Kuwait
കുവൈത്തില്‍ പൊതുമാപ്പ് ആനുകൂല്യം ഇതുവരെ ഉപയോഗപ്പെടുത്തിയത് 35,000 പേര്‍ മാത്രം
പിഴ ഒടുക്കി താമസം നിയമപരമാക്കുകയോ പൊതു മാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട് വിടുകയോ ചെയ്തവരുടെ കണക്കാണിത്.
കുവൈത്ത് സിറ്റി | അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം നിയമപരമാക്കുന്നതിനോ പിഴ കൂടാതെ രാജ്യം വിടുന്നതിനോ വേണ്ടി കുവൈത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച പൊതു മാപ്പിന്റെ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ ആനുകൂല്യം ഇതുവരെ ഉപയോഗപ്പെടുത്തിയത് വെറും 35,000 പേരെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിഴ ഒടുക്കി താമസം നിയമപരമാക്കുകയോ പൊതു മാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട് വിടുകയോ ചെയ്തവരുടെ കണക്കാണിതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം വെളിപ്പെടുത്തി.
കുവൈത്തില്‍ നിയമ ലംഘകരായ 1,20,000ത്തോളം വിദേശികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതായത് നിയമലംഘകരില്‍ നാലിലൊന്ന് ശതമാനം പേര്‍ മാത്രമാണ് ഇത് വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. എന്നാല്‍, പൊതുമാപ്പിന്റെ ആനുകൂല്യം ഈ മാസം 17ന് അവസാനിക്കുമെന്നും അതുകഴിഞ്ഞ് ഒരു കാരണവശാലും അവസരം നീട്ടി നല്‍കില്ലെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം പൊതുമാപ്പിന്റെ സമയപരിധി കഴിയുന്നതോടെ നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യത്തുടനീളം അതിശക്തമായ സുരക്ഷാ പരിശോധനക്കുള്ള പദ്ധതികള്‍ തയ്യാറാക്കിയതായും അധികൃതര്‍ അറിയിച്ചു.
പൊതുമാപ്പിന്റെ സമയപരിധി വെറും 10 ദിവസം മാത്രം ബാക്കി നില്‍ക്കെ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ കാലതാമസം വരുത്താതെ മുന്നോട്ട് വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് താമസ നിയമ ലംഘകരായ വിദേശികള്‍ക്ക് നിയമ നടപടികള്‍ക്ക് വിധേയമാകാതെ രാജ്യം വിടുന്നതിനോ പിഴ അടച്ചു താമസ രേഖ നിയമപരമാക്കുന്നതിനോ അവസരം സൃഷ്ടിച്ചു കൊണ്ട് കുവൈത്തില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചത്.