From the print
ഒരു കപ്പല്‍ സര്‍വീസ് മാത്രം; ദുരിതത്തിലായി ദ്വീപ് നിവാസികൾ
ഹൈസ്പീഡ് ഷട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നീക്കം

കൊച്ചി | ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകളുടെ എണ്ണം ഒന്നിലേക്ക് വെട്ടിച്ചുരുക്കിയതോടെ ദുരിതത്തിലായി ദ്വീപ് നിവാസികള്‍. ക്രിസ്തുമസ്- പുതുവത്സര അവധിക്കാലമെത്തിയതോടെ വിദ്യാർഥികളും ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മറുകരയെ ആശ്രയിക്കുന്ന രോഗികളുമാണ് കപ്പല്‍ ഇല്ലാത്തതിനാൽ ഏറെ വലയുന്നത്. ഈ മാസം 19 ഓടെ പ്രതിസന്ധി രൂക്ഷമാകും.
ഏഴ് കപ്പലുകള്‍ കൊച്ചി- ലക്ഷദ്വീപ്, ബേപ്പൂര്‍- ലക്ഷദ്വീപ് റൂട്ടില്‍ നേരത്തേ സര്‍വീസ് നടത്തിയിരുന്നു. അവയുടെ എണ്ണം പിന്നീട് മൂന്നായി. തുടര്‍ന്ന് ബേപ്പൂരുമായുള്ള യാത്രാബന്ധം അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് ഒരു കപ്പൽ കൂടി ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ സാങ്കേതിക പ്രശ്നം ഉന്നയിച്ച് കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് ഒന്നിലേക്ക് പരിമിതപ്പെടുത്തുകയാണ്.
നിലവില്‍ സര്‍വീസ് നടത്തുന്ന എം വി ലഗൂണില്‍ 400 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. 700 പേര്‍ക്ക് കയറാവുന്ന എം വി കവരത്തി, 400 സീറ്റുകള്‍ വീതമുള്ള എം വി, കോറല്‍ എന്നീ കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ ഡോക്കിലാണുള്ളത്. തകരാറിലായ എം വി കവരത്തി നവംബറില്‍ നീറ്റിലിറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അറ്റകുറ്റപ്പണികള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്നാണ് കപ്പല്‍ശാല അധികൃതരുടെ ഭാഷ്യം.
യാത്രാ ദുരിതത്തിന് താത്കാലികാശ്വാസമായി മൂന്ന് ഹൈസ്പീഡ് ക്രാഫ്റ്റ് (എച്ച് എസ് സി) ഷട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് അധികൃതരുടെ നീക്കം. എച്ച് എസ് സി പരലി, വലിയപാനി, ചെറിയപാനി എന്നീ വെസ്സലുകളില്‍ 150 പേര്‍ക്ക് വീതം യാത്രചെയ്യാനാകും. കൊച്ചി, മംഗലാപുരം പോര്‍ട്ടുകളെ കേന്ദീകരിച്ചായിരിക്കും സര്‍വീസ്. അപ്പോഴും നിര്‍ത്തലാക്കിയ ബേപ്പൂര്‍ കപ്പലിനെക്കുറിച്ച് മിണ്ടാട്ടമില്ല.
സാധാരണ ഗതിയില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും അഡ്മിനിസ്ട്രേഷന്‍, പോര്‍ട്ട്, മെഡിക്കല്‍ ക്വാട്ടയും വിനോദ സഞ്ചാരികള്‍ക്കുള്ള വകയും കഴിഞ്ഞാല്‍ അവശേഷിക്കുന്ന നാമമാത്രമായ ടിക്കറ്റുകളെ വിദ്യാർഥികളും അധ്യാപകരും ജോലിക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി കരയിലെത്തുന്നവരുമായ ലക്ഷദ്വീപുകാര്‍ക്ക് ലഭിക്കൂ. എന്നാല്‍ അവധിക്കാലത്ത് അനുവദിച്ച ക്വാട്ടകള്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നത്.