Connect with us

oommen chandy

ഉമ്മൻ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേക്ക് മാറ്റിയേക്കും

രാവിലെ 10.30ന് മെഡിക്കൽ ബോർഡ് യോഗം ചേരും.

Published

|

Last Updated

തിരുവനന്തപുരം | മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നത്. ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കില്‍ മാത്രമാണ് ഇന്ന് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് മാറ്റുക. ഇതിനായി രാവിലെ 10.30ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അതിനിടെ കോൺഗ്രസ് നേതാവ് വി എം സുധീരൻ ഇന്ന് അദ്ദേഹത്തെ സന്ദർശിച്ചു.

ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലെ കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് മാറ്റുന്നത്. എയര്‍ ആംബുലന്‍സിലായിരിക്കും ബെംഗളൂരുവിലേക്കുളള യാത്ര. ഇതിൻ്റെ ചെലവ് കോൺഗ്രസ് വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വമാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം ആരോഗ്യ മന്ത്രി ഇന്നലെ രാവിലെ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.

നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ചു തമ്പിയാണ് മെഡിക്കൽ ബോർഡിന് നേതൃത്വം നൽകുന്നത്. കനത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശേഷം ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. സന്ദർശകർക്ക് കനത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അനുജൻ അലക്സ് വി ചാണ്ടി അടക്കമുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്ത് നൽകിയിരുന്നു.

Latest