Connect with us

First Gear

കുമ്പസാരിച്ച് ഉമ്മന്‍ ചാണ്ടി; പുകഴ്ത്തലുമായി ചെറിയാന്‍ ഫിലിപ്പ്

Published

|

Last Updated

തിരുവനന്തപുരം | വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ ചാണ്ടിയും വേദി പങ്കിട്ടപ്പോള്‍ അത് അഭിപ്രായ ഭിന്നതകള്‍ തീര്‍ക്കുന്നതിനുള്ള അവസരമായി. കേരള സഹൃദയ വേദിയുടെ പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് സ്വീകരിക്കുന്ന ചടങ്ങിലാണ് ഇരുവരും മനസ് തുറന്നത്. ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് വിടേണ്ടി വന്നതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനക്കുള്ള അവസരമായി. 20 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ സമാന ചിന്താഗതിക്കാരായി ഒരു വേദിയില്‍ എത്തുകയാണ്. 2001-ല്‍ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാന്‍ ഫിലിപ്പിനുണ്ടായി. അതോടെ താനും ചെറിയാനും തമ്മിലുള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. എനിക്ക് ചെറിയാനോട് ദേഷ്യമില്ല. എന്റെ ഭാഗത്ത് നിന്നും എന്തോ ഒരു തെറ്റുണ്ടായെന്ന തോന്നലാണ് വന്നത്. ചെറിയാന് ജയിച്ചു വരാന്‍ പറ്റിയ ഒരു സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല. അതു തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. രാഷ്ട്രീയ രംഗത്തെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആണ് ആ സംഭവത്തെ കണ്ടത്. വ്യത്യസ്ത ആശയങ്ങള്‍ വച്ച് മത്സരിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധമായി പോകാന്‍ പാടില്ലല്ലെന്നും ചെറിയാന് പുരസ്‌കാരം നല്‍കി പ്രസംഗിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് ചെറിയാന്‍ ഫിലിപ്പ് വാചാലനായി. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ചെറിയാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷാകര്‍ത്താവാണ്. ആ രക്ഷാകര്‍തൃത്വം ഇനിയും ഉണ്ടാകണം. എം എല്‍ എ ഹോസ്റ്റലിലെ ഉമ്മന്‍ ചാണ്ടിയുടെ മുറിയിലായിരുന്നു എഴുപതുകളില്‍ എന്റെ താമസം. പീഡനങ്ങളുടെയും മര്‍ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോള്‍ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍ പാലോട് രവിയും വേദിയിലുണ്ടായിരുന്നു.