Connect with us

Kerala

സി പി എം പോളിറ്റ് ബ്യൂറോയിൽ 75 വയസ്സ് പിന്നിട്ടവരില്‍ പിണറായി മാത്രം; കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ

84 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 15 വനിതകള്‍

Published

|

Last Updated

മധുര | സി പി എം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സി പി എം പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി. എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവരെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കേന്ദ്ര കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കമ്മിറ്റിയില്‍ പരിഗണിച്ചില്ല.

84 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപവത്കരിച്ചത്. ഇതില്‍ 30 അംഗങ്ങള്‍ പുതുമുഖങ്ങങ്ങളും 15 പേര്‍ വനിതകളുമാണ്. ഒരു സീറ്റ് ഒഴിച്ചിട്ടു. അനുരാഗ് സെക്സേന, എച്ച് ഐ ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്‍, കെ പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ (മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ), സുരേഷ് പനിഗ്രാഫി, കിഷന്‍ പരീക്, എന്‍ ഗുണശേഖരന്‍, ജോണ്‍ വെസ്ലേ, എസ് വീരയ്യ, ദെബാബ്രത ഘോഷ്, സയ്യിദ് ഹുസൈന്‍, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.

കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന് പുറമെ പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നല്‍കിയിട്ടുണ്ട്. ജോൺ ബ്രിട്ടാസ് ഉൾപ്പെടെ നാല് പേരെ സ്ഥിരം ക്ഷണിതാവായും  മുതിര്‍ന്ന നേതാക്കളായ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ് രാമചന്ദ്ര പിള്ള, ബിമാന്‍ ബസു, ഹന്നാന്‍ മൊല്ല എന്നിവർ കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാവായും തീരുമാനിച്ചു.

 

 

 

 

 

Latest