Articles
ആവനാഴിയിൽ നിന്ന് വിഷം പുരട്ടിയ അസ്ത്രം മാത്രം
ദക്ഷിണേന്ത്യ പിടിക്കാൻ സർവസന്നാഹങ്ങളുമായി വോട്ടു വേട്ടക്ക് സംഘത്തലവൻ സാക്ഷാൽ നരേന്ദ്ര മോദി തന്നെ കളത്തിലിറങ്ങി പ്രചാരണങ്ങൾ കൊഴുപ്പിച്ചിട്ടും സംഗതി ക്ലച്ച് പിടിക്കുന്നില്ല എന്ന തോന്നൽ അവരെ പിടികൂടി എന്നതാണ് സത്യം. "പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല' എന്ന ചൊല്ല് പല മീഡിയാ കോണുകളിൽ നിന്നും കേൾക്കാനും തുടങ്ങി

പതിനെട്ടാമത് ലോക്സഭയിൽ ആര് വെന്നിക്കൊടി പാറിക്കും? എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടു കഴിഞ്ഞു. ജനാധിപത്യത്തിന്റെ കുരുക്ഷേത്ര നടയിൽ പരീക്ഷണത്തിന്റെ അങ്കക്കലി കത്തിക്കയറുകയാണ്. തുടക്കത്തിലും പ്രഖ്യാപിക്കുന്ന സമയത്തും സംഗതി വളരെ ഈസിയാണെന്ന് ധരിച്ചവരായിരുന്നു നിലവിൽ ഭരണം കൈയാളുന്ന എൻ ഡി എ സഖ്യം. കോർപറേറ്റ്‌വത്കരിക്കപ്പെട്ട ഇന്ത്യൻ വലതു മീഡിയകൾ ഉണ്ടാക്കിയെടുത്ത ഒരു പൊതുബോധം അത് ശരിയാണെന്ന പ്രതീതിയും സൃഷ്ടിച്ചു.
എന്നാൽ ദക്ഷിണേന്ത്യ പിടിക്കാൻ ഒരു നായാട്ടു സംഘമായി സർവസന്നാഹങ്ങളുമായി വോട്ടു വേട്ടക്ക് സംഘത്തലവൻ സാക്ഷാൽ നരേന്ദ്രമോദി തന്നെ കളത്തിലിറങ്ങി പ്രചാരണങ്ങൾ കൊഴുപ്പിച്ചിട്ടും സംഗതി ക്ലച്ച് പിടിക്കുന്നില്ല എന്ന തോന്നൽ അവരെ പിടികൂടി എന്നതാണ് സത്യം. “പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ എന്ന ചൊല്ല് പല മീഡിയാ കോണുകളിൽ നിന്നും കേൾക്കാനും തുടങ്ങി.
അവിടന്നങ്ങോട്ട് പിന്നെ പ്രചാരണതന്ത്രം കുടിലതകളുടെ കൂത്തരങ്ങാക്കി മാറ്റാൻ പച്ചയായ വർഗീയ പ്രീണനങ്ങൾക്കും വിദ്വേഷത്തിന്റെ വിഭജനതന്ത്രങ്ങൾക്കും പ്രധാനമന്ത്രിയായ ഒരാൾ തന്നെ തീകൊളുത്തുന്ന ഏറ്റവും മലീമസമായ കാഴ്ചയാണ് പ്രചാരണ രംഗത്ത് കാണാനായത്.
വികസനവും ഗ്യാരന്റിയും ഒക്കെ അട്ടത്തേക്കിട്ട് പച്ചക്ക് വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും എടുത്തിട്ട് അലക്കിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും തുടരുകയുമാണ്. അത് എത്രത്തോളമെന്നുവെച്ചാൽ ഇന്ത്യ സ്വതന്ത്ര രാജ്യമായതിന് ശേഷം ഇത്രക്കും നിന്ദ്യവും നീചവുമായ തരത്തിൽ മുസ്്ലിംകളെ പേരെടുത്ത് പരാമർശിച്ച് അധിക്ഷേപിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായിട്ടു കാണുകയാണ്. അതിന് കുടപിടിച്ച് അഭ്യന്തരമന്ത്രി അമിത്ഷായും മോദിയെ കടത്തിവെട്ടുന്ന തരത്തിലുള്ള ഭീഷണികളുമായി മുന്നിലുണ്ടെന്നതും കാണാതിരുന്നുകൂട.
