Connect with us

puthuppalli

ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം വിശുദ്ധമാക്കിയ ഫലം; വിജിഗീഷുവായി മകന്റെ കണ്ണീര്‍ പ്രണാമം

പുതുപ്പള്ളികണ്ട ഏറ്റവും വലിയ വിജയം നേടി പിതാവിനുള്ള വിലപ്പെട്ട അന്ത്യയാത്രയൊരുക്കിയിരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

Published

|

Last Updated

കോട്ടയം | ഉമ്മന്‍ചാണ്ടിയെന്ന ജനനേതാവിന്റെ നിറസാന്നിധ്യം വിശുദ്ധമാക്കിയ തിരഞ്ഞെടുപ്പു ഫലത്തിന്റെ പുഷ്പഹാരവുമായി മകന്‍ ചാണ്ടി ഉമ്മന്‍ ആ കല്ലറയിലെത്തി. ഭൂരിപക്ഷം 40,000ത്തിനു മുകളില്‍ എത്തുമെന്നുറപ്പിച്ച ശേഷമാണ് പുതിയ താരമായി ഉദിച്ചുയര്‍ന്ന കുഞ്ഞൂഞ്ഞിന്റെ മകന്‍ പിതാവിന്റെ സിവിധത്തിലേക്ക് തിരികെയെത്തിയത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും വേട്ടയാടിയവര്‍ക്ക് അത്യുജ്ജ്വലമായ വിജയത്തിലൂടെ മറുപടി നല്‍കിയതായി കല്ലറയില്‍ മുട്ടുകുത്തി നിന്നു നിറകണ്ണുകളോടെ ആ മകന്‍ പിതാവിനെ അറിയിച്ചു.

പിതാവിന്റെ അന്ത്യയാത്രയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ തീര്‍ത്ത സ്‌നേഹ സാഗരം പുതുപ്പള്ളിയില്‍ ഇന്നും അലയടിക്കുകയാണെന്ന് ആ പുത്രന്‍ പിതാവിന്റെ കാതില്‍ മന്ത്രിച്ചു.  പുതുപ്പള്ളികണ്ട ഏറ്റവും വലിയ വിജയം നേടി പിതാവിനുള്ള വിലപ്പെട്ട അന്ത്യയാത്രയൊരുക്കിയിരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയപ്പോള്‍ മുതല്‍ ആ നേതാവിനെ സ്‌നേഹിച്ചവരുടെ ഹൃദയത്തില്‍ മുറിവേറ്റിരുന്നു. വോട്ടെടുപ്പിന്റെ അന്നുപോലെ ചികിത്സാ വിവാദം ഉയര്‍ന്നപ്പോള്‍ പിതാവിന്റെ ഡയറിക്കുറിപ്പുകളിലാണ് ആ മകന്‍ അഭയം തേടിയത്.

ഒരു പ്രതിസന്ധിയിലും കൈവിടാതെ ഉമ്മന്‍ ചാണ്ടിയോടൊപ്പം 53 വര്‍ഷക്കാലം നിന്ന മണ്ഡലമാണു പിതാവിന്റെ വേര്‍പാടിനു ശേഷം മകനെയും വാരിപ്പുണര്‍ന്നത്. ഇത്രയും കാലം ഒരേ മണ്ഡലത്തിന്റെ പ്രതിനിധിയെന്ന അത്യപൂര്‍വ ചരിത്രം സൃഷ്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കരുത്തായത് അവിടുത്തെ ജനതയുമായി ഉണ്ടായിരുന്ന ഹൃദയബന്ധമായിരുന്നു.

