Connect with us

Kerala

ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയെ കണ്ട് അതൃപ്തി അറിയിച്ചു; പ്രശ്‌നപരിഹാരമുണ്ടാകും

സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന നിലപാടുകളില്‍ സോണിയാ ഗാന്ധിയെ അതൃപ്തി അറിയിച്ച് ഉമ്മന്‍ചാണ്ടി. പ്രധാനമായും കെപിസിസി പുനഃസംഘടന നിര്‍ത്തിവെക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്.

കൂടിക്കാഴ്ചയില്‍ കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ചായായെന്നും എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കവെക്കാനാകില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഘടനാ പ്രശ്നങ്ങള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാകാം സോണിയാ ഗാന്ധിക്കുമുന്നിലെത്തിയ പരാതികള്‍. അതേസമയം നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ ചില ഫോര്‍മുലകള്‍ പരിഗണിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

ഇതിനിടെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് നിരവധി പരാതികള്‍ നല്‍കിയതായാണ് അറിയുന്നത്. പുന:സംഘടനക്കെതിരായ നീക്കം ഇരുവരുടേയും മക്കള്‍ക്ക് വേണ്ടിയാണെന്നും പരാതിക്കാര്‍ ആരോപിച്ചു.

Latest