Connect with us

Ongoing News

അവസാന 10 കളിയില്‍ ഒരു ജയം മാത്രം; സിറ്റിയും പെപ്പും പ്രതിസന്ധിയില്‍

ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപണ്‍ ആയ ശേഷം പുതിയ താരങ്ങളെ ടീമിലെത്തിച്ചേക്കും. മാഞ്ചസ്റ്റര്‍ സിറ്റി പഴയ ഫോമിലേക്ക് തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Published

|

Last Updated

മാഞ്ചസ്റ്റര്‍ സിറ്റിക്ക് എന്താണ് സംഭവിച്ചത്? തുടര്‍ച്ചയായി നാല് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍, 2022-23 ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍… സമീപകാലത്ത് ഏറ്റവും മികച്ച ഫോമില്‍ ആയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി അവസാനത്തെ ഏതാനും മത്സരങ്ങളില്‍ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. അവസാനത്തെ 10 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനുള്ളത്. നവംബര്‍ മാസത്തില്‍ ഒറ്റ ജയവും ഇല്ല.

ഒക്ടോബര്‍ 31ന് ഇ എഫ് എല്‍ കപ്പില്‍ ടോട്ടന്‍ഹാമിനോട് 2-1ന് തോറ്റു തുടങ്ങിയതാണ് ടീം. പിന്നീട് ബെര്‍ണിമൗത്ത്, സ്‌പോര്‍ട്ടിംഗ്, ബ്രൈട്ടന്‍, ലിവര്‍പൂള്‍ എന്നിവരോട് തോറ്റു. ടോട്ടന്‍ഹാമിനോട് തന്നെ എതിരില്ലാത്ത നാലു ഗോളിനും വീണ്ടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ക്രിസ്റ്റല്‍ പാലസിനോടും ഫെയെന്നൂര്‍ഡിനോടും സമനില നേടിയതും നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ഒരു ജയവും മാത്രമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ച് ഇക്കാലയളവിലെ ആശ്വാസകരമായ മത്സരങ്ങള്‍.

ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനോട് എതിരില്ലാത്ത രണ്ടു ഗോളിനുകൂടി തോറ്റതോടെ ടീമാകെ പ്രതിരോധത്തില്‍ ആയിട്ടുണ്ട്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി 22-ാം സ്ഥാനത്താണ്. കഴിഞ്ഞ നാല് സീസണിലായി മികച്ച ഫോമില്‍ ആയിരുന്ന ടീം ഇത്രയും നിറം കെടുന്നത് സമീപകാലത്ത് ആദ്യമാണ്. സിറ്റിക്ക് എന്തുപറ്റി എന്നാണ് മറ്റു ടീമുകളുടെ പോലും ആരാധകര്‍ ചോദിക്കുന്നത്.

ഏതു നിമിഷവും തിരിച്ചുവരാന്‍ കഴിവുള്ള ടീം തന്നെയാണ് സിറ്റി. എന്നാല്‍ അവസാനത്തെ 10 മത്സരങ്ങളും അതല്ല പറയുന്നത്. അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ ഒഴിവാക്കിയത് ടീമിനെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. സിറ്റിയുടെ മുന്നേറ്റതാരം ഏര്‍ലിങ് ഹാളണ്ടിനൊപ്പം അല്‍വാരസ്സും ടീമിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ സഹായകമായിരുന്നു. എന്നാല്‍, അല്‍വാരസിനെ ഒഴിവാക്കുകയും ഹാളണ്ട് ലക്ഷ്യം കാണുന്നതില്‍ പിന്നോട്ട് പോവുകയും ചെയ്തതോടെ ടീം ആകെ ഉലഞ്ഞു. ജര്‍മന്‍ താരം ഗുണ്ടോഗന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും ഗോളടിക്കുന്നതില്‍ അത്ര മുന്നിലല്ല. ഇംഗ്ലീഷ് താരം ഫോര്‍ഡനും നിറം മങ്ങിയ അവസ്ഥയിലാണ്. ഡിബ്രോയിന്‍ മാത്രമാണ് പിന്നെയും അതേ ഫോമില്‍ തുടരുന്നത്.

ഏതു സാഹചര്യത്തിലും കളിതന്ത്രം മെനയുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പെപ്പിന് പക്ഷേ ടീമിനെ പഴയ നിലയിലേക്ക് എത്തിക്കാന്‍ ആകുന്നില്ല എന്ന പ്രതിസന്ധിയും ഉണ്ട്. എന്നാല്‍ തങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് യുവന്റസുമായുള്ള മത്സരശേഷം പെപ്പ് പറഞ്ഞത്. ഇനി സിറ്റി വിട്ടാലും മറ്റൊരു ക്ലബിലേക്കും ഇല്ലെന്നും ദേശീയ ടീമിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അദ്ദേഹത്തിന്റെ മേലുള്ള സമ്മര്‍ദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വീണ്ടും പഴയ ഫോമിലേക്ക് എത്താനായി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപണ്‍ ആയ ശേഷം പുതിയ താരങ്ങളെ ടീമിലെത്തിച്ചേക്കും. മാഞ്ചസ്റ്റര്‍ സിറ്റി പഴയ ഫോമിലേക്ക് തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.