ജൂഡീഷ്യറിയിൽ നിന്ന് പ്രതീക്ഷാനിർഭരമായ ചില വിധികൾ പുറത്തു വരികയും അതുവഴി അരവിന്ദ് കെജ്്രിവാൾ താത്കാലിക ജാമ്യം നേടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുകയും ചെയ്തതോടെ ബി ജെ പി ക്യാമ്പിൽ അങ്കലാപ്പ് അതിന്റെ പരകോടിയിലെത്തി നിൽക്കുന്നു. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വരെ കെജ്്രിവാളിന്റെ അറസ്റ്റ് ചർച്ചാ വിഷയമാവുകയും ചെയ്തതോർക്കുക.
മുസ്്ലിം വിരോധത്തെ നരേന്ദ്രമോദി ഒരുത്സവം പോലെ ആഘോഷമാക്കിയിട്ടും ധാരാളം ഇന്ത്യൻ വോട്ടർമാർ അധിവസിക്കുന്ന പശ്ചിമേഷ്യയടക്കമുള്ള മുസ്്ലിം ഭരണാധികാരികളിൽ നിന്ന് വലിയ പ്രതികരണങ്ങളൊന്നും കേൾക്കാതിരുന്നത് എന്തുകൊണ്ടെന്നറിയില്ല.
വാഗ്ദാനങ്ങൾ പാലിക്കാത്തതിലും വികസനമെന്നത് ഊതിവീർപ്പിച്ച നുണപ്രചാരണമായിരുന്നു എന്ന് തെളിഞ്ഞതും ഇലക്്ടറൽ ബോണ്ട് തട്ടിപ്പിലൂടെ അഴിമതിയുടെ അപ്പോസ്്തലൻമാരാണ് ഭരണം നിയന്ത്രിക്കുന്നത് എന്ന് തെളിയുക കൂടി ചെയ്തപ്പോഴാണ് മുസ്്ലിം അധിക്ഷേപം എന്ന കച്ചിത്തുരുമ്പിലേക്ക് മോദിയും ഷായും പെട്ടെന്ന് കൂറുമാറിയത്. ഇത്തരം ഫാസിസ്റ്റ് അജൻഡകൾ സെറ്റ് ചെയ്യുന്നതിന് ഇവരുടെ മുൻഗാമികളിൽ നിന്ന് തന്നെയാണിവർക്ക് പ്രചോദനമേകുന്നത്.
വി ഡി സവർക്കറിൽ നിന്നും ഹെഡ്‌ഗേവാറിൽ നിന്നും പഠിച്ച പാഠങ്ങൾ ഈ സന്നിഗ്്ധ ഘട്ടത്തിൽ ഇവർ പരീക്ഷിക്കുന്നു എന്നു മാത്രം. മുസ്്ലിംകളെ ഒഴിച്ചു നിറുത്തിയാൽ മറ്റെല്ലാം സവർക്കർക്ക് ഹിന്ദു ചരിത്രമായിരുന്നു. സവർക്കർ അന്ന് കണ്ടെത്തിയ ന്യായീകരണം “കലയും വാസ്തുവിദ്യയും ഹൈന്ദവം, തൊഴിലാളിയും യജമാനനും ഹൈന്ദവം, നികുതി കൊടുക്കുന്നതും പിരിക്കുന്നതും ഹൈന്ദവം’ ഈ രീതിയിലായിരുന്നു.
1929ൽ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ സി കേൽക്കർ (ഇദ്ദേഹം ഹെഡ്‌ഗേവാറിന്റെ സന്തത സഹചാരി കൂടിയാണ്) നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു. “നിലവിലുള്ള ഇന്ത്യയിൽ മുഹമ്മദീയർക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കളേക്കാൾ വലിയ മുൻഗണന ലഭിക്കുന്നുണ്ടെന്നും അതിനെ മറികടക്കാൻ ഇന്ത്യ എളുപ്പത്തിൽ ഹിന്ദുരാജ്യമായി തീരേണ്ടതുണ്ടെന്നുമായിരുന്നു’ (അവലംഭം: പുസ്തകം, ഹിന്ദുത്വ രാഷ്ടീയത്തിന്റെ കഥ- പി എൻ ഗോപീകൃഷ്ണൻ).
മുസ്്ലിംകൾ പെറ്റുപെരുകുന്നവരും അവർക്ക് മറ്റുള്ളവരുടെ സ്വത്തുക്കൾ തട്ടിയെടുത്ത് ഇന്ത്യാ മുന്നണിക്കാർ വിതരണം ചെയ്യും എന്നൊക്കെയുള്ള കല്ലുവെച്ച നുണകൾ പ്രചരിപ്പിക്കാൻ അവരുടെ താത്വികാചാര്യൻമാരെത്തന്നെയാണ് മോദിയും ഷായും ആശ്രയിക്കുന്നത്.
സീതയെ രാവണൻ തട്ടിക്കൊണ്ടുപോന്നതിനെ ചോദ്യം ചെയ്ത സുഹൃത്തുക്കളോട് രാവണൻ പറഞ്ഞതായി സവർക്കർ ഉദ്ധരിക്കുന്നത് “എന്ത് എതിർക്കൂട്ടത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിനെയും അവരെ ബലാത്സംഗം ചെയ്യുന്നതിനെയും മതവിരുദ്ധം എന്നാണോ നിങ്ങൾകരുതുന്നത്.? അതാണ് പരമധർമം ഏറ്റവും ഉയർന്ന കർമവും.’ ( ഹിന്ദുത്വ രാഷ്ടീയത്തിന്റെ കഥയിൽ )
അതിനർഥം ബ്രാഹ്മണിസത്തിന് പെറ്റുപെരുകാൻവരെ ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കാൻ മടികാണിക്കാത്ത സവർക്കറുടെ പുതിയ ഇന്ത്യൻ പതിപ്പുകളാവുന്നു മോദിയും ഷായും എന്ന് കരുതാവുന്നതേയുള്ളൂ. പിടിവിടുന്നു എന്നുതോന്നുമ്പോൾ അവർ കൈവിട്ട കളികൾ കളിക്കുന്നു എന്നുമാത്രം.
അങ്ങനെയൊരു സാഹചര്യം ഈ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സംജാതമായി എന്നതുതന്നെയാണ് ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് അടിപതറുന്നു എന്ന തോന്നൽ ശക്തമാക്കുന്നതും. ഇനി ഈ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ എൻ ഡി എ സഖ്യം അധികാരത്തിലേറിയാലും ഇല്ലെങ്കിലും ഈ വിഷലിപ്ത പ്രചാരണങ്ങൾ സൃഷ്ടിച്ചതിന്റെ അലയൊലികൾ ഇന്ത്യൻ മണ്ണിൽ വിഷവിത്തുകൾ മുളപ്പിച്ചു കൊണ്ടേയിരിക്കും എന്നതാണ് അതിന്റെ പ്രത്യാഘാതം.
ഇത്രയൊക്കെയായിട്ടും ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞെട്ടൽ ഉളവാക്കുന്ന ഒന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുറ്റകരമായ മൗനം.
ഇപ്പോഴത്തെ മുസ്്ലിം വിരോധം ആളിക്കത്തിച്ചു കൊണ്ടുള്ള വർഗീയ പ്രീണനവും ഏൽക്കില്ലെന്ന് തോന്നി തുടങ്ങിയാൽ ഇ വി എമ്മിൽ കൈവെച്ചു കൊണ്ടെങ്കിലും കാര്യം നേടാൻ മോദിയും സംഘവും ശ്രമിക്കില്ലെന്ന് ആർക്ക് ഉറപ്പ് പറയാനാവും? എല്ലാ അരുതായ്മകൾക്കും മൗന സമ്മതം നൽകി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രതിച്ഛായയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിന്റെ തന്നെ അന്തകനാവുമോ എന്ന സംശയം ബാക്കിയാവുന്നത് തന്നെ അങ്ങേയറ്റം ദൗർഭാഗ്യകരമായി കരുതണം. അതിനുള്ള പ്രതിവിധികൂടി കണ്ടെത്തി ജാഗരൂകരാവൽ ഇപ്പോൾ കുറച്ച് പ്രതീക്ഷ കൈവരിച്ചിരിക്കുന്ന ഇന്ത്യാമുന്നണിയുടെ ശ്രദ്ധയിൽ ഉണ്ടാവേണ്ട ഒന്നാണ്.