Connect with us

Kerala

ആഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത് നാലില്‍ ഒരാള്‍ മാത്രം: ഡബ്ല്യു എച്ച് ഒ

Published

|

Last Updated

ജനീവ | ആഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നാലില്‍ ഒരാള്‍ മാത്രമേ കൊവിഡിനെതിരെ പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). അജ്ഞതയും വാക്സിന്‍ സേവനങ്ങളുടെ ലഭ്യതക്കുറവുമാണ് 120 കോടി ജനങ്ങളുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വാക്സിനേഷന്‍ നിരക്ക് കുറയുന്നതിന്റെ പ്രധാന കാരണമെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചു.

ആഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് സ്വന്തം ആരോഗ്യത്തെയും ക്ഷേമത്തെയും മാത്രമല്ല, അവര്‍ പരിപാലിക്കുന്ന രോഗികളെയും അപകടത്തിലാക്കുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഫ്രിക്കയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കടുത്ത ക്ഷാമം നേരിടുന്നതും കടുത്ത വെല്ലുവിളിയാണ്. നിലവില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കുള്ള വാക്‌സിന്‍ ഡോസുകളുടെ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വികസിത രാജ്യങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ലോകത്തിലെ 22 രാജ്യങ്ങളിലെ 80 ശതമാനത്തില്‍ അധികം പരിചരണ തൊഴിലാളികള്‍ പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഡബ്ല്യു എച്ച് ഒയുടെ പഠനം കണ്ടെത്തിയതായി ആഫ്രിക്കയുടെ ഡയറക്ടര്‍ ഡോ. മത്ഷിഡിസോ മൊയ്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍, 1.6 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം മാത്രമാണ് പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചത്. ലെസോതോ, കേപ് വെര്‍ഡെ, സാവോ ടോം, പ്രിന്‍സിപെ എന്നിവിടങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യങ്ങള്‍. നൈജീരിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വാക്സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് നഴ്സുമാരും മിഡ്വൈഫുമാരും വാക്സിനേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളികളാകേണ്ടതുണ്ടെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് പറഞ്ഞു. ആഫ്രിക്കയിലെ ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനം ആളുകളാണ് പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചത്. വാക്‌സിന്‍ വിതരണത്തിലെ കാലതാമസവും അജ്ഞതയുമാണ് കാരണം.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്തിപ്പെടാത്ത ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലും വിവിധ കമ്മ്യൂണിറ്റികളിലെ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുത്തിവെപ്പുകള്‍ നല്‍കിവരുന്നത്. എന്നാല്‍ കമ്മ്യൂണിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ സുരക്ഷയെയും പ്രതികൂല പാര്‍ശ്വഫലങ്ങളെയും കുറിച്ച് ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൂര്‍ണ സംരക്ഷണം ലഭിച്ചില്ലെങ്കില്‍ രോഗം തടയാനുള്ള ശ്രമങ്ങളില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest