Uae
പൊതുമാപ്പ് തീരാൻ ഏഴ് ദിവസം മാത്രം; സമയപരിധി നീട്ടില്ലെന്ന് അധികൃതർ
പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ 10,000 പ്രവാസികൾ ഇതുവരെ സഹായം തേടി.
അബൂദബി | റെസിഡൻസി, വിസ ലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അനുവദിച്ച സമയപരിധി ഒക്ടോബർ 31-ന് അവസാനിക്കും. ശേഷിക്കുന്ന ഏഴ് ദിവസത്തിനകം സ്റ്റാറ്റസ് ശരിപ്പെടുത്താത്ത നിയമലംഘകർക്ക് കനത്ത പിഴയും ഫീസും ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം സമയപരിധി നീട്ടില്ലെന്ന് അതോറിറ്റി ഓർമിപ്പിച്ചു.
കഴിഞ്ഞ സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പൊതുമാപ്പിൽ നിയമലംഘകരുടെ വ്യവസ്ഥകൾ തിരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തോടെ വിപുലമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. സമയപരിധിയിൽ നിന്ന് നിരവധി റെസിഡൻസി, വിസ ലംഘകർ ഈ അവസരം വിനിയോഗിച്ചു.
ഗ്രേസ് പിരീഡിൽ സ്ഥിതിഗതികൾ ശരിയാക്കുന്നതിൽ പരാജയപ്പെട്ട നിയമലംഘകരെ നിയന്ത്രിക്കാനും അവരുടെ പിഴകൾ വീണ്ടും രജിസ്റ്റർ ചെയ്യാനും അടുത്ത നവംബർ ഒന്ന് മുതൽ തീവ്രമായ പ്രചാരണങ്ങൾ നടക്കും. നിയമലംഘകർക്ക് സ്വകാര്യ കമ്പനികൾ നൽകുന്ന ജോലി വാഗ്ദാനങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി. സമയപരിധിയുടെ ആദ്യ ആഴ്ചയിൽ തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ച 88 ശതമാനം നിയമലംഘകരും രാജ്യത്ത് തുടരാനാണ് തിരഞ്ഞെടുത്തത്. രാജ്യം വിട്ട് തങ്ങളുടെ പദവി ഭേദഗതി ചെയ്യാൻ അപേക്ഷ സമർപ്പിച്ചവരുടെ ശതമാനം 12 ആയിരുന്നു.
പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ 10,000 പ്രവാസികൾ ഇതുവരെ സഹായം തേടി. പൊതുമാപ്പ് നടപടികൾ ആരംഭിച്ച സെപ്തംബർ ഒന്ന് മുതൽ നിയമലംഘകരായ പ്രവാസികളെ സഹായിക്കുന്നതിനായി വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും അൽ അവീർ സെന്ററിലും ഹെൽപ് ഡെസ്‌ക് പ്രവർത്തിച്ചുവരുന്നുണ്ട്. ഇതുവഴിയാണ് പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാനായി സഹായ സൗകര്യങ്ങൾ നൽകിയതെന്ന് കോൺസുലേറ്റ് ബുധനാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
1,300 പാസ്‌പോർട്ടുകളും 1,700 അടിയന്തര സർട്ടിഫിക്കറ്റുകളും കോൺസുലേറ്റ് ഇതുവരെ അനുവദിച്ചു. കൂടാതെ 1,500ലധികം എക്‌സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങൾ നൽകി.