായിക്കുന്നതിനായി 1961 ൽ ​​പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയാണ് ഈ ഏജൻസി രൂപീകരിച്ചത്‌.

ആഫ്രിക്കൻ ബ്യൂറോയിലെ 12 പേരും ഏഷ്യ ബ്യൂറോയിലെ എട്ട് പേരും ഉൾപ്പെടെ ഏജൻസിയിലെ 294 ജീവനക്കാരെ മാത്രമേ ജോലിയിൽ നിലനിർത്തൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രംപിന്‍റെ നടപടി അതിരുകടന്നതാണെന്ന്‌ ആറ് വർഷത്തിലേറെ യുഎസ്‌എഐഡി തലവനായി സേവനമനുഷ്ഠിച്ച ജെ ബ്രയാൻ ആറ്റ്‌വുഡ് പറഞ്ഞു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഏജൻസിയെ കൊല്ലുന്നതിന്‌ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നിരവധി ജീവൻ രക്ഷാ പദ്ധതികൾ യുഎസ്‌ എഐഡി ഏറ്റെടുത്ത്‌ നടത്തുന്നുണ്ട്‌. ജീവനക്കാരെ വെട്ടിക്കുറച്ച പ്രഖ്യാപനം വന്നതോടെ ഇവയെല്ലാം അനിശ്ചിതത്വത്തിലായി. ഡസൻ കണക്കിന് യുഎസ്എഐഡി ജീവനക്കാരെ നിർബന്ധിത അവധിക്ക്‌ വിട്ടു. നൂറുകണക്കിന് ആഭ്യന്തര കരാറുകാരെ പിരിച്ചുവിട്ടു.
ട്രംപ് ഭരണകൂടം യുഎസ്എഐഡിയുടെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും യുഎസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നുമാണ്‌ വാദിക്കുന്നത്‌.

 

 

Latest