1970 മുതല്‍ തുടര്‍ച്ചയായ 12 ജയം നേടുകയും രണ്ടുവട്ടം മുഖ്യമന്ത്രി പദവിയിലെത്തുകയും ചെയ്ത മണ്ഡലമാണു പിതാവിന്റെ മരണാനന്തരം ജനം മകനു കൈമാറിയിരിക്കുന്നത്. 1970ല്‍ ഇരുപത്തിയേഴാം വയസ്സില്‍ ഉമ്മന്‍ ചാണ്ടി കന്നിയങ്കത്തിലൂടെ കൂടെക്കൂട്ടിയ മണ്ഡലത്തെ നിറയൗവനത്തില്‍ മകനും ഏറ്റുവാങ്ങുന്നു. സി പി എമ്മിലെ ഇ എം ജോര്‍ജിനെ തോല്‍പ്പിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തുടക്കം. ജെയ്ക്ക് സി തോമസിലൂടെ മണ്ഡലം വീണ്ടെടുക്കാമെന്ന സി പി എമ്മിന്റെ കണക്കുകൂട്ടലാണു ചാണ്ടിയുമ്മന്‍ തെറ്റിച്ചിരിക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരാളിയെ കണ്ടെത്തുകയെന്നത് എന്നും ഇടതുപക്ഷത്തിന് തലവേദനയായിരുന്നു. അത്രയേറെ ജനസമ്മിതിയായിരുന്നു പുതുപ്പള്ളിയില്‍ കു്ഞ്ഞൂഞ്ഞിന് ഉണ്ടായിരുന്നത്.

മുമ്പൊരിക്കല്‍ നേരിയ സഹതാപ തരംഗം ഈ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രയോഗിക്കാന്‍ എല്‍ ഡി എഫ് നോക്കിയിരുന്നു. ആ സഹതാപത്തെ മറ്റൊരു സഹതാപം കൊണ്ടു മറികടന്നാണ് 2006ല്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ കൂടെ നിര്‍ത്തിയത്. എസ് എഫ് ഐ പ്രസിഡന്റ് സിന്ധു ജോയ് സഹതാപ തരംഗവുമായി രംഗത്തിറക്കിയെങ്കിലും അവര്‍ 19,563 വോട്ടുകള്‍ക്കാണു പരാജയപ്പെട്ടത്.

പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സ്ഥാനാര്‍ഥിയായിരുന്ന സിന്ധു, വിദ്യാര്‍ഥി സമരത്തിനിടെ പരുക്കേറ്റ കാലുമായി ക്രച്ചസിലായിരുന്നു പ്രചാരണത്തിനെത്തിയത്. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ കാലിനു പരുക്കേറ്റുവെന്നും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കാണെന്നുമായിരുന്നു സിന്ധു ജോയിയുടെ പ്രചാരണം.

ആ തിരഞ്ഞെടുപ്പില്‍ ക്രച്ചസിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും പ്രചരണം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ മഞ്ഞില്‍ തെന്നി വീണ് ഇടുപ്പെല്ലിനു പരുക്കേറ്റതിനാലാണ് ഉമ്മന്‍ ചാണ്ടിയും ക്രച്ചസില്‍ പ്രചാരണം നടത്തിയത്. അങ്ങിനെ ഏതു വെല്ലുവിലികളേയും മറികടന്നു കാത്തമണ്ഡലമാണ് ഇപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ മകനു കൈമാറിയിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയുന്നതിനു കാരണമായെങ്കിലും ഇത്തവണ അതൊരു ഭീഷണിയാവില്ലെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയുണ്ടാവാത്തതിലെ അതൃപ്തി യു ഡി എഫിന് അനുകൂല വോട്ടായി പരിണമിക്കുകയും ചെയ്തു. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും ഇടതുമുന്നണിയാണു ഭരിക്കുന്നതെന്നതായിരുന്നു ഇടതു പ്രതീക്ഷ. ഉമ്മന്‍ചാണ്ടിയോടുള്ള ജനതയുടെ സ്‌നേഹ വായ്പ് എല്ലാ പ്രതീക്ഷകളേയും തള്ളിക്കളഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളാണ് ചാണ്ടി ഉമ്മനുവേണ്ടി വോട്ട് പിടിച്ചത്. മത്സരിക്കുന്നത് ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണിതന്നെ പ്രചാരണ വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിറസാന്നിധ്യം ജനങ്ങള്‍ അനുഭവിച്ചു. അവര്‍ ശങ്കയേതുമില്ലാതെ മകന്‍ ചാണ്ടി ഉമ്മനെ സ്വയം വരിച്ചു.

 

Latest